മരിച്ചു കഴിഞ്ഞല്ലോ, ഇനി എന്തുമാവാം എന്ന് കരുതരുത്; ഞാന്‍ പറയുന്നത് ബ്രഹ്മപുരത്തെ കുറിച്ചല്ല: ജഗദീഷ്
Entertainment news
മരിച്ചു കഴിഞ്ഞല്ലോ, ഇനി എന്തുമാവാം എന്ന് കരുതരുത്; ഞാന്‍ പറയുന്നത് ബ്രഹ്മപുരത്തെ കുറിച്ചല്ല: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th March 2023, 4:51 pm

ആവാസവ്യൂഹം എന്ന ചിത്രത്തിന്റെ സംവിധായകനായ കൃഷാന്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് പുരുഷ പ്രേതം. പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ചചെയ്യുന്ന സിനിമയായിരുന്നു ആവാസവ്യൂഹം. ആവാസവ്യൂഹം സിനിമ മുന്നോട്ട് വെച്ച രാഷ്ട്രീയത്തിന്റെ ഇപ്പോഴത്തെ പ്രാധാന്യത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് പുരുഷ പ്രേതത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജഗദീഷ്.

ബ്രഹ്മപുരം വിഷയം മുന്‍നിര്‍ത്തി അവതാരക ഉയര്‍ത്തിയ ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറയുന്നത്. മൃതദേഹങ്ങളെ സംരക്ഷിക്കേണ്ടതിന്റെ രാഷ്ട്രീയത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്നും മൃതദേഹത്തെ വെറുതെ വലിച്ചറിയാന്‍ പാടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. താന്‍ സംസാരിക്കുന്നത് ബ്രഹ്മപുരത്തെ കുറിച്ചല്ലെന്നും ജഗദീഷ് പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പുരുഷ പ്രേതത്തെ കുറിച്ച് പറഞ്ഞാല്‍ ആവാസവ്യൂഹത്തില്‍ പ്രകൃതിയെ സംരക്ഷിക്കുന്നതിനെ കുറിച്ച് പറയുന്നു. പുരുഷ പ്രേതത്തിലേക്ക് വരുമ്പോള്‍ മൃതശരീരങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ചാണ് പറയുന്നത്. അതായത് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതി മൃതശരീരങ്ങളെ അവഗണിക്കാന്‍ നില്‍ക്കെണ്ട എന്നാണ് ഇവിടെ പറയുന്നത്.

ജീവന്‍ നഷ്ടപ്പെട്ടത് കൊണ്ട് മാത്രം എല്ലാമായി എന്ന് വിചാരിക്കരുത്. അവര്‍ക്കും ആദരവ് വേണം. മരിച്ച് കഴിഞ്ഞതുകൊണ്ട് ഇനി എന്തുമാവാം എന്ന് കരുതി എവിടെയെങ്കിലും കൊണ്ട് തള്ളാം എന്ന് ചിന്തിക്കരുത്. അനാഥ പ്രേതങ്ങള്‍ക്ക് നമ്മള്‍ ആവശ്യമായ ആദരവ് കൊടുക്കുന്നുണ്ടോ. അതിനെ നമ്മള്‍ പരിഗണിക്കാറില്ല.

അത് ആരാണെന്ന് തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ട് പിന്നെ ഓരോന്നും ചെയ്യാന്‍ പോയിട്ട് കാര്യമില്ല. ഇതിനെല്ലാം ഒരു ബഹുമാനം നമ്മള്‍ നല്‍കണം. അതിന് പ്രത്യേകം ഒരു പ്രക്രിയയും നടപടി ക്രമങ്ങളും ഉണ്ടാകണം. അതിനൊക്കെ എന്‍.ജി.ഒകളുടെ ആവശ്യമുണ്ട്. അതൊക്കെ നമ്മുടെ സിസ്റ്റത്തിലുണ്ടോ എന്ന് ഈ സിനിമ അന്വേഷിക്കുന്നുണ്ട്. ഞാന്‍ ബ്രഹ്മപുരത്തെ കുറിച്ചൊന്നുമല്ല പറയുന്നത്,’ ജഗദീഷ് പറഞ്ഞു.

content highlight: actor jagadeesh about brahmapuram issue