Advertisement
Entertainment
റോഷാക്കിനെ കുറിച്ച് മമ്മൂക്ക പറഞ്ഞ ആ ഒരൊറ്റ കാര്യത്തില്‍ മാത്രം എനിക്ക് വിയോജിപ്പുണ്ട്; പ്രസ് മീറ്റില്‍ ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 05, 03:03 am
Wednesday, 5th October 2022, 8:33 am

ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രം വ്യത്യസ്തമായ പ്രോജക്ടായിരിക്കുമെന്ന സൂചനകളാണ് പുറത്തുവന്ന പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം നല്‍കുന്നത്.

ഡാര്‍ക് മോഡിലൊരുങ്ങുന്ന റോഷാക്ക് സൈക്കോളജിക്കല്‍ ത്രില്ലറോ, ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറോ ആകാനാണ് സാധ്യത. ചിത്രത്തിന്റെ പേരായ റോഷാക്ക്, ട്രെയ്‌ലറില്‍ വന്നിരുന്ന വൈറ്റ് റൂം ടോര്‍ച്ചറിന്റെ വിഷ്വലുകള്‍ തുടങ്ങിയവ വലിയ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് നടന്ന പ്രൊമോഷന്‍ പ്രസ് മീറ്റില്‍ റോഷാക്കിനെ കുറിച്ച് മമ്മൂട്ടി സംസാരിച്ചിരുന്നു.

വഞ്ചനയുടെയും ചതിയുടെയും സ്‌നേഹത്തിന്റെയും രോഷത്തിന്റെയും പ്രതികാരത്തിന്റെയും തിന്മയുടെയും ബന്ധങ്ങളുടെയും കഥ പറയുന്ന റോഷാക്ക് വളരെ വേഗത്തില്‍ സഞ്ചരിക്കുന്ന ചിത്രമല്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്.

‘നമുക്കെല്ലാവര്‍ക്കും അനുഭവവേദ്യമായ വികാരങ്ങളുടെ കഥ പറയുന്ന സിനിമ തന്നെയാണ് റോഷാക്ക്. വളരെ ഫാസ്റ്ററായ ഒരു സിനിമയാണ് റോഷാക്ക് എന്ന് എനിക്ക് തോന്നുന്നില്ല. അതിന്റേതായ പേസ് സിനിമക്കുണ്ട്. അതുകൊണ്ട് തന്നെ പേഷ്യന്റ് വാച്ചിങ് സിനിമ ആവശ്യപ്പെട്ടേക്കാം.

വഴിമാറി സഞ്ചരിക്കുന്ന ഒരു കഥയല്ല, വഴിമാറി സഞ്ചരിക്കുന്ന കഥ പറച്ചിലാണ് റോഷാക്ക്. വിശദീകരണങ്ങള്‍ തരാന്‍ നമുക്കുണ്ടാവില്ല,’ എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍.

എന്നാല്‍ മമ്മൂട്ടി സിനിമയുടെ പേസിനെ കുറിച്ച് പറഞ്ഞ കാര്യത്തില്‍ തനിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്നായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്‍ ജഗദീഷിന്റെ വാക്കുകള്‍.

‘മമ്മൂക്ക എന്ത് പേസ് എന്ന് പറഞ്ഞാലും, മമ്മൂക്കയെ ഇതില്‍ ലൂക്ക് ആന്റണിയായി കണ്ടുകൊണ്ടിരിക്കാന്‍ ഒരു രസം തന്നെയാണ്. സ്ലോ പേസ് കവര്‍ ചെയ്യാനുള്ള വിഷ്വല്‍സും റീ റെക്കോഡിങ്ങും മ്യൂസികും തുടങ്ങി നിരവധി കാര്യങ്ങള്‍ സിനിമയിലുണ്ട്.

അതുകൊണ്ട് തന്നെ സ്ലോ പേസ് ഉണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്. അക്കാര്യത്തില്‍ മാത്രം മമ്മൂക്ക പറഞ്ഞതില്‍ എനിക്ക് വിയോജിപ്പുണ്ട്. മമ്മൂക്ക പറയുന്നത് റോഷാക്ക് കാണാന്‍ അല്‍പം ക്ഷമ വേണമെന്നാണ്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല കരുതുന്നത്. ഇനി പടം കണ്ട് നിങ്ങള്‍ തന്നെ തീരുമാനിക്ക്,’ ജഗദീഷ് പറഞ്ഞു.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയേറ്ററുകളിലെത്തുന്നത്. കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് സമീര്‍ അലിയാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മമ്മൂട്ടിയെ കൂടാതെ ഗ്രേസ് ആന്റണി, ജഗദീഷ്, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Actor Jagadeesh differs in opinion about Rorschach with Mammootty