സിദ്ദീഖിന്റെ പത്രസമ്മേളനം നടക്കുന്നത് ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍വെച്ച്; ജനറല്‍ ബോഡി കൂടുന്നത് തീരുമാനിക്കുന്നത് സിദ്ദീഖല്ല: ജഗദീഷ്
Malayalam Cinema
സിദ്ദീഖിന്റെ പത്രസമ്മേളനം നടക്കുന്നത് ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍വെച്ച്; ജനറല്‍ ബോഡി കൂടുന്നത് തീരുമാനിക്കുന്നത് സിദ്ദീഖല്ല: ജഗദീഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th October 2018, 5:54 pm

കൊച്ചി: സിദ്ദീഖിന്റെ പത്രസമ്മേളനം നടക്കുന്നത് ദിലീപ് അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍വെച്ചെന്ന് നടന്‍ ജഗദീഷ്. ആരോപണവിധേയനായ ഒരാളെക്കുറിച്ച് പറയുന്ന പത്രസമ്മേളനം ആരോപണവിധേയനായ ആള്‍ അഭിനയിക്കുന്ന സെറ്റില്‍വച്ച് തന്നെയാകുമ്പോള്‍ അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റില്ലെന്ന് ജഗദീഷ് വ്യക്തമാക്കി.

“ഇത് വളരെ സ്ട്രെയ്ഞ്ച് ആണ്. ആരോപണവിധേയനായ ആളുടെ സെറ്റില്‍വച്ച് അയാളെ പിന്തുണച്ചല്ലേ സംസാരിക്കാന്‍ പറ്റൂ? നമ്മുടെ പ്രസ് റിലീസില്‍ ആരോപണവിധേയനായ ആളെ അറസ്റ്റ് ചെയ്യണമെന്നൊന്നും പറയുന്നില്ല. ധാര്‍മ്മികതയിലൂന്നി തീരുമാനം എടുക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. കാരണം സമൂഹം അത് ആവശ്യപ്പെടുന്നുണ്ട്. ആ ധാര്‍മ്മികത എന്തെന്ന് തീരുമാനിക്കേണ്ടത് ജനറല്‍ ബോഡിയാണ്, ഒരു വ്യക്തിയല്ല”ന്നും ജഗദീഷ് പറഞ്ഞു.


കെ.പി.എ.സി ലളിത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് ആരുടെ അറിവോടും സമ്മതത്തോടും കൂടിയാണെന്നും ജഗദീഷ് ചോദിക്കുന്നു. ലളിതച്ചേച്ചി സംഗീത അക്കാദമി ചെയര്‍പേഴ്സണ്‍ ആയിരിക്കും. എന്നുവച്ച് ഇക്കാര്യത്തില്‍ സംഘടനയെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ പറ്റില്ല. അല്ലെങ്കില്‍ “അമ്മ” ചേച്ചിയെ ചുമതലപ്പെടുത്തണം സംസാരിക്കാന്‍- ജഗദീഷ് പറഞ്ഞു.

“ജനറല്‍ ബോഡി ഉടന്‍ വിളിക്കില്ല എന്നൊന്നും സിദ്ദിഖിന് തീരുമാനിക്കാന്‍ കഴിയില്ല. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനിക്കേണ്ടത്. ജനറല്‍ബോഡി കൂടണം എന്ന കാര്യത്തില്‍ സംശയമൊന്നും ഇല്ല. ഞാന്‍ പറഞ്ഞത് ജനറല്‍ ബോഡി കൂടും എന്നായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ ജനറല്‍ ബോഡി കൂടില്ലെന്നാണ് സിദ്ദീഖ് പറഞ്ഞത്.

എപ്പോള്‍ ജനറല്‍ ബോഡി കൂടും എന്നത് തീരുമാനിക്കേണ്ടത് സിദ്ദീഖ് അല്ല, എക്സിക്യൂട്ടീവ് കമ്മിറ്റിയാണ്. മാത്രമല്ല, സംഘടനയില്‍ നിന്നും രാജിവച്ചു പോയ അംഗങ്ങളെ തിരിച്ചുവിളിക്കുന്നതില്‍ പ്രസിഡന്റ് മോഹന്‍ലാലിന് സന്തോഷമേയുള്ളൂ. അത് അദ്ദേഹം എന്നോട് പറഞ്ഞതാണ്. പക്ഷേ അത് സിദ്ദീഖിന്റെ വെര്‍ഷനായപ്പോള്‍ അവരെ മാപ്പ് പറഞ്ഞിട്ടേ കയറ്റാവൂ എന്നായി. അവരെ അപമാനിക്കുന്നതിന് തുല്യമാണത്- ജഗദീഷ് വ്യക്തമാക്കി.


also read:  സല്‍മാന്‍ ഖാന്‍ ലൈംഗികമായി പീഡിപ്പിച്ചു; മി ടൂ ആരോപണവുമായി നടി പൂജ മിശ്ര


അതേസമയം, നടന്‍ സിദ്ദീഖിനെ തള്ളി A.M.M.A നേതൃത്വം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനം A.M.M.A നേതൃത്വം അറിയാതെയെന്നും A.M.M.A നേതൃത്വം വ്യക്തമാക്കിയിരുന്നു.

സിദ്ദീഖിന്റെ പത്രസമ്മേളനം സമൂഹത്തില്‍ A.M.M.Aയുടെ പ്രതിച്ഛായ മോശമാക്കിയെന്നും സിദ്ദീഖിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായിട്ടാണ് കെ.പി.എ.സി ലളിതയെ പത്ര സമ്മേളനത്തില്‍ ഇരുത്തിയതെന്നും A.M.M.A വ്യക്തമാക്കിയിരുന്നു.