| Sunday, 12th November 2023, 9:57 pm

മമ്മൂക്കയ്ക്ക് വന്ന ഒരു റോൾ ബേസിലിന് വന്നാൽ അവനത് ചെയ്യില്ല; അതവന്റെ ബുദ്ധിയാണ്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബേസിലിന്റെ ഇന്റലിജെൻസിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. ബേസിൽ എല്ലാ കഥാപാത്രങ്ങളും സ്വീകരിക്കില്ലെന്നും ഒരു പടത്തിൽ മമ്മൂക്കയുടെ ഡേറ്റ് ഇല്ലാത്തതുകൊണ്ട് ബേസിലിനെ സമീപിച്ചാൽ അവൻ ആ റോൾ ചെയ്യില്ലെന്നും ജഗദീഷ് പറഞ്ഞു. അത് പറയാനുള്ള കഴിവാണ് ഇന്റലിജൻസ് എന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

ബേസിൽ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ഫാലിമി. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ ജഗദീഷ് അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ മീഡിയ വണ്ണുമായി പങ്കുവെക്കുകയാണ് ജഗദീഷ്.

‘ബേസിലിനെക്കുറിച്ച് എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം എന്തെന്ന് വെച്ചാൽ ഇന്റലിജന്റ് ആണ്. ബേസിൽ എല്ലാ റോളും സ്വീകരിക്കുന്നില്ല. ഇപ്പോൾ ഒരു പടത്തിൽ മമ്മൂക്കയുടെ ഡേറ്റ് ഇല്ല, ബേസിലിനെ സമീപിച്ചാലോ എന്ന് കരുതിയാൽ ബേസിൽ അപ്പോൾ ‘അയ്യോ ഞാനില്ല’ എന്ന് പറയും . അത് പറയാനുള്ള കഴിവ് ഇന്റലിജൻസ് ആണ്. ഞാൻ വേറൊരു രീതിയിൽ ചെയ്ത് നോക്കാം എന്ന് പറയില്ല.

എല്ലാ റോളും വലിച്ച് വാരി ചെയ്യില്ല. എന്ന് കരുതി ഒരു ആക്ഷൻ പടം ചെയ്ത് കൂടാ എന്നില്ല. പക്ഷേ അത് ബേസിലിന് പറ്റിയ ആക്ഷൻ പടം ആയിരിക്കണം. ഇപ്പൊൾ മോഹൻലാൽ ചെയ്യേണ്ട ഒരു പടം എന്നെ വെച്ച് പരീക്ഷിക്കാം എന്ന് പറഞ്ഞാൽ എനിക്ക് പേടിയാണ്. അവരവർക്ക് അനുയോജ്യമായിട്ടുള്ള കഥാപാത്രമാണെന്നത് വളരെ പ്രധാനമാണ്. അതിനകത്ത് വ്യത്യസ്‌തത കൊണ്ടുവരിക എന്നതാണ് പ്രധാനം. പാൽതു ജാൻവറിലെ കഥാപാത്രമല്ല ജയ ജയ ജയ ജയ ഹേയിൽ,’ ജഗദീഷ് പറഞ്ഞു.

ചിയേഴ്‌സ് എന്റർടൈൻമെന്റ്സും സൂപ്പർ ഡ്യൂപ്പർ സിനിമയും ചേർന്നു നിർമിച്ച നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഫാലിമി’. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്നൊരു കുടുംബം വാരണാസിയിലേക്ക് നടത്തുന്ന ഒരു യാത്രയും അതിനിടയിൽ നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ചിത്രത്തിൽ എത്തുന്നു.

സന്ദീപ് പ്രദീപ്, മീനാരാജ്, ജോമോൻ ജ്യോതിർ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവർ ഫാലിമിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നു . കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും ഭംഗിയായി അവതരിപ്പിക്കുന്ന ചിത്രം നവംബർ 17 ന് തിയേറ്ററുകളിൽ എത്തും.

Content Highlight:Actor Jagadish talks about Basil’s intelligence

We use cookies to give you the best possible experience. Learn more