പാര്‍വതി ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ; നല്ല കഥയുമായി ആരെങ്കിലും വന്നാല്‍ സിനിമയിലേക്ക് തിരിച്ചുവരും: ജയറാം
Malayalam Cinema
പാര്‍വതി ഇനി അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ; നല്ല കഥയുമായി ആരെങ്കിലും വന്നാല്‍ സിനിമയിലേക്ക് തിരിച്ചുവരും: ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th September 2021, 10:22 am

പാര്‍വതിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സൂചന നല്‍കി നടനും ഭര്‍ത്താവുമായ ജയറാം. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജയറാം മനസുതുറന്നത്.

എന്നാണ് ഇനി മലയാളികള്‍ക്ക് ജയറാമും പാര്‍വതിയും ഒന്നിക്കുന്ന ഒരു സിനിമ കാണാന്‍ സാധിക്കുക എന്ന ചോദ്യത്തിന് അത് താന്‍ എങ്ങനെയാണ് പറയുകയെന്നും അങ്ങനെയൊരു നല്ല കഥയുമായി ആരെങ്കിലും വരട്ടെ, തീര്‍ച്ചയായും നോക്കാമെന്നായിരുന്നു ജയറാമിന്റെ മറുപടി.

പാര്‍വതി അപ്പോള്‍ സിനിമയിലേക്ക് തിരികെ എത്തുമോ എന്ന ചോദ്യത്തിന്, ‘അതിനെന്താണ് പാര്‍വതി ഇനി അഭിനയിക്കില്ല എന്ന് പറഞ്ഞിട്ടേയില്ലല്ലോ’ എന്നായിരുന്നു ജയറാമിന്റെ മറുപടി.

ജയറാം-പാര്‍വതി-കാളിദാസ് കോംമ്പോ കാണാന്‍ സിനിമാ ആരാധകര്‍ക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് അത് അറിയില്ലെന്നും അങ്ങനെ ഒരു കഥയുമായി ഇതുവരെ ആരും എത്തിയിട്ടില്ലെന്നുമായിരുന്നു ജയറാം പറഞ്ഞത്.

സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും വളരെ കൂളായി ഇരിക്കുന്ന ആളാണോ ജയറാം എന്ന ചോദ്യത്തിന് നമ്മുടെ പ്രസന്‍സ് ഒരാളെ ബോറടിപ്പിക്കരുത് എന്നുണ്ടെന്നും നമ്മള്‍ കാരണം ഒരാള്‍ക്കെങ്കിലും സന്തോഷം നല്‍കുകയാണെങ്കില്‍ അതാണ് വലിയ കാര്യമെന്നുമായിരുന്നു ജയറാമിന്റെ മറുപടി.

സിനിമയ്ക്ക് അകത്തും പുറത്തും എനിക്ക് എത്രയോ സുഹൃത്തുക്കളുണ്ട്. ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ ചെയ്തപ്പോള്‍ ചിത്രത്തിന്റെ പൂജയ്ക്കായി ഞാന്‍ ലാലേട്ടനേയും മമ്മൂക്കയേയും വിളിച്ചു. അതിനെന്താ വരാം മോനേ എന്ന് പറഞ്ഞ് അവര്‍ രണ്ടുപേരും ഓടി വന്നു. അതൊരു ലോങ് ലാസ്റ്റിങ് ഫ്രണ്ട്്ഷിപ്പ് ഞാന്‍ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ്. അതുപോലെ പെട്ടെന്ന് വിളിച്ചാല്‍ വിജയ് സേതുപതി ഒരു സിനിമയ്ക്കായി ഓടിവരുന്നതും അതുകൊണ്ടാണ്.

‘വിജയ് സേതുപതിയോട് ഞാന്‍ തന്നെയാണ് മലയാള സിനിമയില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചത്. കഥ കേട്ടപ്പോള്‍ അദ്ദേഹത്തിന് വളരെ ത്രില്ലിങ് ആയി തോന്നി. തീര്‍ച്ചയായും ചെയ്യാമെന്ന് പറഞ്ഞു. പിന്നെ ഞാനുമായുള്ള സൗഹൃദം ഒരു ഫാക്ടറാണെന്ന് തോന്നിയിട്ടുണ്ട്. അല്ലാതെ ഒരു മലയാളം സിനിമ ചെയ്യാനൊന്നും പുള്ളിക്ക് അന്ന് താത്പര്യമുണ്ടായിരുന്നില്ല,’ ജയറാം പറഞ്ഞു.

ഇങ്ങനെയുള്ള സൗഹൃദങ്ങള്‍ നമ്മള്‍ കാത്തുസൂക്ഷിക്കണം. നമ്മള്‍ക്കുള്ളില്‍ എന്ത് വേദനയുണ്ടെങ്കിലും അത് നമ്മുടെ എതിരെ വന്നിരിക്കുന്ന ആള്‍ അറിയേണ്ടതില്ല. അതെന്നും കീപ്പ് ചെയ്യാന്‍ ഞാന്‍ നോക്കാറുണ്ട്. അതുപോലെ ഫ്രണ്ട്ഷിപ്പ് മിസ് യൂസ് ചെയ്യാതെ നോക്കുക. അങ്ങനെ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാവാം എനിക്ക് ഇങ്ങനെ ചിരിച്ചിരിക്കാന്‍ സാധിക്കുന്നത്, ജയറാം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor jayaram About Parvathy