മലയാളസിനിമയുടെ എക്കാലത്തേയും വലിയ സൂപ്പര്‍സ്റ്റാറായ മമ്മൂട്ടിയും ജനപ്രിയ നായകനായ ജയറാമും സിനിമയ്ക്ക് പുറത്തും നല്ല സുഹൃത്തുക്കളാണ്. ഒരുപാട് അവാര്‍ഡ് ദാന ചടങ്ങുകളിലും ഇരുവരും ഒരുമിച്ചുണ്ടാകാറുണ്ട്.
കൈരളി ചാനലിന്റെ ഒരു പരിപാടിയില്‍ വെച്ച് മമ്മൂട്ടിയുടെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് ജയറാം സംസാരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് ജയറാം പാട്ടിനെക്കുറിച്ച് സംസാരിക്കുന്നത്.
മമ്മൂട്ടിയുടെ സിനിമകളിലെ പാട്ടുകളില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജോണി വാക്കര്‍ എന്ന ചിത്രത്തിലെ ‘ശാന്തമീ രാത്രിയില്‍’ എന്ന് തുടങ്ങുന്ന പാട്ടാണെന്നാണ് ഇതില്‍ ജയറാം പറയുന്നത്. ഈ പാട്ട് ടി.വിയില്‍ വരുമ്പോള്‍ താന്‍ ഇപ്പോഴും കാണാറുണ്ടെന്നും ജയറാം പറഞ്ഞു.
”മമ്മൂക്കയ്ക്ക് ഒരു ഡെഡിക്കേഷന്‍ സോങ് എന്ന് പറയുമ്പോള്‍ കഴിഞ്ഞ 35 വര്‍ഷക്കാലത്തെ ഒരുപാട് പാട്ടുകള്‍ പെട്ടെന്ന് ഞാന്‍ ഓര്‍ത്തെടുക്കേണ്ടി വരും. എങ്കിലും പെട്ടെന്ന് ഒരു പാട്ട് പറയാന്‍ പറഞ്ഞാല്‍ പാട്ടിന്റെ ഭംഗി കൊണ്ടും അതിന്റെ അവതരണം കൊണ്ടും എന്റെ മനസില്‍ വരുന്നത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ചെയ്ത ജോണി വാക്കര്‍ എന്ന സിനിമയിലെ ശാന്തമീ രാത്രിയില്‍ എന്ന ഗാനമാണ്.
എനിക്ക് തോന്നുന്നു ഇന്നും ടി.വിയില്‍ ആ ഗാനം വന്നാല്‍ ഒരു സെക്കന്റ് പോലും ഞാന്‍ കണ്ണ് അതില്‍ നിന്നും മാറ്റാറില്ല. പുതിയ തലമുറയില്‍ കൊറിയോഗ്രഫി ചെയ്യുന്ന പുതിയ മാസ്റ്റേഴ്‌സ് പുതിയ തലമുറയിലെ നായകന്മാര്‍ക്ക് പറഞ്ഞ് കൊടുക്കുന്ന വളരെ ഈസിയായിട്ടുള്ള സ്റ്റെപ്പുകള്‍ ഈ പാട്ടിലുണ്ട്,” ജയറാം പറഞ്ഞു.
1992ലായിരുന്നു ജയരാജ് സംവിധാനം ചെയ്ത ജോണി വാക്കര്‍ എന്ന ചിത്രം പുറത്തിറങ്ങിയത്. മമ്മൂട്ടിക്ക് പുറമേ രഞ്ജിത, ജഗതി ശ്രീകുമാര്‍, സുകുമാരി, മണിയന്‍ പിള്ള രാജു. ശങ്കരാടി, എം. ജി. സോമന്‍ തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.