| Monday, 20th June 2022, 2:03 pm

ഈ മൂന്ന് നാല് കൊല്ലം എന്താണ് കാണിച്ചുകൊണ്ടിരിക്കുന്നത്; സാധാരണക്കാരനായ ഒരു മനുഷ്യന്റെ കയ്യിലും പത്ത് പൈസയില്ല: ജാഫര്‍ ഇടുക്കി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടനാണ് ജാഫര്‍ ഇടുക്കി. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവും സ്വാഭാവിക അഭിനയവുമാണ് ജാഫര്‍ ഇടുക്കിയെ മറ്റ് നടന്മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

നവാഗതനായ ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്ത ഹെവനാണ് ജാഫര്‍ ഇടുക്കിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

തന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ സ്വന്തം കുട്ടികളാണെന്ന് പറയുകയാണ് ജാഫര്‍ ഇടുക്കി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സിനിമാ ജീവിതത്തെ കുറിച്ചും ചുരുളി പോലൊരു സിനിമ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചും സിനിമ മേഖലയില്‍ ദുരിതമനുഭവിക്കുന്ന ആളുകളെ കുറിച്ചുമൊക്കെ ജാഫര്‍ ഇടുക്കി സംസാരിക്കുന്നത്.

ചുരുളി പോലൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് സ്വന്തം മകള്‍ കാണുമ്പോള്‍ അവര്‍ എങ്ങനെ അതിനെ കുറിച്ച് ചിന്തിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അതിന് എന്താണ് കുഴപ്പമെന്നായിരുന്നു ജാഫര്‍ ഇടുക്കിയുടെ മറുപടി.

അതിനെന്താണ്? ഞാന്‍ സിനിമയില്‍ ഡയലോഗുകള്‍ പറഞ്ഞു, ജോജു പറഞ്ഞു. അല്ലെങ്കില്‍ ചെമ്പന്‍ പറഞ്ഞു. ഞങ്ങളല്ലല്ലോ യഥാര്‍ത്ഥത്തില്‍ ചീത്ത പറയുന്നത്. പിന്നെ സിനിമ കണ്ട പൊലീസ് തന്നെ പറഞ്ഞല്ലോ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഇല്ലാതാക്കരുതെന്ന്. കേസ് കൊടുത്തവര്‍ക്കെതിരെ കേസ് വന്നില്ലേ.

എനിക്ക് പറയാനുള്ളത്. നമ്മള്‍ ഇത് പറയണ്ട. നമ്മള്‍ വേറെ ഭാഷ പറയാം. ‘ നക്കാന്‍ ഇവിടെ എന്നാ ഉണ്ടെഡാ പൊന്നുമോനെ? എന്ന് ഷാപ്പുകാരനോട് ചോദിച്ചുകഴിയുമ്പോള്‍ നക്കണമെങ്കില്‍ നീയൊരു കാര്യം ചെയ്യ് നിന്റെ വീട്ടില്‍ നിന്ന് ഇച്ചിരി അച്ചാര്‍ എടുത്തോണ്ട് വന്ന് ഇവിടെ കള്ളുംകുടിച്ചിരുന്ന് നക്കിക്കോ. എന്ന് പറഞ്ഞാല്‍ പോരെ.

ഈ പറയുന്ന എന്റെ കൊച്ചും മറ്റുള്ള പിള്ളേരും ഒക്കെ ഒന്ന് റോട്ടിലിറങ്ങി നടന്ന് സഞ്ചരിച്ചാല്‍ മതി. റോട്ടിലിറങ്ങി നടന്ന് ഒരു പത്ത് കിലോമീറ്റര്‍ അല്ലെങ്കില്‍ ഒരു അഞ്ച് കിലോമീറ്റര്‍ ചുമ്മാ സഞ്ചരിച്ചാല്‍ മതി. പല ഭാഗത്തുനിന്നും ഇത് കേള്‍ക്കാം. എന്തിന് ഏറെ പറയുന്നു. നമ്മുടെ അയല്‍വക്കത്തുനിന്നും കേള്‍ക്കില്ലേ, ഇതിലും വലുത് കേള്‍ക്കില്ലേ?

കേള്‍ക്കുക മാത്രമല്ല അമ്പിളി ചേട്ടന്‍ കവല എന്ന സിനിമയില്‍ മുണ്ട് പൊക്കി കാണിക്കുന്നില്ലേ, അത് വരെ നടക്കുന്നുണ്ട്. ഇതൊന്നുമല്ല വിഷയം. മനുഷ്യനാകണം ആദ്യം. ചുമ്മാ ആവശ്യമില്ലാത്തതിനൊക്കെ വിമര്‍ശിക്കാതെ.

എന്തുമാത്രം ആള്‍ക്കാര്‍ ഇവിടെ പട്ടിണി കിടക്കുന്നുണ്ടെന്ന് അറിയുമോ. ശരിക്കും പറഞ്ഞാല്‍ ഒന്ന് ചിന്തിച്ചാല്‍ നമ്മള്‍ക്ക് സന്തോഷിക്കാനാവില്ല. നമ്മള്‍ അഭിനയിക്കുന്നു മാറി നിന്ന് അതുമിതും പറയുന്നു. അസിസ്റ്റന്റ് വന്ന് ഷോട്ട് റെഡിയായെന്ന് പറയുമ്പോള്‍ വീണ്ടും പോയി അഭിനയിക്കുന്നു. എന്നാല്‍ ക്യാമറയ്ക്ക് പുറത്ത് വര്‍ക്ക് ചെയ്യുന്ന എത്ര പേര്‍ പണിയില്ലാതെ വീട്ടില്‍ ഇരിക്കുന്നുണ്ടെന്ന് അറിയുമോ.

ഈ ഫീല്‍ഡില്‍ മാത്രമല്ല. നമ്മള്‍ മൂന്ന് നാലം കൊല്ലം എന്താണ് കാണിച്ചുകൊണ്ടിരിക്കുന്നത്. ആലോചിച്ചു നോക്കൂ. മൂന്ന് നാല് കൊല്ലം നമ്മള്‍ അങ്ങ് ജീവിച്ച് പോകുന്നുണ്ട്. സാധാരണക്കാരനായ ഒരു മനുഷ്യന്റെ കയ്യിലും പൈസയില്ല. പത്ത് പൈസയില്ല. ഭയങ്കര പ്രശ്‌നമാണ്.

ആത്മഹത്യ, കാര്യങ്ങള്‍ ഇതെല്ലാം ഇവിടെ നടക്കുന്നുണ്ട്. അടുത്തിടെ കണ്ട വാര്‍ത്ത കാന്‍സറായ ഭാര്യയെ ചികിത്സിക്കാന്‍ കഴിയാതെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഭര്‍ത്താവ് കെട്ടിത്തൂങ്ങി ചത്തു എന്നതാണ്.

നമ്മുടെ വീടിന്റെ പരിഹരത്തുള്ള ഒരു പത്ത് വീട്ടില്‍ ആഴ്ചയിലോ മാസത്തിലോ ഒരിക്കല്‍ നമ്മള്‍ പയ്യേ ഒന്ന് പോയി ‘എന്നാ ഉണ്ട് എന്ന് ചോദിക്കുമ്പോ.. ആ ഒന്നുമില്ലെന്ന് അവര്‍ പറയുന്നു. ഒന്നുമില്ല എന്നാല്‍ ഒന്നുമില്ല എന്ന് തന്നെയാണ്. വന്ന് വന്ന്… (കരയുന്നു).
ശരിക്ക് തിരക്കിയാല്‍ അറിയാന്‍ പറ്റും. നമ്മള്‍ ഇമോഷണലായിപ്പോകും. ഇങ്ങനെയുള്ള അവസ്ഥകള്‍ അറിയണമെങ്കില്‍ നമ്മളൊന്ന് സഞ്ചരിച്ചാല്‍ മതി. നമുക്ക് മനസിലാകും, ജാഫര്‍ ഇടുക്കി പറഞ്ഞു.

ഒരു സിനിമാക്കാരന്‍ ആവാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും സ്വന്തം നാടായ ഇടുക്കിയും അവിടുത്തെ ഭാഷയുമാണ് ഈ മേഖലയിലെത്താന്‍ തന്നെ ഏറെ സഹായിച്ചിട്ടുള്ളതെന്നും അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞു. സിനിമയിലെത്തുന്നതിന് മുമ്പ് ഓട്ടോ ഓടിച്ചും പ്ലമ്പിംങ്, വയറിങ് പണികള്‍ ചെയ്തും ജീവിച്ച കാലത്തെ കുറിച്ചും അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞു.

ഓരോ സിനിമയിലേയും കഥാപാത്രങ്ങള്‍ക്ക് വേണ്ടുന്ന രീതിയിലുള്ള രൂപമാറ്റം വരുത്താന്‍ എപ്പോഴും ഒരുക്കമാണെന്നും തന്റെ ഏറ്റവും വലിയ വിമര്‍ശകര്‍ സ്വന്തം കുട്ടികളാണെന്നും അഭിമുഖത്തില്‍ അദ്ദേഹം പറയുന്നുണ്ട്.

Content Highlight: Actor Jaffar Idukki about his cinema career and financial crisis of people

We use cookies to give you the best possible experience. Learn more