സമ്മര്‍ ഇന്‍ ബത്‌ലഹേം ഷൂട്ടിനിടെ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ച് നടന്‍ ജയറാം. സുരേഷ് ഗോപി ആദ്യമായി വാങ്ങിയ ഡിജിറ്റല്‍ ക്യാമറയുമായി കാട്ടിലേക്ക് ഫോട്ടോയെടുക്കാന്‍ പോയ കഥയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജയറാം പങ്കുവെച്ചത്.
‘സമ്മര്‍ ഇന്‍ ബത്‌ലഹേം ഷൂട്ട് നടക്കുകയാണ്. സുരേഷ് ഗോപി അന്ന് പുതിയ ക്യാമറ വാങ്ങിച്ച സമയമാണ്. എല്ലാവരും ഇങ്ങനെ ആകാംക്ഷയോടെ നോക്കി നില്‍ക്കുകയാണ്. ഡിജിറ്റല്‍ ക്യാമറയാണ്. അന്ന് ഈ ഫിലിം ഇടുന്ന ക്യാമറ അല്ലേ ഉണ്ടായിരുന്നത്. ഇതെങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം എന്ന് ഞാന്‍ ചോദിച്ചു.
ഇതിലൊരു ഇന്‍ഫ്രാറെഡ് ഉണ്ട്. അത് പോകണം. അത് പോയി തിരിച്ചുവന്നിട്ട് നമ്മളോട് പറയും എടുക്കാമെന്ന്. അപ്പോള്‍ മാത്രമേ നമ്മള്‍ എടുക്കാവൂവെന്ന് അവന്‍ പറഞ്ഞു.
എനിക്ക് ഈ വൈല്‍ഡ് ലൈഫ് ഭയങ്കര ഇഷ്ടമാണ്. ഊട്ടിയിലൊക്കെ പോകുമ്പോള്‍ അവിടുത്തെ ഫോറസ്റ്റ് റെയ്‌ഞ്ചേഴ്‌സിലൊക്കെ എനിക്ക് പരിചയക്കാരുണ്ട്. ഷൂട്ടിനിടെ ഒഴിവ് സമയം കിട്ടിയപ്പോള്‍ നമുക്ക് ചുമ്മാ ഒരു ഡ്രൈവ് പോകാം എന്ന് ഞാന്‍ സുരേഷിനോട് ചോദിച്ചു. നീയെന്നെ വലിയ കാട്ടിലൊന്നും കൊണ്ടുപോകരുത് എന്നായി അവന്‍.
അങ്ങനെ ഈ ജീപ്പിന്റെ മുകളിലുള്ള കാന്‍വാസ് ഷീറ്റൊക്കെ എടുത്തുമാറ്റി ഞങ്ങള്‍ പോകുകയാണ്. അങ്ങനെ ഞങ്ങള്‍ ഒരു പ്ലെയിന്‍ ലാന്റിലെത്തി. വൈകീട്ടാണ്. നല്ല സണ്‍ ലൈറ്റുണ്ട്. ഗോള്‍ഡന്‍ ലൈറ്റ് എന്ന് പറയും. ഒരു ക്യാമറാമാന് ഏറ്റവും നല്ല ലൈറ്റ് കിട്ടുന്ന സമയമാണ്.
ഞാന്‍ നോക്കുമ്പോള്‍ പുള്ളിമാനുകള്‍ ഇങ്ങനെ കൂട്ടമായിട്ട് പോകുന്നു. സുരേഷേ എടുക്ക് എടുക്ക് നല്ല ഭംഗി എന്ന് ഞാന്‍ പറഞ്ഞു. സുരേഷാണെങ്കില്‍ ഇത് എടുക്കാതെ ക്യാമറ ഇങ്ങനെ വെച്ച് നില്‍ക്കുകയാണ്.
എടുക്ക്, വേഗം എടുക്ക് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, എടാ നീ അങ്ങനെ പറഞ്ഞാല്‍ ഇന്‍ഫ്രാറെഡ് പോകണം. എന്നിട്ട് ആ മാനിന്റെ അടുത്ത് ചോദിച്ച് അതിന്റെ മേല്‍ തട്ടി അതില്‍ നിന്ന് അത് തിരിച്ചുവരണം. എന്നിട്ട് അത് എനിക്ക് ഇവിടെ സിഗ്നല്‍ തരും എന്ന് പറഞ്ഞു. ലാസ്റ്റ് ഇന്‍ഫ്രാറെഡൊക്കെ വന്ന് കഴിഞ്ഞപ്പോള്‍ അവന്‍ ക്ലിക്ക് ചെയ്തു.
പിന്നെ നോക്കുമ്പോള്‍ ഉണ്ട് ഒരു കാട്ടുപോത്ത് ഇങ്ങനെ നില്‍ക്കുകയാണ്, സുരേഷേ എടുക്ക് എടുക്ക്, ഇങ്ങനെ പിന്നെ കിട്ടില്ല എന്ന് ഞാന്‍. എടാ ഇന്‍ഫ്രാറെഡ്….നിന്റെയൊരു ഇന്‍ഫ്രാറെഡ്..പണ്ടാരടങ്ങാനായിട്ട്. അങ്ങനെ ഇന്‍ഫ്രാറെഡ് പോയി കാട്ടുപോത്തിന്റെ അടുത്ത് പെര്‍മിഷന്‍ ചോദിച്ച് തിരിച്ചു വന്നപ്പോള്‍ ക്ലിക്ക് ചെയ്തു.
അങ്ങനെ ഇതൊക്കെ കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചുവന്നു. ഞാന്‍ വിചാരിച്ചു ഉഗ്രന്‍ ഫോട്ടോസ് കിട്ടിയിട്ടുണ്ടാകുമെന്ന്. അങ്ങനെ അടുത്ത ദിവസം സിബിയും ബാക്കിയെല്ലാവരും സെറ്റിലുള്ള സമയത്ത് കാട്ടില്‍ പോയ വീരകഥകളൊക്കെ ഞാന്‍ പറഞ്ഞു. അപ്പോഴാണ് ക്യാമറയുമായി ഇവന്‍ വന്നത്. അങ്ങനെ എല്ലാവരും ഫോട്ടോ കാണാനായി നില്‍ക്കുകയാണ്. ആദ്യം ആ മാനിന്റെത് കാണിക്ക് എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ മാനിന്റെ വാല്. കാട്ടുപോത്തിന്റെ കിണുതാപ്പ് (ചിരി) ഇതൊക്കെയാണ് കിട്ടിയത്. എന്ത് പറയാനാണ്, ജയറാം പറഞ്ഞുനിര്‍ത്തി.
Content Highlight: Actor Jayaram about Suresh Gopi and his Illeogical comment on Digital camera