ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയില്‍ അഭിനയിച്ചതില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്ന് നടന്‍ ഇര്‍ഷാദ്. ബിഗ് ബോസ് കണ്ടസ്റ്റന്റ് ഡോ. റോബിന്‍ രാധാകൃഷ്ണനെ ആഘോഷിച്ച നാട്ടില്‍ നല്ല സമയം എന്ന ഒരു സിനിമയെടുത്തത് തെറ്റാണോയെന്നും അദ്ദേഹം ചോദിച്ചു.
സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ഒരു സിനിമയും പരാജയപ്പെടാന്‍ വേണ്ടി ചെയ്യുന്നില്ലെന്നും ഒരുപാട് പരാജയപ്പെട്ട സിനിമയില്‍ ഒന്ന് മാത്രമാണ് നല്ല സമയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എല്ലാം ഓരോ ശ്രമങ്ങളാണ്. നല്ല സമയത്തിലെ സ്വാമിനാഥന്‍ എന്ന കഥാപാത്രം ഞാന്‍ ഇഷ്ടപ്പെട്ട് ചെയ്തതാണ്. എനിക്ക് ഫ്‌ളക്‌സിബിളായി ചെയ്യാന്‍ പറ്റിയ ക്യാരക്ടറാണ് എന്ന് എന്നോട് നിരവധി പേര്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും മെസേജ് അയക്കാറുണ്ട്.
സ്വാമിനാഥന്‍ എന്ന കഥാപാത്രം മാത്രം എടുത്തുനോക്കിയാല്‍ പ്രശ്‌നം ഉണ്ടാകില്ല. ആ സിനിമ മോശമായതുകൊണ്ടാണ് ഇപ്പോഴീ ചീത്തപ്പേരുണ്ടാകുന്നത്.
ഹാപ്പി വെഡ്ഡിങ്, ചങ്ക്‌സ് പോലുള്ള സിനിമകള്‍ ചെയ്ത ആളാണ് ഒമര്‍ ലുലു. ആ സിനിമകള്‍ കാണാന്‍ ഇവിടെ ആളുകളുണ്ടായി. അത്തരം സിനിമകളെ ആസ്വദിക്കുന്നവര്‍ ഇവിടെയുണ്ട്. നമ്മള്‍ ആളുകളെ രസിപ്പിക്കുക എന്നതാണ് ചെയ്യേണ്ടത്.
നല്ല സമയം ഹിറ്റാകുമായിരുന്നെങ്കില്‍ ആളുകള്‍ ഇങ്ങനെ പറയുമോ. ഈ സിനിമ ആഘോഷിക്കപ്പെട്ടിരുന്നെങ്കില്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് മൈലേജുണ്ടായിരുന്നു. പക്ഷേ പരാജയപ്പെട്ടു. പിന്നെ ഇതൊക്കെ ശ്രമങ്ങളാണ്. ശ്രമങ്ങളുടെ ഭാഗമായി കുറ്റബോധം തോന്നിയിട്ട് കാര്യമില്ല.
പരാജയപ്പെടാന്‍ ആരും സിനിമ ചെയ്യുന്നില്ല. നല്ല സമയം മാത്രമല്ല ഇവിടെ പരാജയപ്പെട്ട സിനിമകള്‍. ഈ വര്‍ഷം തന്നെ 56 സിനിമ ഇറങ്ങിയതില്‍ നാല് എണ്ണം മാത്രമാണ് ഓടിയത്. അതിന്റെ കൂട്ടത്തില്‍ നല്ല സമയവും ഉള്‍പ്പെടുന്നെന്ന് മാത്രം.
റോബിനെ ആഘോഷിച്ച നാടാണിത്. റോബിന്‍ കോഴിക്കോട് ഒരു മാളിലേക്ക് ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ തിരക്കു കാരണം കടന്നു ചെല്ലാന്‍ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഈ റോബിനെ എന്ത് കണ്ടിട്ടാണ് ആരാധിക്കുന്നത്. റോബിനെ ആഘോഷിക്കുന്ന നാട്ടില്‍ നല്ല സമയം ചെയ്തതാണോ വലിയ പാതകം. ഇനിയും ഇതുപോലുള്ള സിനിമകള്‍ വരും. ഒരു നടനെന്ന നിലയില്‍ എന്നെ കൊതിപ്പിക്കുക എന്നതാണ് ഞാന്‍ കാണുന്നത്,’ ഇര്‍ഷാദ് പറഞ്ഞു.