മലയാളി കുടുംബപ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട നടനാണ് ജയറാം. 1988ല്‍ പുറത്തിറങ്ങിയ പത്മരാജന്‍ ചിത്രം അപരനിലൂടെ വെള്ളിത്തിരയിലെത്തിയ താരം മലയാള സിനിമയില്‍ 33 വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
എണ്ണിയാലൊടുങ്ങാത്ത ഒട്ടനേകം വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ താരം താനഭിനയിച്ച ചിത്രങ്ങിളില്‍ തനിക്കേറ്റവും പ്രിയപ്പെട്ട ഗാനങ്ങളെക്കുറിച്ച് പറയുകയാണ്.
2003ല്‍ പുറത്തിറങ്ങിയ മനസിനക്കരെയിലെ മെല്ലെയൊന്നു പാടി നിന്നെ എന്ന ഗാനമാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് താരം പറയുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ഇളയരാജ സംഗീതം നല്‍കിയ ഈ പാട്ടിനോട് എന്തോ ഒരു ഇഷ്ടമാണെന്നാണ് താരം പറയുന്നത്.
കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലം എന്ന ചിത്രത്തില്‍ കെ. എസ്. ചിത്രയും യേസുദാസും ചേര്‍ന്നാലപിച്ച കാത്തിരിപ്പൂ എന്ന് തുടങ്ങുന്ന ഗാനമാണ് അടുത്തതെന്ന് താരം പറയുന്നു. മീനാക്ഷിയുടെ സ്‌നേഹത്തെ അതിമനോഹരായാണ് പാട്ടില്‍ വര്‍ണിച്ചിരിക്കുന്നതെന്നും അതുകൊണ്ടാണ് പിന്നെയും പിന്നെയും എന്ന പാട്ടിനേക്കാള്‍ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടാരം വീട്ടില്‍ അപ്പൂട്ടനിലെ ആവണിപ്പൊന്നൂഞ്ഞാല്‍ എന്ന ഗാനം വളരെയധികം പ്രിയപ്പെട്ടതാണെന്നും, എസ്. രമേശന്‍ നായരുടെ വരികള്‍ക്ക് ബെന്നിയും ഇഗ്നേഷ്യസും ചേര്‍ന്ന് മനോഹരമായി ഈണം നല്‍കിയതെന്നും ജയറാം പറഞ്ഞു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലെ വട്ടയില പന്തലിട്ടു എന്ന പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടമാണെന്നാണ് താരം പറയുന്നത്. ഇതിഹാസ തുല്യമായ കൈതപ്രം-ജോണ്‍സണ്‍ മാഷ് കോംബോയില്‍ പിറവിയെടുത്ത ഈ പാട്ട് ജയചന്ദ്രനും ചിത്രയും ചേര്‍ന്ന് അതിമനോഹരമായാണ് ആലപിച്ചതെന്നും താരം പറഞ്ഞു.
1997ലെ ഇരട്ടക്കുട്ടികളുടെ അച്ഛനിലെ എത്ര നേരമായി എന്ന പാട്ടാണ് അടുത്തതെന്നും താരം പറഞ്ഞു. കൈതപ്രം ജോണ്‍സണ്‍ മാഷ് മാജിക് ഒരിക്കല്‍ക്കൂടി വ്യക്തമായ പാട്ടാണിതെന്നും ഇയര്‍ഫോണ്‍ വെച്ച് ദാസേട്ടന്റെ ശബ്ദം കേട്ടാല്‍ വേറൊന്നും വേണ്ടായെന്നും താരം പറയുന്നു.