അയ്യോ എനിക്ക് ഇപ്പോള്‍ പടം കുറവാണല്ലോ, പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റിയില്ലല്ലോ, തിയേറ്റര്‍ ഉണ്ടാക്കാന്‍ പറ്റിയില്ലല്ലോ, ഇതൊന്നും എന്റെ ചിന്തയിലില്ല: ജയറാം
Movie Day
അയ്യോ എനിക്ക് ഇപ്പോള്‍ പടം കുറവാണല്ലോ, പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റിയില്ലല്ലോ, തിയേറ്റര്‍ ഉണ്ടാക്കാന്‍ പറ്റിയില്ലല്ലോ, ഇതൊന്നും എന്റെ ചിന്തയിലില്ല: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st September 2022, 3:35 pm

ആഗ്രഹിച്ചതിലും എത്രയോ മുകളിലാണ് ദൈവം തനിക്ക് തന്നതെന്നും അതില്‍ പൂര്‍ണ സംതൃപ്തനാണ് താനെന്നും നടന്‍ ജയറാം. ഒന്നിനെ കുറിച്ച് ആലോചിച്ചും നഷ്ടബോധമില്ലെന്നും ജീവിതത്തില്‍ നൂറ് ശതമാനം ഹാപ്പിയാണെന്നും ജയറാം പറഞ്ഞു. 24 ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു കൈക്കുമ്പിളോളം മാത്രമേ ഞാന്‍ ആഗ്രഹിച്ചിട്ടുള്ളൂ. ദൈവം അതിന്റെ ആയിരം ഇരട്ടി എനിക്ക് തന്നു. അതുകൊണ്ട് തന്നെ തിരിഞ്ഞുനോക്കി അയ്യോ എനിക്ക് പടം ഇല്ലല്ലോ, പടം കുറവാണല്ലോ, അതില്ലല്ലോ, ഇതില്ലല്ലോ, എനിക്ക് പ്രൊഡ്യൂസ് ചെയ്യാന്‍ പറ്റിയില്ലല്ലോ, തിയേറ്റര്‍ ഉണ്ടാക്കാന്‍ പറ്റിയില്ലല്ലോ അങ്ങനെ ഒന്നും തോന്നിയിട്ടില്ല. എനിക്ക് അങ്ങനത്തെ ഒരു വിഷമവും ഇല്ല.

ഞാനെന്റെ ജീവിതത്തില്‍ നൂറ്റമ്പത് ശതമാനം ഹാപ്പിയാണ്. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ പോയാല്‍ തന്നെ പുറമെ പോവുകയോ സിനിമയ്ക്ക് അകത്തെ ഒരുപാട് സുഹൃക്കള്‍ക്കൊപ്പം കറങ്ങാന്‍ പോവുകയോ ഒന്നുമില്ല. ഞാന്‍ ആകെ വീടിനകം, കുടുംബം അങ്ങനെ ജീവിക്കുന്ന ആളാണ്. മക്കള്‍ തന്നെ പറയാറുണ്ട് വന്നുകഴിഞ്ഞാല്‍ പിന്നെ ഇതിനകത്ത് തന്നെ ഇരിക്കുമെന്ന്. വാ പുറത്തേക്ക് പോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകാറാണ്, ജയറാം പറഞ്ഞു.

താന്‍ അഭിനയിച്ച് വിജയിച്ച ചിത്രങ്ങളില്‍ തന്റെ കോണ്‍ട്രിബ്യൂഷന്‍ വളരെ കുറവാണെന്നും ചുറ്റും നിന്ന് തന്നെ നൂറ് ശതമാനത്തിലേക്ക് ആക്കിയെടുത്ത കുറേ മനുഷ്യരുണ്ടെന്നും ആ കാലഘട്ടത്തിലൂടെ പോകാന്‍ സാധിച്ചതും അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതുമാണ് ജീവിതത്തിലെ ഏറ്റവും പുണ്യമെന്നും ജയറാം പറഞ്ഞു

സിനിമയില്‍ ചില സീനുകള്‍ ചെയ്യുമ്പോള്‍ കരഞ്ഞിട്ടുണ്ട്. വളരെ സെന്‍സിറ്റീവാണ് ഞാന്‍. ഇമോഷണലായ രംഗങ്ങള്‍ വരുമ്പോള്‍ അത് ഞാന്‍ യഥാര്‍ത്ഥ ജീവിതമായി സങ്കല്‍പ്പിക്കും. എന്റെ പ്രിയപ്പെട്ടവരാണ് അവരെന്ന് കരുതും. ഞാന്‍ ഒരു തിയേറ്ററിലൊക്കെ പോയാല്‍ പ്രശ്‌നമാണ്. വല്ല കോമഡിയും കേട്ട് കഴിഞ്ഞാല്‍ ഞാന്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും. കരയേണ്ട സീനുകള്‍ കണ്ടാല്‍ കരയും.

എന്റെ വീട് അപ്പൂന്റേം എന്ന സിനിമ ഇതുവരെ ഞാന്‍ മുഴുവന്‍ കണ്ടിട്ടില്ല. വല്ലാത്തൊരു വേദനയാണ്. ഞാന്‍ ആ സമയത്ത് സിബി മലയിലിനോട് പറയുമായിരുന്നു, തിയേറ്ററിലേക്ക് കയറുന്ന എല്ലാവര്‍ക്കും ഓരോ കര്‍ച്ചീഫ് കൂടി കൊടുത്തുവിടണമെന്ന്. ഇപ്പോഴും ടിവിയില്‍ വരികയാണെങ്കില്‍ ഞാന്‍ അശ്വതിയോട് ശബ്ദം കുറച്ച് വെക്കാന്‍ പറയും, ജയറാം പറയുന്നു.

Content Highlight: Actor jayaram Shares his Movie Journey