മലയാള സിനിമാലോകത്തെ നിരവധി പേര്‍ ഒത്തുചേര്‍ന്ന സ്റ്റേജ് പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വെച്ചുനടന്ന ഒരു പരിപാടിക്കിടെയുള്ള വീഡിയോ ആണ് വൈറലായത്.
ബാബുരാജ് സംഗീത അക്കാദമി സ്ഥാപിക്കുന്നതിനായുള്ള ധനസമാഹരണത്തിനായി നടത്തിയ താരസംഗമത്തിന് ഉദ്ഘാടനത്തിനായി എത്തിയത് ഷാരൂഖ് ഖാന്‍ ആയിരുന്നു.
പരിപാടിക്കിടെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ട്രോളിക്കൊണ്ട് ജയറാം സംസാരിക്കുന്ന ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ പൊട്ടിച്ചിരിപ്പിക്കുന്നത്.
സ്റ്റേജിലേക്ക് ജൂഹി ചൗളയെ സ്വാഗതം ചെയ്യുന്ന സമയത്താണ് ജയറാമിന്റെ ട്രോളല്‍. ഹരികൃഷ്ണന്‍സ് ഇറങ്ങിയ സമയത്താണ് ഈ പരിപാടി നടക്കുന്നത്. ആ സിനിമയിലെ കഥാപാത്രങ്ങളെ പോലെ ജൂഹി ചൗളയെ സ്വാഗതം ചെയ്യാനായി ഇരുവരും പരസ്പരം മത്സരിക്കുന്നതിനിടെയാണ് രണ്ടു പേരുടെയും മൈക്ക് പിടിച്ചുവാങ്ങി ജയറാം സംസാരിച്ചത്.
‘നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അവരെ നന്നായിട്ട് അറിയാമെന്ന് എനിക്ക് മാത്രമല്ല, ഈ കൂടിയിരിക്കുന്ന ആള്‍ക്കാര്‍ക്ക് മുഴുവന്‍ അറിയാം. രണ്ട് പേരും പിറകെ നടന്ന് ‘പൊന്നാമ്പല്‍ പുഴയിറമ്പില്‍’ പാടിയതൊക്കെ ഞങ്ങള്‍ കണ്ടതാ. അതുകൊണ്ട് നിങ്ങള്‍ രണ്ട് പേരും വരണ്ട. ഞാന്‍ തന്നെ വിളിക്കാം. ജൂഹി ചൗള,’ ജയറാം പറഞ്ഞു.
വേദിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ നടന്ന മറ്റു സംഭാഷങ്ങളും ഇതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാകുന്നുണ്ട്. ആദ്യം മോഹന്‍ലാല്‍ ഷാരൂഖ് ഖാനെ സ്വാഗതം ചെയ്തു. പിന്നീട് മമ്മൂട്ടി ഷാരൂഖിനെ സ്വാഗതം ചെയ്യുന്നതിനിടെ ഇടയ്ക്ക് മോഹന്‍ലാല്‍ മമ്മൂട്ടിയെ തടസപ്പെടുത്തി.
‘ഇച്ചാക്ക… അദ്ദേഹത്തിന് കൂടി മനസിലാകട്ടെ… ഇംഗ്ലീഷില്‍ പറ’ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇതുകേട്ട് ചിരിച്ച മമ്മൂട്ടി ഷാരൂഖിനെ ഇംഗ്ലീഷില്‍ സ്വാഗതം ചെയ്യുകയും ചെയ്തു.
ഓര്‍ബിറ്റ് വീഡിയോ വിഷന്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Actor Jayaram trolls Mohanlal and Mammootty on a stage show – Viral