ആക്ഷന്‍ ഹീറോ ജയന്‍, സാഹസികതയെ പ്രണയിച്ചവന് ജീവിതത്തില്‍ സംഭവിച്ചത്
അന്ന കീർത്തി ജോർജ്

വെറും ആറേ ആറു വര്‍ഷം മാത്രം സിനിമയിലുണ്ടായിരുന്ന ഒരു നടന്‍ മലയാള സിനിമ നിലനില്‍ക്കുന്നിടത്തോളം കാലം മുഴുവന്‍ ഓര്‍മ്മിക്കപ്പെടുക, ആദരിക്കപ്പെടുക, ആരാധിക്കപ്പെടുക. തലമുറകള്‍ മാറി വരുമ്പോഴും ആ നടന്റെ തനതായ അഭിനയശൈലിയും ഡയലോഗുകളും ആഘോഷിക്കപ്പെടുക, അയാളുടെ സാഹസികതയെ വെല്ലാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരാളും ഇല്ലാതിരിക്കുക, അയാളുടേതെന്ന പേരില്‍ മാത്രം അറിയപ്പെടുന്ന വസ്ത്രങ്ങളും ഫാഷന്‍ തരംഗങ്ങളും പുതുതായി സൃഷ്ടിക്കപ്പെടുക. ജയന്‍ എന്ന നടന് മാത്രം സ്വന്തമായ അംഗീകാരങ്ങളാണിത്.

മലയാളസിനിമക്ക് പരിചയമില്ലാതിരുന്ന ശരീരഭാഷയായിരുന്നു ജയന്റേത്. ഉയരം കൂടിയ ശരീരവും ഉറച്ച പേശികളും വിരിഞ്ഞ മാറിടവും, പരുക്കന്‍ ഭാവങ്ങളും, ഘനഗാംഭീര്യം നിറഞ്ഞ ശബ്ദവും.

ഡയലോഗ് ഡെലിവറിയില്‍ സ്വാഭാവികതയിലൂന്നിയ എന്നാല്‍ പിന്നീട് ജയന്‍ സ്റ്റൈല്‍ എന്ന പേരില്‍ പ്രശസ്തമായ നിര്‍ത്തി നിര്‍ത്തിയുള്ള സംഭാഷണങ്ങളും ശ്രദ്ധിക്കപ്പെട്ടു. എല്ലാത്തിലുമുപരിയായി ജയന്‍ അഭിനയിക്കുന്ന സാഹസികത നിറഞ്ഞ സംഘട്ടനരംഗങ്ങള്‍ക്കായിരുന്നു ആരാധകരേറെയും.

ജയന്റെ മനസിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനില്‍ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റന്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ത്ത് മുന്നേറാനോ വലിയ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികള്‍ തന്റെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.

ചെറിയ സ്റ്റണ്ടുകളില്‍ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിരുന്ന അക്കാലത്ത് എത്ര സാഹസികത നിറഞ്ഞ രംഗവും താന്‍ തന്നെ ചെയ്‌തോളമെന്ന് ജയന്‍ സംവിധായകരെ കൊണ്ടു സമ്മതിപ്പിച്ചു. ജയന്റെ സാഹസികതയോടുള്ള പ്രണയവും ഡ്യൂപ്പില്ലാത്ത അഭിനയവും സിനിമക്ക് പുറത്തും വാര്‍ത്തകള്‍ സൃഷ്ടിച്ചു. സിനിമാകഥാപാത്രങ്ങളിലൂടെ ആരാധകര്‍ക്കിടയില്‍ ജയന്‍ നേടിയെടുത്ത അമാനുഷികപദവി ഈ വാര്‍ത്തകള്‍ അരക്കിട്ടുറപ്പിച്ചു.

ഉരുക്കുദേഹവുമായെത്തി ആക്ഷന്‍ സീനുകളും നെഗറ്റീവ് റോളുകളും മാത്രം ചെയ്തു കടന്നുപോകുമെന്ന് കരുതിയ ഒരാള്‍ ജനമനസ്സുകളില്‍ ലഹരിയായി പടര്‍ന്നുകയറിയത് ഏവരെയും അത്ഭുതപ്പെടുത്തി. ചിലരെയെങ്കിലും അസൂയപ്പെടുത്തി. ജയന്റെ മുഷ്ടി മാത്രം സ്‌ക്രീനില്‍ തെളിഞ്ഞാല്‍, വാച്ചിന്റെ ഡയലൊന്നു കണ്ടാല്‍, ആ നടത്തത്തിന്റെ നിഴലാട്ടം വന്നാല്‍ തിയേറ്ററില്‍ നിലക്കാത്ത കയ്യടികളുയരുമായിരുന്നു. മലയാളത്തില്‍ അന്ധമായ ആരാധന നേടിയെടുത്ത അപൂര്‍വ്വം നടന്മാരിലൊരിലൊരാളാണ് ഇന്നും ജയന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Jayan, life story Malayalam Cinema action hero

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.