ജനിലീയ പ്രണയത്തിന് വേണ്ടി സഹായിച്ചിട്ടുണ്ട്, നയനും അസിനും പ്രൊഫഷണലാണ്: ജയം രവി
Film News
ജനിലീയ പ്രണയത്തിന് വേണ്ടി സഹായിച്ചിട്ടുണ്ട്, നയനും അസിനും പ്രൊഫഷണലാണ്: ജയം രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 27th September 2023, 5:36 pm

തന്റെ കൂടെ അഭിനയിച്ച നായികമാരെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജയം രവി. ജനിലീയ തന്റെ നല്ല സുഹൃത്താണെന്നും തന്റെ പ്രണയത്തിന് സപ്പോർട്ട് ചെയ്തിരുന്നെന്നും ജയം രവി പറഞ്ഞു. നയൻതാരയും അസിനും പ്രൊഫഷണൽ നടിമാരാണെന്നും തൃഷ ഭയങ്കര ഫൺ ആണെന്നും ഭാവന നാച്ചുറൽ നായികയാണെന്നും താരം പറഞ്ഞു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘എന്റെ ബെസ്റ്റ് ഫ്രണ്ടാണ് ജനിലീയ. അവളുമായി ഇപ്പോഴും നല്ല ബന്ധം പുലർത്തുന്നുണ്ട്. കല്യാണത്തിനൊക്കെ പോയിരുന്നു. ഇപ്പോഴും ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ മുംബൈയിൽ പോയാൽ ഞങ്ങൾ കാണാറുണ്ട്.
ഞാൻ പ്രണയിച്ചിരുന്ന സമയത്ത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് (ചിരി). അതുകൊണ്ട് ഇപ്പോഴും നല്ല ഫ്രണ്ടായിട്ടിരിക്കുന്നു.

അസിൻ പ്രൊഫഷണലാണ്. കൃത്യ സമയത്ത് വരും, ശരിയായ മേക്കപ്പ് ചെയ്യും. സംവിധായകന് എന്താണ് വേണ്ടതെന്ന് മനസിലാക്കി ചെയ്യും. ഒരു ടേക്കിൽ അവർക്ക് ഓക്കെ ആയിട്ടില്ലെങ്കിൽ അവർക്ക് സംതൃപ്തി തോന്നുന്നത് വരെ ചെയ്യും.

നയൻതാരയും പ്രൊഫഷണലാണ്. ഇത്രയും വർഷം പ്രൊഫഷണൽ ആയി ഇരുന്നില്ലെങ്കിൽ ഇൻഡസ്ട്രയിൽ നിലനിൽക്കാൻ കഴിയില്ല. ഷൂട്ടിങ്ങിൽ പ്രൊഫഷണലായിരിക്കുന്നത് ഒന്ന് സിനിമയിൽ പ്രൊഫഷണലായിരിക്കുന്നത് വേറെ ഒന്ന്. സിനിമയുടെ ഒരു പാർട്ട് ആണ് ഷൂട്ടിങ്. സിനിമയാണ് എല്ലാം.
സിനിമയിൽ പ്രൊഫഷണലായിരിക്കുക എന്നത് സിനിമയെ അറിയുക എന്നതാണ്. തിരക്കഥയെക്കുറിച്ച് അറിവ് ഉണ്ടായാൽ മാത്രമേ അത് ഉണ്ടാവുകയുള്ളു. അങ്ങനെയുള്ള അറിവുള്ള ഒരാളാണ് നയൻ. പടത്തിൽ ഈ ഡയലോഗ് ആവശ്യമില്ല എന്ന് പറയണമെങ്കിൽ അറിവ് വേണം. അതുപോലെ തന്നെ ഒരു പടത്തിൽ ഈ ഡയലോഗ് ഉണ്ടായാൽ നന്നായിരിക്കും എന്ന് പറയണമെങ്കിലും സിനിമയെക്കുറിച്ച് അറിവ് വേണം. അത് നയനിനുണ്ട്.

ഭാവന നാച്ചുറൽ ആക്ടറാണ്. അവർക്ക് അഭിനയിക്കാൻ വേണ്ടി തയ്യാറെടുക്കേണ്ട കാര്യമില്ല. സംവിധായകർക്ക് അവരുടെ അഭിനയത്തിൽ സാറ്റിസ്‌ഫൈഡ് ആവാതിരിക്കാൻ കഴിയില്ല, കാരണം അത്രക്കും നാച്ചുറൽ ആയി അഭിനയിച്ച് ഒറ്റ ടേക്കിൽ ഒക്കെയാക്കും,’ ജയം രവി പറഞ്ഞു.

Content Highlight: Actor Jayam Ravi talks about his heroines