മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. അപ്രതീക്ഷിത ക്ലൈമാക്സാണ് ചിത്രത്തില്‍ ഒരുക്കി വെച്ചിരിക്കുന്നതെന്നാണ് കണ്ടവര്‍ പറയുന്നത്. ആഴ്‌വാര്‍ക്കടിയാന്‍ നമ്പി എന്ന കഥാപാത്രമായി ജയറാമും ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
സിനിമയുടെ ഓഡിയോ ലോഞ്ചിന് താരങ്ങളെല്ലാം കേരളത്തില്‍ എത്തിയിരുന്നു. വേദിയില്‍ വെച്ച് ജയറാം മണിരത്‌നത്തെ അനുകരിച്ചിരുന്നു. ഇത് കണ്ടിട്ട് ഐശ്വര്യ റായ് ഓടി വന്ന് തന്നെ അഭിനന്ദിച്ച അനുഭവം ബിഹൈന്‍ഡ് വുഡ്‌സ് ഐസിനോട് പങ്കുവെക്കുകയാണ് ജയറാം.
‘ഓരോ ഷോട്ടും മണിരത്‌നം സാര്‍ എടുക്കുന്നത് ഞാന്‍ ഇങ്ങനെ നോക്കിയിരിക്കുമായിരുന്നു. അദ്ദേഹത്തെ ഞാന്‍ ഓഡിയോ ലോഞ്ചിന് അനുകരിച്ചിരുന്നു. അതുകണ്ട് ഐശ്വര്യ റായ് എന്റെ അടുത്തേക്ക് വന്നു.
അവരെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ലായിരുന്നു. ബാക്കി എല്ലാവരെയും മുമ്പേ തന്നെ കാണുകയും പരിചയപ്പെടുകയും ചെയ്തതാണ്. തിരിച്ച് വീണ്ടും സ്റ്റേജിലേക്ക് കയറിയപ്പോഴാണ് ഐശ്വര്യ ഓടി വന്നത്.
ജയറാം എക്‌സലന്റ് എന്നും പറഞ്ഞ് അവര്‍ എന്നെ കുറേ അഭിനന്ദിച്ചു. വളരെ നന്നായിരുന്നു എന്നെല്ലാമെന്നോട് പറഞ്ഞു. അതെനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റായി തോന്നി,” ജയറാം പറഞ്ഞു.
നേരത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് ജയറാമും ജയന്‍ രവിയും കാര്‍ത്തിക്കും ഒരുമിച്ചെത്തിയിരുന്നു. എല്ലാവര്‍ക്കും കഥാപാത്രത്തിനായി വയര്‍ കുറയ്ക്കണം പക്ഷേ ജയറാമിന് വയര്‍ കൂട്ടേണ്ട അവസ്ഥയാണെന്ന് ജയം രവി പറഞ്ഞിരുന്നു.
‘ആദ്യദിവസം ജയറാം സാറിനെ കാണുമ്പോള്‍ നന്നായി ഭാരം കൂട്ടി മൊട്ടയടിച്ചാണ് വന്നിരിക്കുന്നത്. വെയ്റ്റ് കൂട്ടണം, ബിയറടിച്ചിട്ടാണ് ഇരിക്കുന്നതെന്ന് ജയറാം സാര്‍ പറഞ്ഞു. കാരണം മണി സാര്‍ വരുമ്പോഴെല്ലാം കണ്ണല്ല ജയറാം സാറിന്റെ വയറാണ് നോക്കുന്നത്,’ കാര്‍ത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.
നമുക്ക് വയര്‍ കുറയണം, പക്ഷേ ജയറാം സാറിന് വയര്‍ കൂട്ടേണ്ട അവസ്ഥയാണെന്നും ജയം രവി കൂട്ടിച്ചേര്‍ത്തു. ‘മണി സാര്‍ നമ്മളോട് സംസാരിക്കുമ്പോള്‍ രവി ഈ സീന്‍ ഇങ്ങനെ ചെയ്യണം അത് അങ്ങനെ ചെയ്യണം, ഇതെന്താ ഈ കാണിക്കുന്നതെന്നൊക്കെ പറയും. പക്ഷേ ജയറാം സാര്‍ വരുമ്പോള്‍ സാര്‍ അത് അത് എന്ന് പറഞ്ഞ് പരുങ്ങും. ഒന്നും പറയാന്‍ പറ്റില്ല. അങ്ങനെ ചെയ്യുമോ സാര്‍ എന്ന് ചോദിക്കും. അത്രയേ ഉള്ളൂ,’ ജയം രവി പറഞ്ഞു.
125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുക. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
Content Highlight: Actor Jayaram recounted the experience of Aishwarya Rai running up and appreciating him