| Friday, 10th September 2021, 3:07 pm

ഇന്ന് വരുന്ന ഒരു നടന് അന്നെനിക്ക് കിട്ടിയ ഈ ഭാഗ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുപ്പത് വര്‍ഷത്തിലേറെയായി മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി ജഗദീഷ് രംഗത്തുണ്ട്. തമാശ കഥാപാത്രങ്ങളെ തനതായ ശൈലിയിലൂടെ അവതരിപ്പിച്ച് പിന്നീട് സീരിയസ് ഭാവങ്ങളുള്ള സഹനടനായും നായകനായും ജഗദീഷ് എത്തി. വില്ലന്‍ വേഷങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ സിനിമയില്‍ വന്ന കാലത്തെ കുറിച്ചുള്ള തന്റെ ഓര്‍മ്മകളും അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെക്കുകയാണ് അദ്ദേഹം. മലയാള സിനിമയുടെ ഏറ്റവും മികച്ച കാലഘട്ടങ്ങളിലൊന്നിലാണ് താന്‍ സിനിമയിലേക്ക് എത്തിയതെന്നും പ്രതിഭാധനരായ വ്യക്തികളില്‍ നിന്നും കാര്യങ്ങള്‍ നേരിട്ടു മനസിലാക്കാനും പഠിക്കാനും അവസരം ലഭിച്ചെന്നുമാണ് ജഗദീഷ് പറയുന്നത്. ഇന്ന് സിനിമയിലെത്തുന്നവര്‍ക്ക് അത്തരം ഭാഗ്യം ലഭിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.

കൈരളി ചാനലില്‍ ബി. ഉണ്ണികൃഷ്ണന്‍ നടത്തിയ ഒരു പഴയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. ഈ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

‘സിനിമയുടെ ഏറ്റവും മികച്ച കാലത്താണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് സിനിമയെന്നാല്‍ ജനങ്ങള്‍ക്ക് വലിയ മതിപ്പും ആവേശവുമാണ്. വളരെ പ്രശസ്തരും പ്രഗത്ഭരുമായ ഒരു ടീമിന്റെ അടുത്തേക്ക് വിദ്യാര്‍ത്ഥിയായിട്ടാണ് ഞാനെത്തുന്നത്.

നെടുമുടി വേണുച്ചേട്ടന്‍, ജഗതിച്ചേട്ടന്‍, തിലകന്‍ ചേട്ടന്‍, രാജന്‍ പി. ദേവ്, എന്‍.എഫ്. വര്‍ഗീസ്, ശ്രീനിവാസന്‍, മുരളി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിങ്ങനെ നിരവധി പേരില്‍ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി.

അവരെല്ലാം എനിക്ക് കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട്. ഇന്ന് വരുന്ന ഒരു നടന് അന്നെനിക്ക്  കിട്ടിയ ഈ ഭാഗ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

പ്രതിഭാധനരായ മനുഷ്യരോടൊപ്പം പ്രവര്‍ത്തിക്കാനായി എന്നു മാത്രമല്ല, അവരെല്ലാം എനിക്ക് പലപ്പോഴും പ്രത്യേക പരിഗണനയും നല്‍കിയിട്ടുണ്ട്. ചില സീനുകള്‍ക്കൊക്കെ എന്നോട് സജഷന്‍ ചോദിക്കുമായിരുന്നു. അതൊക്കെ എനിക്ക് ലഭിച്ച വലിയ അംഗീകരങ്ങളായാണ് കണക്കാക്കുന്നത്,’ ജഗദീഷ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമക്ക് വേണ്ടി ജനങ്ങളെല്ലാം തിയേറ്ററില്‍ എത്തിയിരുന്നു. ഇന്ന് ചില പ്രോജക്ടുകള്‍ക്കോ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കോ മാത്രമാണ് ആ സ്വീകാര്യത ലഭിക്കുന്നതെന്നും ജഗദീഷ് പറയുന്നു. ‘മിമിക്‌സ് പരേഡ് എന്ന ഞാന്‍ നായകനായ ചിത്രത്തിന് കൈരളി തിയേറ്ററില്‍ ഹൗസ് ഫുള്‍ എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി,’ ജഗദീഷ് പറയുന്നു.

മമ്മൂട്ടി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വണ്‍, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലാണ് ജഗദീഷ് അവസാനമായി എത്തിയത്. ഭ്രമം, ബ്രോ ഡാഡി, പട എന്നിവയാണ് ഇറങ്ങാനുള്ള ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Jagadish about his experience as an actor in Malayalam films

We use cookies to give you the best possible experience. Learn more