നിരവധി സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസില്‍ വലിയ സ്ഥാനമുള്ള കലാകാരനാണ് ജനാര്‍ദ്ദനന്‍. വില്ലന്‍ വേഷങ്ങള്‍ ചെയ്ത് പിന്നീട് കോമഡി കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് അദ്ദേഹം.
പ്രായത്തിന്റെ അവശതകളില്ലാതെ ഇന്നും സിനിമയില്‍ സജീവമാണ് നടന്‍. സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും ഒന്നിച്ചെത്തുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പുതിയ സിനിമ.
താന്‍ മരിക്കുന്നതുവരെ അഭിനയിക്കണമെന്ന ആഗ്രഹം വിട്ടുപോകില്ലെന്ന് പറയുകയാണ് ജനാര്‍ദ്ദനന്‍. ഇപ്പോള്‍ കിട്ടുന്ന വേഷങ്ങളില്‍ തൃപ്തനല്ലെന്നും മനസുകൊണ്ട് താന്‍ ചെറുപ്പമാണെന്നും ഏത് വേഷം തന്നാലും ചെയ്യാന്‍ തയ്യാറാണെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്‍ പറഞ്ഞത്.
”അഭിനയിക്കണമെന്ന ആഗ്രഹം ഞാന്‍ മരിക്കുന്നതുവരെ എന്റെ ഉള്ളില്‍ ഉണ്ടാകും. ഈ ഒരു ചുറ്റുപാടില്‍ നിന്നും എനിക്ക് മാറാന്‍ കഴിയില്ല. എപ്പോഴും ആക്ടീവായി ഇരിക്കണമെന്നാണ് എന്റെ ആഗ്രഹം.
ഇപ്പോഴും ഞാന്‍ തൃപ്തനല്ല. കാരണം കിട്ടുന്ന വേഷങ്ങളെല്ലാം ചെറിയ വേഷങ്ങളാണ്. ഈ കാലത്ത് പൊതുവെ ആളുകള്‍ക്ക് പ്രായമായെന്ന് ഒരു ധാരണ ഉണ്ടാകും. എന്റെ മനസില്‍ ഇന്നും സിനിമയില്‍ അഭിനയിക്കാന്‍ മദ്രാസില്‍ പോയ ആ പഴയ കാലമാണ്. എനിക്ക് പ്രായമായി എന്നൊക്കെ പലര്‍ക്കും തോന്നും എന്നാല്‍ അതൊന്നും എന്നെ ബാധിക്കുന്നില്ല.
ഏത് വേഷം തന്നാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഫൈറ്റ് സീന്‍ പോലും എനിക്ക് ചെയ്യാന്‍ പറ്റും. ഒരിക്കലും നമ്മള്‍ പ്രായമായി എന്ന് വിചാരിക്കാന്‍ പാടില്ല. നമ്മുടെ മനസ് എപ്പോഴും ചെറുപ്പമാണെങ്കില്‍ പിന്നെന്താണ് കുഴപ്പം.
മുഴുനീള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന പരാതിയൊന്നും എനിക്ക് ഇല്ല. നമുക്ക് വരാനുള്ളത് നമ്മളിലേക്ക് എത്തിച്ചേരും. അതല്ലാതെ നമുക്ക് കിട്ടേണ്ടത് അവന്‍ കൊണ്ടുപോയി എന്ന ചിന്തയൊന്നും വരാന്‍ പാടില്ല.
തിയേറ്ററില്‍ പോയാല്‍ പല തരം കമന്റുകള്‍ വരുന്നതുകൊണ്ട് ഞാന്‍ പോകാറില്ല. എവിടെയാ… ഇപ്പോള്‍ കാണാനില്ലല്ലോ, എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ചൊറിഞ്ഞ് വരും. അത്തരം ചോദ്യങ്ങള്‍ അവഗണിക്കാന്‍ വേണ്ടി ഞാന്‍ അങ്ങനെയുള്ള ഇടങ്ങളില്‍ മനപൂര്‍വ്വം പോകാറില്ല,” ജനാര്‍ദ്ദനന്‍ പറഞ്ഞു.
content highlight: actor janardhanan reveals his acting compassion