മലയന്‍കുഞ്ഞ് സിനിമയില്‍ ഫഹദ് ഫാസിലിന്റെ അച്ഛനായെത്തി കയ്യടി നേടുകയാണ് ജാഫര്‍ ഇടുക്കിയുടെ കഥാപാത്രം. ചെയ്യുന്ന സീനുകളുടെ എണ്ണം എത്ര ചെറുതായാലും ഓരോ സിനിമയും തന്റേതാക്കി മാറ്റാനുള്ള കാലിബറുള്ള നടനാണ് ജാഫര്‍ ഇടുക്കി.
മലയന്‍കുഞ്ഞില്‍ ചുരുക്കം സീനുകളില്‍ മാത്രമാണ് ജാഫര്‍ ഇടുക്കി എത്തുന്നതെങ്കിലും സിനിമയിലെ മുഴുനീള സാന്നിധ്യമായി മാറാന്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് സാധിക്കുന്നുണ്ട്. മലയന്‍കുഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട് ജാഫര്‍ ഇടുക്കി നേരത്തെ പറഞ്ഞ ചില കാര്യങ്ങള്‍
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മലയന്‍കുഞ്ഞ് ഗംഭീര റൂട്ടിലുള്ള ചിത്രമാണെന്നും ഫഹദ് സാര്‍ അടിപൊളിയായി അനിക്കുട്ടന്‍ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചിട്ടുണ്ടെന്നുമാണ് താരം പറയുന്നത്. ഒപ്പം സിനിമയില്‍ ഇന്ന് വന്ന മാറ്റങ്ങളെ കുറിച്ചും ജാഫര്‍ ഇടുക്കി സംസാരിക്കുന്നുണ്ട്.
‘ബോംബെ, എറണാകുളം, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളായിരുന്നു മലയന്‍കുഞ്ഞിന്റെ ലൊക്കേഷന്‍. കൊവിഡ് പ്രശ്‌നങ്ങള്‍ എല്ലാം വന്നപ്പോള്‍ ബോംബെയിലേക്ക് ഷൂട്ട് മാറ്റുകയായിരുന്നു.
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. പടം ഏത് റൂട്ടാണ് പോയേക്കുന്നത്. ഭയങ്കര റൂട്ടിലാണ്. പിന്നെ പുലികളല്ലേ വര്‍ക്ക് ചെയ്തിരിക്കുന്നത്. അടിപൊളി പടമാണ്. നല്ല ക്യാമറയും തീമുമാണ്. പിന്നെ ഫഹദ് സാര്‍ അടിപൊളിയായി ചെയ്തിട്ടുണ്ട്, ജാഫര്‍ ഇടുക്കി പറഞ്ഞു.
സിനിമയില്‍ ശരിക്കും ഇപ്പോള്‍ ആരും അഭിനയിക്കുന്നില്ല. ചിലര്‍ പറയും കഥാപാത്രമായി ജീവിക്കുകയായിരുന്നല്ലോ എന്ന്. അങ്ങനെയൊന്നും ഞാന്‍ പറയുന്നില്ല. അഭിനയിക്കുന്നില്ല എന്ന് പറയാം. അങ്ങനെയാണ് ചെയ്യുന്നത്. എല്ലാവരും ഇപ്പോള്‍ അങ്ങനെ തന്നെയാണ് ചെയ്യുന്നത്. സിനിമ തന്നെ അങ്ങനെയായി. ഇപ്പോഴത്തെ ചെറുപ്പക്കാരായ നായകന്മാരെല്ലാം നാച്ചുറല്‍ പിടിയാണ് പിടിക്കുന്നത്. നായികമാരും അങ്ങനെ തന്നെ. പണ്ട് അങ്ങനെയായിരുന്നു.
പഴയ സിനിമകള്‍ എടുത്താല്‍ ഒരു മൈക്കൊക്കെ കെട്ടിത്തൂക്കിയായിരുന്നു ചെയ്തത്. സ്റ്റേജില്‍ ചെയ്യുന്നതുപോലെയായിരുന്നു. സ്റ്റേജില്‍ നമ്മള്‍ ഉറക്കെ സംസാരിച്ചാലേ കാണികള്‍ക്ക് കേള്‍ക്കാന്‍ പറ്റുള്ളൂ. ഇന്ന് സിനിമയില്‍ കാര്യങ്ങള്‍ മാറി. ക്യാമറ ചെയ്യുന്നതെല്ലാം പിള്ളേര്‍ സെറ്റാണ്. പിന്നെ മാറ്റങ്ങള്‍ വേണമല്ലോ. പഴമയില്‍ മാത്രം നില്‍ക്കരുത്. എല്ലാം പുതുമയിലേക്ക് വരണം. ജനറേഷന്‍ മാറിയില്ലേ, ജാഫര്‍ ഇടുക്കി പറഞ്ഞു.
കൂടെ അഭിനയിച്ചവരില്‍ അത്ഭുതപ്പെടുത്തിയ നടന്‍ ആരാണെന്ന ചോദ്യത്തിന് പലരും പല രീതിയാണെന്നും ഒരാളുടെ പേര് പറയാന്‍ സാധിക്കില്ലെന്നുമായിരുന്നു ജാഫര്‍ ഇടുക്കിയുടെ മറുപടി. പല അഭിമുഖങ്ങളിലും മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ ഇഷ്ടമെന്ന് ചിലര്‍ ചോദിക്കുന്നത് കേട്ടിട്ടുണ്ട്.
അപ്പോള്‍ മമ്മൂക്കയുടെ പേര് ആദ്യം പറഞ്ഞാല്‍ പ്രശ്‌നമാകുമോ അല്ലെങ്കില്‍ ലാലേട്ടന്റെ പേര് പറഞ്ഞാല്‍ പ്രശ്‌നമാകുമോ എന്നൊക്കെ ചിലര്‍ കരുതും. എന്നെ സംബന്ധിച്ച് ഈ പ്രശ്‌നമില്ല. ഓരോ നടന്മാരിലും ഓരോ സ്ഥലങ്ങളിലും അവരുടേതായ മേല്‍ക്കൈ ഉണ്ട്. എനിക്ക് അങ്ങനെ ഒരാളെ പറയാന്‍ അറിയില്ല. എല്ലാവരും ഒന്നിനൊന്ന് മെച്ചമാണ്, ജാഫര്‍ ഇടുക്കി പറഞ്ഞു.
Content Highlight: Actor Jaffar idukki about malayankunju Character