മലയാള സിനിമയുടെ മുഖമായിരുന്ന നടനാണ് ജനാര്‍ദ്ദനന്‍. നിരവധി സിനിമകളില്‍ പല വേഷങ്ങള്‍ അവതിപ്പിച്ച് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് അദ്ദേഹം. സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും ഒന്നിച്ചെത്തുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രമാണ് താരത്തിന്റെ പുതിയ സിനിമ.
ചിത്രത്തിലെ നായകനായ സുരാജുമായുള്ള തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍. രാജമാണിക്യമെന്ന മമ്മൂട്ടി ചിത്രത്തിലാണ് സുരാജിനെ ആദ്യമായി കാണുന്നതെന്നും പരിചയപ്പെട്ടത് മറ്റൊരു സിനിമയിലാണെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.
ഏത് കഥാപാത്രം കൊടുത്താലും നന്നായി അഭിനയിച്ച് കാണിക്കുമെന്ന് തെളിയിച്ചയാളാണ് സുരാജെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജിനെക്കുറിച്ച് ജനാര്‍ദ്ദനന്‍ പറഞ്ഞത്.
”സുരാജിനെ ഞാന്‍ ആദ്യമായി കാണുന്നത് രാജമാണിക്യം എന്ന സിനിമയിലാണ്. അതില്‍ മമ്മൂട്ടിക്ക് ഭാഷ പറഞ്ഞുകൊടുക്കാന്‍ വേണ്ടിയാണ് സുരാജ് വന്നത്. അദ്ദേഹം സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്ന സമയമാണ്. അന്ന് പരിചയപ്പെടാനൊന്നും കഴിഞ്ഞില്ല.
അതിന് ശേഷം കാണുന്നത് കൊട്ടാരം വൈദ്യന്‍ എന്ന സിനിമയിലാണ്. ഞാന്‍ അന്ന് ഷൂട്ടിങ് സെറ്റില്‍ ചെന്നപ്പോള്‍ കാണുന്നത് അദ്ദേഹം മരത്തിന്റെ മുകളില്‍ കേറി നില്‍ക്കുന്നതാണ്. അവിടെ വെച്ച് ഞങ്ങള്‍ പരിചയപ്പെട്ടു.
അന്നു മരത്തിന്റെ മുകളില്‍ കണ്ടപോലെ അദ്ദേഹം സിനിമയിലും ഉയരങ്ങളിലെത്തി. ഏത് കഥാപാത്രം കൊടുത്താലും നന്നായി അഭിനയിച്ച് കാണിക്കുമെന്ന് തെളിയിച്ചയാളാണ് സുരാജ്. ഞാന്‍ പ്രത്യോകിച്ച് പറയേണ്ടതില്ല. കാരണം ഈ കഴിഞ്ഞ സിനിമകളിലെല്ലാം നമ്മള്‍ കണ്ടതാണ്. ഓരോ സിനിമകളിലും ഓരോ രീതിയില്‍ അഭിനയിച്ച് വ്യത്യസ്തമാക്കിയ വ്യക്തിയാണ്,” ജനാര്‍ദ്ദനന്‍ പറഞ്ഞു.
എം. മുകുന്ദന്‍ ആദ്യമായി തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രമാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. അദ്ദേഹം തന്നെ എഴുതിയ ചിത്രത്തിന്റെ ദൃശ്യവിഷ്‌കാരമാണ് ചിത്രം. കൈലാഷ്, സ്വാസിക വിജയ്, ദേവി അജിത്, നീന കുറുപ്പ്, മനോഹരി ജോയ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുത്.
content highlight: actor janardhanan about suraj venjaramood