സ്വപ്രയത്‌നം കൊണ്ട് സിനിമാലോകത്ത് മികച്ച സ്ഥാനം നേടിയയാളാണ് നടന്‍ ജയസൂര്യയെന്ന് നടന്‍ ഇര്‍ഷാദ്. അര്‍പ്പണബോധമാണ് ജയസൂര്യയെ സിനിമയിലെത്തിച്ചതെന്നും ഇര്‍ഷാദ് പറഞ്ഞു.
ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയസൂര്യയുമൊത്തുള്ള അനുഭവങ്ങള്‍ ഇര്‍ഷാദ് പങ്കുവെച്ചത്.
‘രസകരമായ ഒരു കഥയാണ്. ഇപ്പോള്‍ അത് പറയാന്‍ എനിക്ക് കുഴപ്പമൊന്നുമില്ല. ഞാന്‍ ഒരു സീരിയലില്‍ നായകനായി അഭിനയിക്കുമ്പോള്‍ അതില്‍ എന്റെ സുഹൃത്തിന്റെ വേഷം ചെയ്തയാളാണ് ജയസൂര്യ. ജയന്റെ ഡെഡിക്കേഷനെപ്പറ്റിയാണ് ഞാന്‍ പറയാന്‍ പോകുന്നത്. അല്ലാതെ അദ്ദേഹത്തെ ചെറുതാക്കി കാണിക്കുകയല്ല. തൃശ്ശൂരാണ് അന്ന് സീരിയലിന്റെ ഷൂട്ട് നടക്കുന്നത്. ജയസൂര്യ അന്ന് കോട്ടയം നസീറിനോടൊപ്പം മിമിക്രി രംഗത്ത് സജീവമാണ്. ജയന് അന്ന് റൂമൊന്നും ഇല്ല. അപ്പോള്‍ എന്നെ അവന്‍ വിളിക്കും. ഇക്ക ഞാന്‍ വരും. കോഴിക്കോട് ആണ് പരിപാടി. രാത്രി രണ്ട് മണിയൊക്കെ ആകും എത്താന്‍. തൃപ്പൂണിത്തുറ പോയിട്ട് വീണ്ടും ഷൂട്ടിനായി വരണമല്ലോ. നാളെ ഷൂട്ട് ഉണ്ടല്ലോ എന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു നീ വാ. ഞാന്‍ റൂം ലോക്ക് ചെയ്യുന്നില്ല. ഞാന്‍ വെളുപ്പിന് എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് ജയന്‍ ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്നതാണ്. ഉറങ്ങാതെ. അതാണ് അവന്റെ ഡെഡിക്കേഷന്‍. ജയസൂര്യ എന്ന നടനെ ഇന്ന് മലയാള സിനിമ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവം ഒന്നു കൊണ്ടു മാത്രമാണ്,’ ഇര്‍ഷാദ് പറഞ്ഞു.
തന്റെ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും ഇര്‍ഷാദ് തുറന്നുപറഞ്ഞിരുന്നു. ഇടതുസഹയാത്രികനാണ് താനെന്നും വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ സിനിമാ ജീവിതത്തിനിടെ ആകെയുണ്ടായ വിവാദം കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാമിനെതിരെയുള്ള വിമര്‍ശനമാണെന്നാണ് ഇര്‍ഷാദ് പറയുന്നത്.