| Wednesday, 27th April 2022, 3:32 pm

അന്ന് അച്ഛന്‍ അമ്മയുടെ മുന്‍പില്‍ തൊഴുതുനിന്നതല്ലേ, എത്ര മണിക്കൂറാ അമ്മേ നിന്നത് എന്ന് മക്കള്‍ ചോദിക്കും, ഇതായിരിക്കും അവളുടെ മറുപടി: പ്രണയകാലത്തെ കുറിച്ച് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് ജയറാം. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മകള്‍ എന്ന ചിത്രത്തിലൂടെയാണ് ജയറാം വീണ്ടും മലയാളത്തിലെത്തുന്നത്.

പാര്‍വതിയുമായുള്ള പ്രണയത്തെ കുറിച്ചും സിനിമയിലേക്കുള്ള തന്റെ കടന്നുവരവിനെ കുറിച്ചുമൊക്കെ മനസുതുറക്കുകയാണ് ജയറാം. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പഴയകാല സിനിമ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

സിനിമയില്‍ ചാന്‍സ് ചോദിച്ച് ഒരുകാലത്തും തനിക്ക് നടക്കേണ്ടി വന്നിട്ടില്ലെന്നും മനസുനിറയെ സിനിമയോടുള്ള ഇഷ്ടം കൊണ്ടുനടന്ന തന്നെ തേടി സിനിമ എത്തുകയായിരുന്നെന്നും ജയറാം പറയുന്നു. പത്മരാജന്‍ സാറിനെപ്പോലെയുള്ളവരുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമാകാന്‍ സാധിച്ചത് കരിയറിലെ വലിയ ഭാഗ്യമായിരുന്നെന്നും ജയറാം പറയുന്നു. ഒപ്പം പാര്‍വതിയെ ആദ്യമായി കണ്ടതിനെ കുറിച്ചും ജയറാം പറയുന്നുണ്ട്.

പത്മരാജന്‍ സാറിന്റെ സിനിമയിലാണ് ഞാനും പാര്‍വതിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അതിന് മുന്‍പ് വിവാഹിതരേ ഇതിലേ ഇതിലേ എന്ന സിനിമ ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചിട്ടുണ്ട് എന്ത് ഭംഗിയുള്ള കണ്ണാണ് എന്ത് സുന്ദരിയാണ് എന്നൊക്കെ.

അങ്ങനെ പത്മരാജന്‍ സാറിന്റെ അടുത്ത പടമെത്തി. അങ്ങനെ അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോള്‍ സിനിമയില്‍ നിന്റെ അച്ഛനായി അഭിനയിക്കുന്നത് മധു സാറാണ്. അമ്മയായി സുകുമാരി ചേച്ചിയാണ്. പെയര്‍ ആയിട്ട് ശോഭനയാണ് വരുന്നത്. സഹോദരിയായിട്ട് അഭിനയിക്കുന്നത് പാര്‍വതിയാണെന്ന് അദ്ദേഹം പറഞ്ഞു.

ആഹാ എന്നൊരു തോന്നല്‍ മനസിലുണ്ടായി. അങ്ങനെ ഞങ്ങള്‍ ആദ്യമായി കാണുന്നത് 1988 ഫെബ്രുവരിയിലാണ്. ആലപ്പുഴയിലെ ഉദയ സ്റ്റുഡിയോയില്‍ ഞാന്‍ ഇരിക്കുമ്പോള്‍ പാര്‍വതി വന്നിട്ടുണ്ട് എന്ന് അവിടെ ആരോ പറഞ്ഞു. അപ്പോള്‍ കാണാന്‍ വേണ്ടി ഞാന്‍ ഇങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ സുകുമാരിച്ചേച്ചിയും പാര്‍വതിയും കൂടി നടന്നുവരികയാണ്.

അപ്പോള്‍ ഞാന്‍ ചാടി എഴുന്നേറ്റ് തൊഴുത് ഇങ്ങനെ നിന്നു. ഇരിക്കൂ ഇരിക്കൂ എന്ന് പറഞ്ഞ് അവര്‍ രണ്ട് പേരും ഇരുന്നു. ഞാന്‍ മിമിക്രിയുടെ കാസറ്റ് കേട്ടിട്ടുണ്ടെന്ന് പാര്‍വതി എന്നോട് പറഞ്ഞു. സുകുമാരി ചേച്ചി ഇരിക്കാന്‍ വീണ്ടും പറഞ്ഞിട്ടും ഞാന്‍ ഇരുന്നില്ല.

എന്റെ മക്കള്‍ ഇപ്പോഴും എന്നെ കളിയാക്കും, അമ്മയുടെ മുന്‍പില്‍ തൊഴുത് നിന്ന ആളല്ലേ അപ്പാ എന്ന്. എത്ര നേരം നിന്നിട്ടുണ്ട് അമ്മാ എന്ന് അവര്‍ ചോദിക്കും. ഒരു മണിക്കൂറോളം അവിടെ തൊഴുത് നിന്നെന്ന് അവളും പറയും. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതൊക്കെ ഒരു സന്തോഷം.

അന്നത്തെ കാലത്ത് മൊബൈലോ വാട്‌സ് ആപ്പോ ഇല്ല. കത്തെഴുതണം. അല്ലെങ്കില്‍ ലാന്‍ഡ്‌ഫോണില്‍ വിളിക്കണം. ഒറ്റപ്പാലത്ത് ലൊക്കേഷനാവുമ്പോള്‍ അവിടെ ചെറുതുരുത്തി ജങ്ഷനില്‍ ഉള്ള പബ്ലിക് ബൂത്തില്‍ ഫോണ്‍ ചെയ്യാനായി ഞാന്‍ പോകുമ്പോഴേ എല്ലാവര്‍ക്കും അറിയാം പാര്‍വതിയെ വിളിക്കാനാണെന്ന് ഞാന്‍ തിരിച്ചിറങ്ങുമ്പോള്‍ ഇവരൊക്കെ എന്നെ നോക്കും. പിന്നീടാണ് ഇതൊക്കെ മനസിലായത്.

അതുപോലെ തലയണമന്ത്രം സിനിമയുടെ സെറ്റില്‍ വെച്ച് ശ്രീനിയേട്ടനാണ് ഞാനും പാര്‍വതിയും തമ്മില്‍ പ്രണയമുണ്ടെന്ന കാര്യം കണ്ടുപിടിക്കുന്നത്. ഇങ്ങനെ ഒരു ന്യൂസ് കേള്‍ക്കുന്നുണ്ട്. അത് എങ്ങനെ കണ്ടുപിടിക്കുമെന്ന് സത്യന്‍ അന്തിക്കാട് ചോദിച്ചു. വഴിയുണ്ടെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

രണ്ട് പേര്‍ക്കും ഇപ്പോള്‍ സീനില്ലേ ഞാന്‍ ഇപ്പോള്‍ കണ്ടുപിടിച്ചു തരാം എന്ന് ശ്രീനിവാസന്‍ പറഞ്ഞു. അങ്ങനെ ഞാന്‍ അവിടേക്ക് വന്ന് എല്ലാവരോടും സംസാരിച്ച ശേഷം മുറിയിലേക്ക് പോയി. ഉടന്‍ തന്നെ ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാടിനോട് സംഗതി ഉള്ളതാണെന്ന് പറഞ്ഞു.

ഇതെങ്ങനെ കണ്ടുപിടിച്ചെന്ന് ഞാന്‍ പിന്നീട് ചോദിച്ചപ്പോള്‍ സത്യന്‍ അന്തിക്കാടും ഉര്‍വശിയും പാര്‍വതിയും ഞാനും എല്ലാവരും ഇരിക്കുമ്പോഴാണ് നീ വന്നത്. ഞങ്ങളുടെ എല്ലാവരുടേയും അടുത്ത് നീ സംസാരിച്ചു. പാര്‍വതിയെ നോക്കുക പോലും ചെയ്തില്ല. അപ്പോള്‍ തന്നെ ഞാന്‍ അത് ഉറപ്പിച്ചു എന്നായിരുന്നു ശ്രീനിയേട്ടന്റെ മറുപടി(ചിരി), ജയറാം പറഞ്ഞു.

Content Highlight: Actor Jayaram abouy Parvathy and his love

We use cookies to give you the best possible experience. Learn more