ചുരുങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് അറ്റ്ലി. ജവാൻ എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലൂടെ ഈ വർഷം ബോളിവുഡിലേക്കും അറ്റ്ലി തന്റെ വരവറിയിച്ചു. ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ചിത്രം മാറിയിരുന്നു.
രാജ റാണി ആയിരുന്നു അറ്റ്ലി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ജയ്, നയൻതാര, ആര്യ, നസ്രിയ തുടങ്ങിയവർ അഭിനയിച്ച ചിത്രം വലിയ സ്വീകാര്യത നേടിയിരുന്നു.
അറ്റ്ലി ഒരുപാട് ഉയരങ്ങളിൽ എത്തുമെന്ന് അന്ന് തന്നെ തനിക്ക് തോന്നിയിരുന്നു എന്നാണ് നടൻ ജയ് പറയുന്നത്. സിനിമയുടെ എല്ലാ കാര്യത്തിലും നന്നായി ശ്രദ്ധിക്കുന്ന ആളാണ് അറ്റ്ലിയെന്നും ജയ് പറഞ്ഞു. അറ്റ്ലി ഒരു ഹിന്ദി സിനിമ സംവിധാനം ചെയ്യുമെന്ന് താൻ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് സിനിമാ വികടന് നൽകിയ അഭിമുഖത്തിൽ ജയ് പറഞ്ഞു.
‘ആദ്യത്തെ സിനിമയായ രാജാറാണി ചെയ്യുമ്പോൾ തന്നെ എനിക്കത് മനസിലായിട്ടുണ്ടായിരിന്നു, ഇവൻ ഇവിടെ മാത്രം നിൽക്കാനുള്ള ആളല്ലായെന്ന്.
എല്ലാ കാര്യത്തിനെയും നന്നായി ശ്രദ്ധിച്ചാണ് അവൻ സമീപിക്കാറുള്ളത്. അത് ഷോട്ടിലെ ഫ്രെയിമിന്റെ കാര്യത്തിലാണെങ്കിലും ക്യാരക്ടറിന്റെ കാര്യത്തിലാണെങ്കിലും ഒന്നും അവൻ മിസ് ചെയ്യില്ല.
എല്ലാത്തിനെയും പ്രോപറായി മനസിലാക്കുന്ന എല്ലാ കാര്യത്തിലും ക്ലാരിറ്റിയുള്ള ആളാണ് അറ്റ്ലി. അതിനെ കുറിച്ചെല്ലാം അന്ന് തന്നെ നല്ല അറിവുണ്ട് അവന്.
സത്യത്തിൽ അപ്പോൾ തന്നെ എനിക്ക് അറിയാമായിരുന്നു അവൻ ഒരുപാട് മുന്നോട്ട് പോവുമെന്ന്. പക്ഷെ ഹിന്ദിയിലേക്ക് പോവുമെന്ന് ഒരിക്കലും ഞാൻ കരുതിയിട്ടില്ല. അത് വലിയൊരു സർപ്രൈസ് ആയിരുന്നു. അതറിഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നിയിരുന്നു.
തമിഴ് സിനിമയിൽ വലിയ താരങ്ങളോടൊപ്പം 100 കോടി ക്ലബ്ബിലൊക്കെ കയറുന്ന വലിയ സിനിമകൾ അവൻ ചെയ്യുമെന്ന് എനിക്ക് തോന്നിയിരുന്നു. രണ്ടാമത്തെ സിനിമയിൽ തന്നെ അവൻ അത് തെളിയിക്കുകയും ചെയ്തു.
ഹിന്ദിയിൽ ചെന്ന് ആദ്യ സിനിമ തന്നെ ഫേവറിറ്റായ ഷാരൂഖ് ഖാനോടൊപ്പം ചെയ്തപ്പോൾ വലിയ സന്തോഷം തോന്നി,’ ജയ് പറയുന്നു.
Content Highlight: Actor Jai Talk About Atlee