ടിവി സീരിയലുകളിലൂടെ ചലച്ചിത്ര ലോകത്തെത്തി മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചയാളാണ് നടന്‍ ഇര്‍ഷാദ്. സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ച അദ്ദേഹം നൂറിലധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
സിനിമ പോലെ തന്നെ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തികൂടിയാണ് ഇര്‍ഷാദ്. തന്റെ സിനിമാ ജീവിതത്തിനിടെ ആകെയുണ്ടായ വിവാദം കോണ്‍ഗ്രസ് എം.എല്‍.എയായ വി.ടി ബല്‍റാമിനെതിരെയുള്ള വിമര്‍ശനമാണെന്നാണ് ഇര്‍ഷാദ് പറയുന്നത്. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇര്‍ഷാദ് മനസ്സു തുറന്നത്.
25 വര്‍ഷത്തിനിടെ സോഷ്യല്‍ മീഡിയയില്‍ നിന്ന് യാതൊരു നെഗറ്റീവും കേള്‍പ്പിച്ചിട്ടില്ലാത്തയാളാണ് ഇര്‍ഷാദ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ഇര്‍ഷാദ് ആകെ പ്രശ്‌നമുണ്ടാക്കിയത് ബല്‍റാമിനെ തെറിവിളിച്ചത് മാത്രമാണ്. പൊളിറ്റിക്കല്‍ ഇടപെടല്‍ ചിലകാലത്ത് നടത്തിയതിന്റെ ഭാഗമായിട്ടുള്ളതായിരുന്നു അത്. വി.ടി ബല്‍റാമിനെ തെറി വിളിച്ചതിന്റെ ഭാഗമായി പലരും, അയാള്‍ എന്താ അങ്ങനെ എന്ന് പറഞ്ഞിട്ടുണ്ടാവും. എനിക്ക് ആ സമയത്ത് അങ്ങനെ പറയണമെന്ന് തോന്നി പറഞ്ഞതാണ്. എ.കെ.ജി പോലുള്ള മഹാനായ വ്യക്തിയെപ്പറ്റി മോശമായി പറഞ്ഞാല്‍ തീര്‍ച്ചയായും നമ്മള്‍ അതില്‍ പ്രതികരിക്കണം. ഞാന്‍ വളര്‍ന്നതും പഠിച്ചതുമായ സാഹചര്യത്തില്‍ പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ല,’ ഇര്‍ഷാദ് പറഞ്ഞു.
മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വരെ എ.കെ.ജിയെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും എ.കെ.ജി പാര്‍ലമെന്റില്‍ പ്രസംഗിക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസ് എം.പിമാരും സഭയില്‍ ഉണ്ടാകണമെന്നുവരെ നെഹ്‌റു പറഞ്ഞിട്ടുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു. ആ സാഹചര്യത്തിലായിരുന്നു തന്റെ വിമര്‍ശനമെന്നും ഇര്‍ഷാദ് പറയുന്നു.
അതേസമയം ബല്‍റാമിനോട് വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്നും ഇപ്പോഴും കാണുമ്പോള്‍ തങ്ങള്‍ സംസാരിക്കാറുണ്ടെന്നും ഇര്‍ഷാദ് പറഞ്ഞു.
ഓപ്പറേഷന്‍ ജാവയാണ് ഇര്‍ഷാദിന്റെ ഏറ്റവുമടുത്ത് പുറത്തിറങ്ങിയ ചിത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Actor Irshad Talks About His Political Stand