Entertainment news
മമ്മൂക്ക മാത്രമല്ല, മറ്റ് ചിലര്‍ വന്നാലും നമ്മള്‍ സൈലന്റാകും; വര്‍ത്താനം ഒക്കെ നാളെ, പണിയെടുക്കെന്ന് അദ്ദേഹം പച്ചക്ക് പറയും: ജാഫര്‍ ഇടുക്കി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 06, 10:17 am
Friday, 6th January 2023, 3:47 pm

മമ്മൂട്ടിയുടെ ലൊക്കേഷനിലുള്ളതിനേക്കാള്‍ സൈലന്റായിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ലൊക്കേഷനില്‍ വര്‍ക്ക് ചെയ്യുകയെന്ന് ജാഫര്‍ ഇടുക്കി. സംസാരിക്കാതെ വര്‍ക്ക് ചെയ്യാന്‍ ലിജോ മുഖത്ത് നോക്കി പറയുമെന്നാണ് ജാഫര്‍ പറഞ്ഞത്.

എന്നാല്‍ മോഹന്‍ലാല്‍ നേരെ തിരിച്ചാണെന്നും എല്ലാവരെയും ലൊക്കേഷനില്‍ ചെന്നാല്‍ വിഷ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തെ പോലുള്ള നടന്മാര്‍ വരുമ്പോള്‍ ആരും സൈലന്റാകാന്‍ പറയേണ്ടതില്ലെന്നും നടന്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ജാഫര്‍ ഇടുക്കി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂട്ടിയുടെ ലൊക്കേഷനില്‍ മാത്രമല്ല വേറെയും ചിലര്‍ വരുമ്പോള്‍ നമ്മള്‍ സൈലന്റാകും. അതുവരെയുള്ള ചിരിയും കളിയും വിട്ട് സീരിയസ് ആകും. ഡയറക്ടര്‍ ലിജോ സാറിന്റെ ലൊക്കേഷനില്‍ ചെന്നാലും നമ്മള്‍ എല്ലാം സൈലന്റായിട്ടാണ് ഇരിക്കുക.

വര്‍ത്താനം ഒക്കെ നാളെ, പണിയെടുക്കെന്ന് അദ്ദേഹം പച്ചക്ക് പറയും. ലാലേട്ടന്‍ പക്ഷെ ഇങ്ങനെ ഒന്നുമല്ല. എല്ലാവരെയും വിഷ് ചെയ്ത് മേക്കപ്പ് ഇട്ട് അദ്ദേഹം ജോലി ചെയ്യാനായിട്ട് പോകും.

അവരൊക്കെ സിമ്പിള്‍ മനുഷ്യരാണ്. ഇതിന്റെ അകത്ത് നിന്ന് എല്ലാം പഠിച്ചിട്ടാണ് അവര്‍ ഇരിക്കുന്നത്. എങ്ങനെ നടക്കണമെന്നും വെക്കേണ്ട ഒരു മൂവ്‌മെന്റിനേക്കുറിച്ച് പോലും അവര്‍ക്ക് വ്യക്തമായ ഐഡിയ ഉണ്ടാകും.

ആര് സംസാരിച്ചാലും അവരൊക്കെ സംസാരിക്കുന്നതിനാണ് ഇവിടെ വില. അവര്‍ വരുമ്പോള്‍ തന്നെ നമ്മള്‍ സൈലന്റാകും. ആരും അതിനായിട്ട് നമ്മളോട് പറയേണ്ടതില്ല,” ജാഫര്‍ ഇടുക്കി പറഞ്ഞു.

ഗോള്‍ഡാണ് ജാഫര്‍ ഇടുക്കിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ വിവാഹ ബ്രാക്കറായിട്ടാണ് ജാഫര്‍ എത്തിയത്. നയന്‍താര, ബാബുരാജ്, മല്ലിക സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.

content highlight: actor jaffer idukki about lijo jose pellisserry