| Thursday, 30th March 2023, 12:30 pm

മമ്മൂട്ടിക്കും മോഹന്‍ലാലിനും സിദ്ദീഖിനുമൊക്കെ എന്നേക്കാള്‍ സൗന്ദര്യമുണ്ട്, പത്രമിടുന്ന പയ്യനായി മമ്മൂക്കയെ മനസില്‍ കാണാന്‍ പറ്റുമോ? ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജഗദീഷിനെ നായകനാക്കി രഞ്ജി പണിക്കറിന്റെ തിരക്കഥയില്‍ ഷാജികൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ്. സൂപ്പര്‍ താരങ്ങളെ വെച്ച് മാത്രം സിനിമ ചെയ്യുന്നതില്‍ നിന്നും വ്യത്യസ്തമായ കാസ്റ്റിങ്ങായിരുന്നു ചിത്രത്തിന്റേത്. ജഗദീഷ് നായകനായ ചിത്രം അക്കാലത്തെ വാണിജ്യപരമായി സക്‌സസ് കൂടിയായിരുന്നു.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലുള്ള താരങ്ങളെ മാത്രം നായകന്‍മാരാക്കിയ കാലത്ത് തന്നെ പോലൊരു നടനെ പ്രധാനകഥാപാത്രമാക്കി സിനിമ നിര്‍മിക്കാനുള്ള കാരണത്തെക്കുറിച്ച് പറയുകയാണ് ജഗദീഷ്.

”സൂപ്പര്‍ സ്റ്റാറിനെ മാത്രം വെച്ച് സിനിമ എടുത്ത് കഴിഞ്ഞാല്‍ പിന്നെ സൂപ്പര്‍സ്റ്റാറുകളുണ്ടായാല്‍ മാത്രമെ അവരുടെ ചിത്രങ്ങള്‍ വിജയിക്കുകയുള്ളൂ എന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. അധികം ഗ്ലാമര്‍ ഒന്നുമില്ലാത്ത സാധാരണ താരത്തെ വെച്ച് സിനിമയെടുക്കാന്‍ അവര്‍ തീരുമാനിച്ചു.

സൂപ്പര്‍സ്റ്റാര്‍ എന്ന പേരില്ലാത്ത ഒരു നടനെ വെച്ച് സിനിമ എടുത്താല്‍ അവര്‍ക്ക് നല്ല പേര് കിട്ടുമെന്ന ചിന്തയായിരിക്കുമോ എന്നെ വെച്ച് സിനിമയെടുക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അങ്ങനെ ആയിരിക്കുമോയെന്ന് എനിക്ക് അറിയില്ല.

ഡയലോഗിനും എന്റെ ശബ്ദത്തിനും ഗാംഭീര്യം കുറവായിരിക്കുമെന്ന് എന്നെ കൊണ്ട് അവര്‍ പറയിപ്പിച്ചു. രഞ്ജി പണിക്കര്‍ക്ക് അറിയാമായിരുന്നു എന്റെ ശബ്ദത്തിന് മോഹന്‍ലാലിന്റെയോ, മമ്മൂക്കയുടെയോ, സുരേഷ് ഗോപിയുടെയോ ശബ്ദ ഗാംഭീര്യമൊന്നും ഉണ്ടാവില്ലെന്ന്.

പക്ഷെ പാവപ്പെട്ടവനായ ഒരു ന്യൂസ് പേപ്പര്‍ ബോയ് മന്ത്രിയായി മാറണം. അതാണ് സ്ഥലത്തെ പ്രധാന പയ്യന്‍സിന്റെ കഥ. സാധാരണ കുടുംബത്തിലെ ഇടത്തരത്തിനും താഴെ വളര്‍ന്ന ചെറുപ്പക്കാരനായി കണ്‍സിഡര്‍ ചെയ്യാന്‍ പറ്റുന്ന രൂപമൊക്കെയുള്ളത് അന്ന് എനിക്കാണ്.

ഒരു പത്രമിടുന്ന പയ്യനായിട്ട് മമ്മൂക്കയെ മനസില്‍ കാണാന്‍ പറ്റുമോ. മമ്മൂട്ടിക്കും മോഹന്‍ലാലിനും സിദ്ദീഖിനുമൊക്കെ എന്നേക്കാള്‍ സൗന്ദര്യമുണ്ട്. അതുകൊണ്ട് ഒരു സാധാരണ ചേരിയില്‍ വളര്‍ന്ന പയ്യനായിട്ട് എന്റെ ഫേസായിരിക്കും യോജിക്കുക,” ജഗദീഷ് പറഞ്ഞു.

content highlight: actor jagadish about sthalathe pradhana payyans movie

We use cookies to give you the best possible experience. Learn more