| Wednesday, 18th October 2023, 12:29 pm

ഇനി മലയാളത്തില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അത് അത്രയും നല്ലൊരു പ്രൊജക്ട് ആയിരിക്കണം; ഇല്ലെങ്കില്‍ വേണ്ട: ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് ജയറാം. ഇനി മലയാളത്തില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അത് അത്രയും നല്ലൊരു പ്രൊജക്ട് ആയിരിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നും പറയുകയാണ് ജയറാം.

ത്രില്ലര്‍ സിനിമകളുടെ ഭാഗമാകാന്‍ ആണ് താന്‍ താല്പര്യപ്പെടുന്നതെന്നും ജയറാം വ്യക്തമാക്കി.

ശിവരാജ് കുമാര്‍ നായകനായി അഭിനയിക്കുന്ന ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലാണ് ജയറാം കന്നടയില്‍ തന്റെ കന്നിവേഷം ചെയ്യുന്നത്. ക്രിസ്തുമസ് അവധിക്കാലം ലക്ഷ്യമിട്ടാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്.

കന്നടയിലെ തന്റെ ആദ്യ സിനിമയായ ‘ഗോസ്റ്റി’ന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ നല്ല ത്രില്ലിംങ് ആയിട്ടുള്ള സിനിമ വരികയാണെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കും. മലയാള സിനിമ ചെയ്യുന്നില്ലെങ്കിലും മറ്റു ഭാഷകളില്‍ താന്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കില്‍ ഇപ്പോള്‍ ശങ്കര്‍ രാംചരണ്‍ സിനിമയും ത്രിവിക്രമന്റെ സിനിമയും ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ജോലിയില്ലാത്ത ഒരു ദിവസം പോലും തനിക്കില്ല.

തന്റെ സിനിമ ജീവിതത്തിന്റെ ആരംഭ കാലം തൊട്ട് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകളാണ് കൂടുതല്‍ ചെയ്തിട്ടുള്ളത്, എന്നാല്‍ ഇപ്പോള്‍ ഒസ്ലര്‍’ പോലെയുള്ള മെഡിക്കല്‍ ത്രില്ലിംങ് സിനിമകളുടെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷവാനാണ്,’ ജയറാം പറഞ്ഞു.

തമിഴില്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ വളരെയധികം കംഫര്‍ട്ടബിള്‍ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോസ്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ജയറാമിന്റെ ആദ്യ കന്നഡ ചിത്രമാണിത്. എം.ജി ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം. ജയിലറിന് ശേഷം ശിവരാജ് കുമാറിന്റേതായി ഇറങ്ങുന്ന അടുത്ത ചിത്രമാണ് ഗോസ്റ്റ്.

Content Highlight: Actor jayaram about malayalam Movie

We use cookies to give you the best possible experience. Learn more