| Thursday, 6th October 2022, 9:56 am

സൂപ്പര്‍ഹിറ്റുകള്‍ തരുന്ന സംവിധായകരല്ല ഇവരൊന്നും, എന്നിട്ടും മമ്മൂക്ക അവരുടെ പ്രോജക്ടുകള്‍ നിര്‍മിക്കുന്നതിന് ഒരു കാരണമുണ്ട്: ജഗദീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടി എന്ന സിനിമാനിര്‍മാതാവിനെ കുറിച്ച് കൂടി ചര്‍ച്ചകള്‍ ഉയരുന്ന കാലമാണ് ഇത്. പ്രമേയത്തിലും ട്രീറ്റ്‌മെന്റിലും പരീക്ഷണം നടത്തുന്ന തിരക്കഥകള്‍ക്കും സംവിധായകര്‍ക്കുമാണ് മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ ഹൗസായ മമ്മൂട്ടി കമ്പനി പ്രാധാന്യം നല്‍കുന്നതെന്ന് ഈയടുത്ത് വന്ന സിനിമകളെല്ലാം സൂചിപ്പിക്കുന്നുണ്ട്.

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ റോഷാക്ക് നിര്‍മിച്ചിരിക്കുന്നതും മമ്മൂട്ടി കമ്പനിയാണ്. മികച്ച പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ മമ്മൂട്ടി എന്ന നിര്‍മാതാവ് പുലര്‍ത്തുന്ന ശ്രദ്ധയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജഗദീഷ് ഇപ്പോള്‍.

ബ്ലോക്ക് ബസ്റ്ററുകളേക്കാളും വലിയ ബിസിനസ് നേടിത്തരാന്‍ സാധ്യതയുള്ള ചിത്രങ്ങളേക്കാളും വ്യത്യസ്ത പ്രമേയങ്ങള്‍ക്കും മികച്ച സംവിധായകര്‍ക്കുമാണ് മമ്മൂട്ടി പ്രാധാന്യം നല്‍കുന്നതെന്ന് ജഗദീഷ് പറഞ്ഞു. റോഷാക്ക് വാര്‍ത്താസമ്മേളനത്തില്‍ വെച്ച്, മമ്മൂട്ടിയെന്ന നിര്‍മാതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജഗദീഷ്.

‘അതിരപ്പള്ളിയില്‍ കാരവാന്‍ കൊണ്ടുപോകാന്‍ പറ്റാത്ത സ്ഥലത്തായിരുന്നു ഷൂട്ടിങ്. നല്ല വെയിലുണ്ടായിരുന്നു. അവിടെ മമ്മൂട്ടി ടെന്റൊക്ക തന്നിരുന്നു(ചിരിയോടെ).

ഭംഗിവാക്ക് പറയുകയല്ല, വളരെ നല്ല ഒരു പ്രൊഡ്യൂസറാണ് മമ്മൂക്ക. പ്രൊമോഷനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ഓടി വരാന്‍ കാരണം ഈ പ്രോജക്ടിനോടുള്ള ആത്മാര്‍ത്ഥതയോടൊപ്പം മമ്മൂക്ക എന്ന പ്രൊഡ്യൂസര്‍ കൂടിയാണ്.

മമ്മൂക്ക നല്ല പ്രോജക്ടുകള്‍ക്ക് വേണ്ടിയുള്ള ഹണ്ടിങ്ങിലാണ്. മികച്ച സംവിധായകരെ അദ്ദേഹം ഇപ്പോഴും അങ്ങോട്ട് അപ്രോച്ച് ചെയ്യാറുണ്ട്. അഭിനേതാവ് എന്ന നിലയില്‍ പോലും അദ്ദേഹം അങ്ങനെയാണ്. മമ്മൂക്കക്ക് ഡേറ്റ് ഒന്നുമുണ്ടാവില്ലെങ്കിലും, നല്ല വേഷങ്ങള്‍ക്ക് വേണ്ടി അങ്ങോട്ട് പോയി അന്വേഷിക്കും.

ആക്ടറെന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും ഇതുപോലെയുള്ള സബ്ജക്ടുകള്‍ സെലക്ട് ചെയ്യാന്‍ പ്രത്യേക മനസും ധൈര്യവും വേണം. ആക്ടറെന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ വേഷമാണ് ഈ ചിത്രത്തിലേത്. അത് മനോഹരമായി എക്‌സിക്യൂട്ട് ചെയ്തിട്ടുമുണ്ട്.

ഇനി മമ്മൂട്ടിയെന്ന നിര്‍മാതാവിലേക്ക് വന്നാല്‍, ഇതിനേക്കാള്‍ ഒരു അടിപൊളി ബ്ലോക്ക് ബസ്റ്റര്‍ പടം വേണമെങ്കില്‍ അദ്ദേഹത്തിന് എടുക്കാം. അനൗണ്‍സ് ചെയ്യുമ്പോള്‍ തന്നെ വലിയ ബിസിനസിനുള്ള സാധ്യതകളുണ്ട്. പക്ഷെ അങ്ങനെയല്ല അദ്ദേഹം ചെയ്തിരിക്കുന്നത്. മമ്മൂക്കയുടെ പുതിയ സിനിമകള്‍ നോക്കിയാല്‍ തന്നെ അത് മനസിലാകും. നല്ല പ്രോജക്ടുകള്‍ക്കാണ് അദ്ദേഹം പ്രധാന്യം നല്‍കിയിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം, ഈ പ്രോജക്ട്, അടുത്ത ജിയോ ബേബി ചിത്രം എന്നിവയാണ് നിര്‍മാതാവ് എന്ന നിലയില്‍ മമ്മൂട്ടിയുടെ അടുത്ത ചിത്രങ്ങള്‍. ഈ സംവിധായകരൊന്നും കൊമേഴ്‌സ്യല്‍ സൂപ്പര്‍ ഡൂപ്പര്‍ ഹിറ്റിന്റെ ആള്‍ക്കാരൊന്നുമല്ല, നല്ല സിനിമയുടെ വക്താക്കളാണ്. സിനിമ നിര്‍മിക്കുമ്പോള്‍ അവരുടെ പ്രോജക്ടുകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഓരോ ദിവസവും മമ്മൂട്ടി സ്‌കോര്‍ ചെയ്യുകയാണെന്നാണ് വ്യക്തിപരമായി എനിക്ക് തോന്നിയിട്ടുള്ളത്,’ ജഗദീഷ് പറഞ്ഞു.

ഒരു പ്രൊഡ്യൂസറെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഇതിന് പിന്നാലെ മമ്മൂട്ടി പങ്കുവെച്ചു. ‘രണ്ട് തരത്തിലുള്ള പ്രൊഡ്യൂസര്‍മാരുണ്ടല്ലോ. സിനിമയുടെ കഥയിലും മറ്റു കാര്യങ്ങളിലും ഇടപെടുന്ന, ദൈനംദിന നിര്‍മാണ പ്രവര്‍ത്തനിത്തല്‍ ഭാഗഭാഗക്കാകുന്ന ആളാണ് ശരിക്കുള്ള പ്രൊഡ്യൂസര്‍. മറ്റേത് ഫൈനാന്‍സറാണ്. എനിക്ക് രണ്ട് രീതിയിലും വളരെ കുറച്ച് റോളേ ഉള്ളു. എനിക്ക് തന്നെ തോന്നിയിട്ടില്ല ഞാന്‍ പ്രൊഡ്യൂസറാണെന്ന്,’ മമ്മൂട്ടി പറഞ്ഞു.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് തിയേറ്ററുകളിലെത്തുന്നത്. കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിസാം ബഷീറാണ് റോഷാക്ക് സംവിധാനം ചെയ്യുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് സമീര്‍ അലിയാണ്.

മമ്മൂട്ടിയെ കൂടാതെ ഗ്രേസ് ആന്റണി, ജഗദീഷ്, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Actor Jagadeesh about Mammootty as a producer

Latest Stories

We use cookies to give you the best possible experience. Learn more