ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോയില്‍ ടോണി ഐസക് എന്ന വില്ലന്‍ കഥാപാത്രമായിട്ടായിരുന്നു നടന് ജഗദീഷ് എത്തിയത്.
എന്നാല്‍ മാര്‍ക്കോയിലെ ജഗദീഷിന്റെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
വില്ലന്‍ വേഷം അദ്ദേഹത്തിന് ചേരുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രകടനം കൊണ്ട് കഥാപാത്രത്തെ മനോഹരമാക്കാന്‍ ജഗദീഷിന് സാധിച്ചിട്ടുണ്ടെന്നായിരുന്നു മറ്റൊരു പക്ഷം പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
മാര്‍ക്കോയിലെ തന്റെ പ്രകടനം കണ്ട് തന്നെ വിളിച്ച് അഭിനന്ദിച്ച മലയാള സിനിമയിലെ ഒരു നടനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. നടന് മധുവിനെ കുറിച്ചാണ് ജഗദീഷ് പറയുന്നത്.
മാര്‍ക്കോ കണ്ട് മധു സാര്‍ തന്നെ വിളിച്ചിരുന്നെന്നും തന്റെ അഭിനയം ഗംഭീരമായെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ജഗദീഷ് പറയുന്നു. അദ്ദേഹത്തെപ്പോലുള്ള ഒരു നടനില്‍ അങ്ങനെ ഒരു വാക്ക് കേള്‍ക്കുന്നത് തന്നെ സന്തോഷമാണെന്നും ജഗദീഷ് പറഞ്ഞു.
‘ മധുസാറിനെ ഞാന്‍ രണ്ട് ദിവസം മുന്‍പ് കണ്ടിരുന്നു. വില്ലനിലേക്ക് തിരിഞ്ഞിരിക്കുകയാണല്ലേ. കൊള്ളാം നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. അങ്ങനെയൊരു വാക്കൊക്കെ അദ്ദേഹത്തില്‍ നിന്ന് കിട്ടുക എന്ന് പറഞ്ഞാല്‍ ഭയങ്കര സന്തോഷമുള്ള കാര്യമാണ്.
അധികം അങ്ങനെയൊന്നും നല്ലത് ഓപ്പണ്‍ ആയി പറയുകയോ പുകഴ്ത്തുകയോ ചെയ്യുന്ന ആളല്ല. പുള്ളി മാര്‍ക്കോ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞാല്‍ അത് എന്നെ സംബന്ധിച്ചിടത്തോളം ഗോള്‍ഡന്‍ വേര്‍ഡ്സ് ആണ്. ഭയങ്കര സന്തോഷമാണ്,’ ജഗദീഷ് പറഞ്ഞു.
മധുസാറിനെയൊക്കെ മിമിക്രികളില്‍ ചിലര്‍ അനുകരിക്കുന്ന രീതിയോട് തനിക്ക് വിയോജിപ്പുണ്ടെന്നും പലരും ഓവറായിട്ടാണ് അദ്ദേഹത്തിന്റെ സംഭാഷണങ്ങളൊക്കെ അനുകരിക്കാറെന്നും ജഗദീഷ് പറയുന്നു.
ഞാന്‍ മിമിക്രി ചെയ്യുന്നു എന്നൊന്നും അവകാശപ്പെടുന്നില്ല. സംസാരത്തിനിടെ ഞാന്‍ ആളുകളെ നിരീക്ഷിക്കാറുണ്ട്. ഉദാഹരണത്തിന് മധുസാറിന്റെയൊക്കെ സംസാരം.
മിമിക്രി കാണിക്കുമ്പോള്‍ പലരും വളരെ ഓവര്‍ ആയിട്ടാണ് അദ്ദേഹത്തെ കാണിക്കുന്നത്. റിയല്‍ ലൈഫില്‍ മധു സാറുമായിട്ട് സംസാരിക്കുമ്പോള്‍ ഭയങ്കര രസമാണ്.
ഹലോ ജഗദീഷ് എങ്ങനെയെുണ്ട് പടങ്ങളൊക്കെ. ഞാന്‍ മാര്‍ക്കോ കണ്ടു. നന്നായിട്ടുണ്ട് കേട്ടോ എന്ന് വളരെ നോര്‍മല്‍ ആയിട്ടാണ് അദ്ദേഹം പറയുക.
എന്നാല്‍ മധു സാറിനെ അനുകരിക്കുമ്പോള്‍ ഒരു പ്രത്യേക ട്യൂണൊക്കെ മിമിക്രിക്കാര് ഇടും. അതിന്റെ ആവശ്യം ഇല്ല. ഞാന്‍ ചിലരെ കുറിച്ച് പറയുമ്പോള്‍ അവരുടെ സംസാര രീതി കടന്നുവരാറുണ്ട്.
അല്ലാതെ മിമിക്രിയായി ചെയ്യാനുള്ള സാഹസത്തിനൊന്നും മുതിരാറില്ല. മറിച്ച് അവര്‍ എന്നോട് പറയുന്ന കാര്യങ്ങള്‍ മനസില്‍ പതിയാറുണ്ട്. അതാണ് ഞാന്‍ പറയുന്നത്,’ ജഗദീഷ് പറയുന്നു.
Content Highlight: Actor Jagadish about Marco Movie and Actor Madhu