തൃഷയുടെ ഭംഗി ഞാന്‍ ഇങ്ങനെ നോക്കിയിരിക്കുകയാണ്; ഒരുപാട് നേരം നോക്കുന്നത് കണ്ട് അവര്‍ തെറ്റായി വിചാരിച്ചാലോ എന്ന് കരുതി അടുത്തു ചെന്ന് കാര്യം പറഞ്ഞു: ജയറാം
സിനിമാപ്രക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വന്‍ റിലീസ് ചെയ്തിരിക്കുകയാണ്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ടാം ഭാഗത്തിന് പ്രതീക്ഷ ഉയര്‍ത്തുന്ന അപ്രതീക്ഷിത ക്ലൈമാക്സാണ് ചിത്രത്തില്‍ ഒരുക്കി വെച്ചിരിക്കുന്നതെന്നാണ് കണ്ടവര്‍ പറയുന്നത്.
മലയാളി താരങ്ങളായ ജയറാമും ഐശ്വര്യ ലക്ഷ്മിയും തങ്ങളുടെ റോളുകള്‍ ഗംഭീരമാക്കിയെന്നും പ്രേക്ഷകര്‍ പറഞ്ഞു. ആഴ്‌വാര്‍ക്കടിയാന്‍ നമ്പി എന്നാണ് ജയറാമിന്റെ കഥാപാത്രത്തിന്റെ പേര്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് അദ്ദേഹം സിനിമയില്‍ എത്തിയിരിക്കുന്നത്.
മണിരത്‌നത്തിന്റെ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയില്‍ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത താരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.
കുന്തവി ദേവിയെന്ന കഥാപാത്രമായെത്തിയ തൃഷ അവരുടെ വേഷത്തില്‍ വളരെ സുന്ദരിയായിരുന്നുവെന്നും ദീര്‍ഘനേരം താന്‍ അവരെ തന്നെ നോക്കി നില്‍ക്കുമ്പോള്‍ അവര്‍ തെറ്റിദ്ധരിക്കുമെന്ന് കരുതി അവരോട് ചെന്ന് സംസാരിച്ചതിനേക്കുറിച്ചും ബിഹൈന്‍ഡ് വുഡ്‌സ് ഐസിനോട് ജയറാം പറഞ്ഞു.
”കുന്തവി ദേവിയെന്ന കഥാപാത്രത്തെയാണ് തൃഷ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുന്ദരചോളന്റെ കൊട്ടാരത്തിലെ സീന്‍ എടുക്കുമ്പോള്‍ കുന്തവി ദേവി സിംഹാസനത്തില്‍ ഇരിക്കുന്നുണ്ട്. ഞാന്‍ സൈഡില്‍ ഇരുന്ന് കുറേ നേരം അവരുടെ സൗന്ദര്യം ആസ്വദിച്ചിരുന്നു.
ഭംഗി നമ്മളെന്തായാലും ആസ്വദിക്കുമല്ലോ, ആണിന്റെയും പെണ്ണിന്റെയും പ്രകൃതിയുടെയും ഭംഗി നമ്മളെല്ലാവരും ആസ്വദിക്കും. ഒരുപാട് നേരം നോക്കുന്നത് കണ്ടിട്ട് തൃഷ തെറ്റായി വിചാരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ ഞാന്‍ അവരുടെ അടുത്ത് ചെന്ന് നല്ല ഭംഗിയായിരിക്കുന്നു, അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ നോക്കിയിരിക്കുന്നതെന്ന് പറഞ്ഞു. അതുകൊണ്ടാണ് ഇങ്ങനെ കുറേ നേരം നോക്കിയിരിക്കുന്നത് വേറെയൊന്നും വിചാരിക്കല്ലെയെന്ന് ഇടയ്ക്കിടയ്ക്ക് ഞാന്‍ ഇതുപോലെ പറയും. ആ കഥാപാത്രത്തിന് അവര്‍ അത്രയും ആപ്റ്റായിരുന്നു.
അതുപോലെ ജയം രവി കാരവാനില്‍ നിന്നും കിരീടവും കോസ്റ്റിയൂമും ധരിച്ച് ഇറങ്ങി വരുമ്പോള്‍ കാണാന്‍ എന്ത് ഭംഗിയാണെന്നോ. ഞാന്‍ അടുത്ത് ചെന്ന് കണ്ണ് തട്ടാതെ പോകട്ടെയെന്ന് പറയും. അത്രയും പെര്‍ഫക്ടായാണ് ഓരോരുത്തരെയും കാസ്റ്റ് ചെയ്തത്,” ജയറാം പറഞ്ഞു.
ചിത്രത്തിലെ എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഐശ്വര്യ റായ്-തൃഷ കോമ്പിനേഷന്‍ രംഗങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായി. പ്രത്യേകിച്ച് തൃഷയുടെ സ്‌ക്രീന്‍ പ്രെസന്‍സ് പല പ്രേക്ഷകരും എടുത്തുപറയുന്നുണ്ട്. വിക്രം, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.
125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയേറ്റര്‍ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ്ങ് ആരംഭിക്കുക. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.
തോട്ട ധരണിയും വാസിം ഖാനും ചേര്‍ന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകര്‍ പ്രസാദ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷന്‍ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം. ആനന്ദ് കൃഷ്ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. ഏക ലഖാനി വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു.
Content Highlight: Actor Jayaram praised Trisha’s beauty in the movie Ponniyin Selvan