| Saturday, 6th January 2024, 1:29 pm

സിനിമയില്‍ ചൂസി ആയിരുന്നില്ലെന്ന് തോന്നിയിരുന്നോ? മറുപടി പറഞ്ഞ് നടന്‍ ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സിനിമകളുടെ തെരഞ്ഞെടുപ്പിനെ കുറിച്ച് പറയുകയാണ് നടന്‍ ജയറാം. സിനിമയുടെ കാര്യത്തില്‍ താന്‍ അത്ര ചൂസി ആയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട് എന്നാണ് താരം പറയുന്നത്. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൊവിഡ് സമയത്ത് താന്‍ എല്ലാം ചര്‍ച്ച ചെയ്തിരുന്നത് ഭാര്യയും മക്കളുമായിട്ടാണെന്നും മലയാളത്തില്‍ സിനിമ ചെയ്യുന്നതില്‍ നിന്ന് ബ്രേക്ക് എടുത്ത് നല്ല പ്രൊജെക്ടിന് വേണ്ടി കാത്തിരിക്കാന്‍ പറഞ്ഞത് തന്റെ മകളും ഭാര്യയുമാണെന്നും ജയറാം പറഞ്ഞിരുന്നു.

ഇത്തരത്തില്‍ കുടുംബം തന്നെ അങ്ങനെ പറയുമ്പോള്‍ സിനിമയുടെ കാര്യത്തില്‍ വേണ്ടത്ര ചൂസി ആയിരുന്നില്ലെന്ന് തോന്നിയിരുന്നോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. മറുപടിയായി അങ്ങനെ തോന്നിയിരുന്നെന്നാണ് താരം പറഞ്ഞത്.

‘തീര്‍ച്ചയായും തോന്നിയിരുന്നു. നമുക്ക് ജീവിക്കാന്‍ വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യമില്ല. പക്ഷേ ഒരു വര്‍ഷത്തില്‍ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തില്‍ ചെയ്യുന്നത് ഒന്നോ രണ്ടോ സിനിമകള്‍ ആണെങ്കില്‍ പോലും അത് ക്വാളിറ്റിയുള്ള സിനിമകളാകണം.

പിന്നെ ആ സിനിമ തിയേറ്ററില്‍ ഓടണോ വേണ്ടയോ എന്നുള്ളത് പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. നമുക്ക് ഒന്നും മുന്‍കൂട്ടി പറയാന്‍ പറ്റില്ല. എന്നാലും കുറച്ച് കൂടെ കോണ്‍ഫിഡന്‍സുള്ള സിനിമകള്‍ ചെയ്യണമെന്ന് തോന്നി. അങ്ങനെയാണ് അബ്രഹാം ഓസ്ലര്‍ എന്ന സിനിമയില്‍ എത്തിയത്,’ ജയറാം പറഞ്ഞു.

അതേസമയം, ജയറാമിന്റേതായി ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് അബ്രഹാം ഓസ്ലര്‍. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തു വന്നത്. ചിത്രത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ജയറാമിന് പുറമെ അനശ്വര രാജനും, അര്‍ജുന്‍ അശോകനും, സൈജു കുറുപ്പും ഒന്നിക്കുന്നുണ്ട്. ഇര്‍ഷാദ് എം. ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ്.


Content Highlight: Actor Jayaram talks About his choice of films

Latest Stories

We use cookies to give you the best possible experience. Learn more