വൃത്താകൃതിയിലുള്ള ചതുരം, ആവാസവ്യൂഹം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയായ പുരുഷ പ്രേതം ഇപ്പോള്‍ സോണി ലിവിലൂടെ ഡയറക്ട് ഒ.ടി.ടി റിലീസിന് എത്തിയിരിക്കുകയാണ്. വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്ന സിനിമ ഹാസ്യത്തിന്റെ ചുവടുപിടിച്ചാണ് മുന്നോട്ട് പോകുന്നത്.
കഥാപാത്രങ്ങളുടെ പ്രകടനങ്ങളാണ് സിനിമയുടെ കരുത്ത്. ഇമോഷണല്‍ രംഗങ്ങളും ഹാസ്യ രംഗങ്ങളും വളരെ പക്വതയോടെയാണ് ഓരോ അഭിനേതാക്കളും അവതരിപ്പിക്കുന്നത്. കൂട്ടത്തില്‍ എടുത്ത് പറയേണ്ട പ്രകടനം തന്നെയാണ് ജഗദീഷിന്റേത്. ദിലീപ് എന്ന സാധാരണ കോണ്‍സ്റ്റബിളായിട്ടാണ് ചിത്രത്തില്‍ ജഗദീഷിന്റെ കഥാപാത്രമെത്തുന്നത്. ‘സാധാരണ കോണ്‍സ്റ്റബിള്‍’ എന്ന പ്രയോഗം എത്രമാത്രം അനിവാര്യമാണെന്ന് സിനിമ മുന്നോട്ട് പോകുമ്പോള്‍ ഓരോ പ്രേക്ഷകര്‍ക്കും കൃത്യമായി മനസിലാകും.
പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിലനില്‍ക്കുന്ന ശ്രേണീകരണവും മേലാള കീഴാള വേര്‍തിരിവുകളും, ജാതീയമായ പ്രതിസന്ധികളുമൊക്കെ അഭിമുഖീകരിച്ച് നിസഹായത നിറഞ്ഞ മുഖവുമായി സിനിമയില്‍ ഉടനീളം അവതരിപ്പിക്ക പെടുന്ന കഥാപാത്രമാണ് ദിലീപ്. ആ കഥാപാത്രത്തിന്റെ വൈകാരിക നിമിഷങ്ങളെ അത്ര ഭംഗിയോടെ തീവ്രത ഒട്ടും ചോര്‍ന്നുപോകാത പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ജഗദീഷിന് കഴിയുന്നുണ്ട്.
അത്ര മനോഹരമായിട്ടാണ് അയാള്‍ ആ കഥാപാത്രത്തെ സ്വീകരിച്ചിരിക്കുന്നത്. സംഭാഷണങ്ങളില്ലാത്ത രംഗങ്ങളിലൂടെയും വളരെ കുറഞ്ഞ സംഭാഷണങ്ങളിലൂടെയുമൊക്കെ തന്റെ വേദനകളെയും നിസഹായതയേയും അപമാനത്തേയുമൊക്കെ അയാള്‍ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്.
വളരെ ആഴമുള്ള കഥാപാത്രമാണ് ദിലീപ്. മേലുദ്യേഗസ്ഥന്‍ പറയുന്ന കാര്യങ്ങളെല്ലാം അതേപടി അനുസരിക്കേണ്ടി വരുന്നയാളാണ്. ചില സന്ദര്‍ഭങ്ങളിലാകട്ടെ അയാളുടെ തന്നെ അനാസ്ഥകൊണ്ട് വളരെ ഗുരുതരമായ പ്രതിസന്ധികളിലേക്ക് ദിലീപ് വീണുപോവുകയും ചെയ്യുന്നുണ്ട്. ചിത്രത്തില്‍ ജഗദീഷ് നല്ലരീതിയില്‍ തന്നെ ഹാസ്യത്തെ കൈകാര്യം ചെയ്യുന്നുണ്ട്.
മുമ്പും നിരവധി സിനിമകളില്‍ ഹാസ്യ രംഗങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും അതില്‍ നിന്നുമൊക്കെ തികച്ചും വ്യത്യസ്തമായ സ്വഭാവമാണ് പുരുഷ പ്രേതത്തിലെ തമാശ രംഗങ്ങള്‍ക്ക്. സാഹചര്യത്തിനനുസരിച്ചാണ് സിനിമയിലെ പല ഹാസ്യ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. അതായത് തമാശക്ക് വേണ്ടി തമാശ പറയുക എന്നതിനപ്പുറത്തേക്ക് കഥയുടെ ഒഴിക്കിനൊപ്പം തമാശകള്‍ കൂടിച്ചേരുന്ന ഒരു അനുഭവമാണ് പുരുഷ പ്രേതം. അതുകൊണ്ട് തന്നെ ചിത്രത്തില്‍ ജീവനുള്ള പ്രകടനം കാഴ്ചവെച്ചവരില്‍ ഒരാള്‍ ജഗദീഷാണെന്ന് നിസംശയം പറയാം കഴിയും.
content highlight: actor jagadeesh’s charactor in purusha pratham movie