| Monday, 6th March 2023, 4:14 pm

പാവം പിടിച്ച പെണ്ണുങ്ങള്‍ പൊങ്കാലയിടാന്‍ പോകുമ്പോള്‍, രണ്ട് പെഗ്ഗ് അടിക്കാതെ പ്രാര്‍ത്ഥനയോടെ ഇരിക്കുക: പാര്‍വതി ഷോണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വീട്ടിലെ സ്ത്രീകള്‍ പൊങ്കാലക്ക് പോകുന്ന ദിവസം വീട്ടിലിരുന്ന് മദ്യപിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ജഗതിയുടെ മകള്‍ പാര്‍വതി ഷോണ്‍. ചില സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ആണുങ്ങളുടെ മെന്റാലിറ്റി മനസിലായതെന്നും കുപ്പി പൊട്ടിക്കാനായി വീട്ടില്‍ നിന്നും പെണ്ണുങ്ങള്‍ ഇറങ്ങാനായി നോക്കിയിരിക്കുകയാണെന്നും പാര്‍വതി പറഞ്ഞു. വെയിലത്ത് കഷ്ടപ്പെട്ട് സ്ത്രീകള്‍ പൊങ്കാല അര്‍പ്പിക്കുന്ന ദിവസമെങ്കിലും മദ്യപിക്കാതെ പ്രാര്‍ത്ഥനയോടെ വീട്ടിലിരിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറഞ്ഞു.

‘എല്ലാവര്‍ക്കും നമസ്‌കാരം. ഞാന്‍ പാര്‍വതി ഷോണ്‍. ഒരു ചെറിയ കാര്യം ഓര്‍മ്മിപ്പിക്കാന്‍ ആണ് ഞാന്‍ ഈ വീഡിയോ ഇടുന്നത്. നാളെ മാര്‍ച്ച് 7, നാളെയാണ് നമ്മള്‍ ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുന്നത്. കോവിഡിന് ശേഷം ആദ്യമായിട്ടാണ് അമ്മക്ക് ഇത്ര ആഘോഷത്തോടെ പൊങ്കാല നിവേദിക്കാന്‍ ഒരുങ്ങുന്നത്. എനിക്ക് ഒരു ചെറിയ കാര്യം ഓര്‍മ്മപെടുത്തണം എന്ന് തോന്നി.

നമ്മുടെ വീട്ടിലുള്ള അമ്മമാരും, പെങ്ങന്മാരും, അനുജത്തിമാരും ഒക്കെ വളരെ വ്രതശുദ്ധിയോടെയാണ് പൊങ്കാലക്ക് ഒരുങ്ങുന്നത്. നമ്മുടെ കഷ്ടതകളും, പ്രയാസങ്ങളും ഒക്കെ മാറാനും നാടിന് ഐശ്വര്യം ഉണ്ടാകാനും ഒക്കെ ആയിട്ട് ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിക്കുന്ന ദിവസമാണ് നാളെ. ഇതിനിടക്ക് ചില സുഹൃത്തുക്കളോട് സംസാരിച്ചപ്പോഴാണ് ചില ആണുങ്ങളുടെ മെന്റാലിറ്റി മനസിലാകുന്നത്. എല്ലാവരുടെയും അല്ല കേട്ടോ ചില ആളുകളുടെ മാത്രമാണ് ഞാന്‍ ഈ പറയുന്നത്.

വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങള്‍ രാവിലെ അമ്പലത്തില്‍ പൊങ്കാല ഇടാന്‍ പോയി കഴിഞ്ഞാല്‍ വൈകിട്ട് ആണ് തിരികെ എത്തുന്നത്. വീട്ടില്‍ ആരുമില്ല. അപ്പോള്‍ അവര്‍ ഇറങ്ങാന്‍ വേണ്ടി നോക്കിയിരിക്കും കുപ്പി പൊട്ടിക്കാന്‍ വേണ്ടി. അത് നല്ലൊരു സമ്പ്രദായം ആയിട്ട് എനിക്ക് തോന്നുന്നില്ല. വീട്ടില്‍ ഇരിക്കുന്ന സ്ത്രീകള്‍ എല്ലാവരും പ്രാര്‍ത്ഥിച്ച് വ്രതശുദ്ധിയോടെ ആണ് പൊങ്കാല അര്‍പ്പിക്കാന്‍ പോകുന്നത്. അപ്പോള്‍ വീട്ടില്‍ ഇരിക്കുന്ന ആണുങ്ങള്‍ മദ്യം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. എന്റെ ഒരു എളിയ അപേക്ഷയാണ്.

മാര്‍ച്ച് ഏഴാം തീയതി എങ്കിലും അത് നമ്മള്‍ക്ക് വേണ്ട. നമ്മുടെ നാടിനും വീടിനും ഒക്കെ വേണ്ടിയിട്ടല്ലേ ഈ പാവം പിടിച്ച പെണ്ണുങ്ങള്‍ എല്ലാവരും പോകുന്നത് ഈ വെയിലത്ത്. എന്ത് കഷ്ടപ്പാടാണ് അവര്‍ ഈ പൊങ്കാലയ്ക്ക് വേണ്ടി എടുക്കുന്നത്. അപ്പോള്‍ ആ കഷ്ടപ്പാട് എടുക്കുമ്പോള്‍ വീട്ടില്‍ ഇരുന്ന് രണ്ട് പെഗ്ഗ് അടിക്കാതെ പ്രാര്‍ത്ഥനയോടു കൂടി ഇരിക്കുക. ആ ലൈവ് ഒക്കെ കണ്ടിട്ട് ഹാപ്പി ആയിട്ട് ഇരിക്കണം. ഇത്തവണത്തെ പൊങ്കാല സന്തോഷമായിരിക്കട്ടെ. നന്ദി, നമസ്‌കാരം,’ പാര്‍വതി പറഞ്ഞു.

Content Highlight: Actor Jagathy’s daughter Parvathy Shaun appeals not to drink alcohol at home on the day of Pongal

We use cookies to give you the best possible experience. Learn more