നല്ലൊരു കഥാകൃത്ത് എഴുതിയിരുന്നെങ്കില്‍ ഞാന്‍ കഥയെഴുതിയ സിനിമകളെല്ലാം ഇതിലും മികച്ചതാകുമായിരുന്നു: ജഗദീഷ്
Entertainment
നല്ലൊരു കഥാകൃത്ത് എഴുതിയിരുന്നെങ്കില്‍ ഞാന്‍ കഥയെഴുതിയ സിനിമകളെല്ലാം ഇതിലും മികച്ചതാകുമായിരുന്നു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th September 2021, 6:13 pm

മലയാളികള്‍ക്കെല്ലാം ഒരുപോലെ പ്രിയപ്പെട്ട നടന്മാരിലൊരാളാണ് ജഗദീഷ്. തമാശ നിറഞ്ഞ കഥാപാത്രങ്ങളിലൂടെയെത്തി പിന്നീട് സഹനടനായും നായകനായും ജഗദീഷ് തിളങ്ങി.

എന്നാല്‍ അഭിനയരംഗത്ത് മാത്രമല്ല സിനിമയുടെ മറ്റു മേഖലകളിലും കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ് അദ്ദേഹം. പത്തിലേറെ ചിത്രങ്ങള്‍ക്ക് ജഗദീഷ് കഥയെഴുതിയിട്ടുണ്ട്. അഞ്ചോളം ചിത്രങ്ങള്‍ക്ക് തിരക്കഥയുമൊരുക്കി.

മലയാള സിനിമയിലെ എഴുത്തുകാരനെന്ന നിലയിലെ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും ജഗദീഷ് പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. കൈരളി ചാനലിന് വേണ്ടി സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ നടത്തിയ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്ന ചില കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

‘എന്നെ ഒരു എഴുത്തുകാരനായി വിശേഷിപ്പിക്കാന്‍ എനിക്ക് ഇഷ്ടമേയല്ല. കോളേജ് ദിനങ്ങള്‍ മുതല്‍ തന്നെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന മേഖലയിലായിരുന്നു ഞാനുണ്ടായിരുന്നത്.

വയല വാസുദേവന്‍ പിള്ള എന്റെ ഗുരുവായിരുന്നു. അദ്ദേഹം എഴുതി സംവിധാനം ചെയ്യുന്ന നാടകങ്ങളില്‍ അച്ചടക്കമുള്ള നടനായി നില്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. ആ നാടകത്തിന്റെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സ്ഥലത്ത് പോലും ഞാനുണ്ടാകാറില്ല.

റേഡിയോ നാടകങ്ങള്‍ എഴുതിയതും ആകാശവാണിയിലെ ലഘുചിത്ര പരമ്പരയായ ഇതളുകള്‍ എഴുതിയ പരിചയവുമാണ് ആകെ എനിക്കുള്ളത്. നല്ലൊരു തിരക്കഥയെഴുതാനുള്ള കഴിവെനിക്കില്ല. മലയാള സിനിമാചരിത്രത്തിലെ എഴുത്തുകാരുടെ അധ്യായത്തില്‍ എനിക്ക് സ്ഥാനമുണ്ടാകാന്‍ പാടില്ല എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എഴുതിപ്പോകുന്നതാണ് പലപ്പോഴും. ഞാനെഴുതിയ സിനിമകളെല്ലാം നല്ലൊരാളായിരുന്നു എഴുതിയിരുന്നതെങ്കില്‍ ഇതിനേക്കാള്‍ മികച്ച ചിത്രങ്ങളാകുമായിരുന്നു എന്നെനിക്കുറപ്പുണ്ട്,’ ജഗദീഷ് പറയുന്നു.

1985 ല്‍ ഇറങ്ങിയ മുത്താരംകുന്ന് പി.ഒയാണ് ജഗദീഷ് കഥയെഴുതിയ ആദ്യ ചിത്രം. ആ വര്‍ഷം തന്നെ അക്കരെ നിന്നൊരു മാരന്‍ എന്ന സിനിമക്കും അദ്ദേഹം കഥയെഴുതി.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, പൊന്നുംകുടത്തിന് പൊട്ട്, നന്ദി വീണ്ടും വരിക, ഒരു മുത്തശിക്കഥ എന്നിവയാണ് മറ്റു ചിത്രങ്ങള്‍. അധിപന്‍ എന്ന മോഹന്‍ലാലിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയതും ജഗദീഷാണ്. 2010ലിറങ്ങിയ ഏപ്രില്‍ ഫൂളിന് വേണ്ടിയാണ് ജഗദീഷ് അവസാനമായി തിരക്കഥയും സംഭാഷണവുമൊരുക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Jagadish shares his thoughts about being a writing for cinema