Entertainment news
ഉര്‍വശി, അതൊരു വേറെ ജന്മം തന്നെയാണ്; ഒരുമിച്ച് എത്ര അഭിനയിച്ചാലും മതിയാവില്ല: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Apr 10, 01:41 pm
Sunday, 10th April 2022, 7:11 pm

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. ഒട്ടേറെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്നായിരുന്നു ജയറാമെന്ന താരത്തിന്റെ വളര്‍ച്ച.

സ്‌കൂള്‍- കോളേജ് പഠനകാലത്ത് തന്നെ മിമിക്രി വേദികളില്‍ സജീവമായിരുന്ന ജയറാം കൊച്ചിന്‍ കലാഭവന്റെ പ്രധാന മിമിക്രി താരങ്ങളിലൊരാളായാണ് പ്രസിദ്ധി നേടുന്നത്. കലാഭവനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുമ്പോള്‍ സംവിധായകന്‍ പത്മരാജന്‍ തന്റെ സിനിമയിലേക്ക് ജയറാമിനെ നായകനായിത്തെരഞ്ഞെടുത്തു. 1988ല്‍ പുറത്തിറങ്ങിയ ‘അപരന്‍’ എന്ന പത്മരാജന്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് ജയറാം കടന്നു വരുന്നത്.

തുടര്‍ന്ന് പത്മരാജന്റെ തന്നെ മികച്ച സിനിമകളായ ‘മൂന്നാം പക്കം’, ‘ഇന്നലെ’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ വളരെ ശ്രദ്ധേയമായി അവതരിപ്പിക്കാന്‍ ജയറാമിനായി. പിന്നീട് സംവിധായകന്‍ രാജസേനനുമൊത്തുള്ള ചിത്രങ്ങളാണ് ജയറാമിന്റെ കരിയര്‍ ഗ്രാഫ് ഏറെ മുകളിലേക്കുയര്‍ത്തിയത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടുമൊത്തും ഏറെ കുടുംബ ചിത്രങ്ങള്‍ ഹിറ്റുകളാക്കി മാറ്റി.

ഇപ്പോഴിതാ ജയറാം തന്റെ പഴയ സിനിമയിലെ നായികമാരെ കുറിച്ച് സംസാരിക്കുകയാണ്. ജെ.ബി ജംഗ്ഷനിലാണ് താരം മനസുതുറക്കുന്നത്.

ശോഭന, ഉര്‍വശി, പാര്‍വതി, മഞ്ജു വാര്യര്‍, സംയുക്ത വര്‍മ ഇവരില്‍ ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് ഒരാളെ താന്‍ നേരത്തെ എടുത്തല്ലൊ എന്നായിരുന്നു ജയറാമിന്റെ മറുപടി.

‘പിന്നെ പറയുകയാണെങ്കില്‍ എല്ലാവരും നല്ല നടിമാരാണ്. പക്ഷേ അതിനെക്കാളും ഉപരി എടുത്ത് പറയുകയാണെങ്കില്‍ അത് ഉര്‍വശിയാണ്. അതൊരു വേറെ ജന്മം തന്നെയാണ്. എത്രയോ സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എത്ര അഭിനയിച്ചാലും മതിയാവില്ല. പാര്‍വതിയോട് ഇതേ ചോദ്യം ചോദിക്കുകയാണെങ്കില്‍ ഉര്‍വശി എന്നായിരിക്കും പറയുക. നടന്മാരെ കുറിച്ചാണെങ്കില്‍ മമ്മൂക്ക എന്ന് പറഞ്ഞേക്കും,’ ജയറാം പറയുന്നു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘മകള്‍’ എന്ന ചിത്രമാണ് ജയറാമിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. മീരാ ജാസ്മിന്‍ അഞ്ചുവര്‍ഷത്തെ ഇടവേളക്ക് സിനിമയില്‍ സജീവമാകുന്നുവെന്നൊരു പ്രത്യേകത കൂടി മകള്‍ക്കുണ്ട്.

Content Highlights: Actor Jayaram says about Actress Urvashi