| Sunday, 29th August 2021, 7:30 pm

അന്ന് ഞാന്‍ ആ സീരിയലില്‍ നായകനായിരുന്നു, അവന്‍ സുഹൃത്തിന്റെ വേഷത്തിലും; ജയസൂര്യയുടെ തുടക്കകാലത്തെ കുറിച്ച് ഇര്‍ഷാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയസൂര്യയുടെ ആത്മസമര്‍പ്പണത്തെ പ്രശംസിച്ച് നടന്‍ ഇര്‍ഷാദ്. ഇന്ന് മലയാള സിനിമാ ലോകം അംഗീകരിക്കുന്ന നിലയിലേക്ക് ജയസൂര്യ എത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം അവന്റെ അത്മസമര്‍പ്പണം തന്നെയാണ് എന്നാണ് ഇര്‍ഷാദ് പറയുന്നത്.

ജിന്‍ജര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഷാദ്. കോട്ടയം നസീറിനൊപ്പം ജയസൂര്യ മിമിക്രി ചെയ്തുകൊണ്ടിരുന്ന കാലത്തെ ഓര്‍മകളാണ് ഇര്‍ഷാദ് പങ്കുവെക്കുന്നത്.

ഒരു ദിവസം തന്റെ വീട്ടില്‍ തങ്ങാനെത്തിയ ജയസൂര്യ അടുത്ത ദിവസത്തെ ഷൂട്ടിന് വേണ്ടി രാത്രി മുഴുവന്‍ ഉറങ്ങാതെ ഡാന്‍സ് പ്രാക്ടീസ് ചെയ്തതിനെ കുറിച്ചാണ് ഇര്‍ഷാദ് പറയുന്നത്.

‘ഞാന്‍ നിലാമഴ എന്ന സീരിയലില്‍ നായകനായി അഭിനയിക്കുമ്പോള്‍ അതില്‍ എന്റെ സുഹൃത്തായി അഭിനയിച്ചയാളാണ് ജയസൂര്യ. ഇത് ജയസൂര്യയെ കുറച്ച് കാണിക്കാനല്ല, അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെ കുറിച്ച് പറയാനാണ് പറയുന്നത്.

തൃശൂരാണ് സീരിയലിന്റെ ഷൂട്ട് നടക്കുന്നത്. ആ സമയത്ത് കോട്ടയം നസീറിനൊപ്പം മലബാര്‍ ഭാഗങ്ങളില്‍ ജയസൂര്യ മിമിക്രി ചെയ്യുന്നുണ്ടായിരുന്നു. അപ്പോള്‍ ആള്‍ക്ക് മുറിയൊന്നുമില്ല.

പരിപാടി കഴിഞ്ഞ് ഒരു ദിവസം എന്നെ വിളിച്ചു, തൃപ്പൂണിത്തറ പോയി അടുത്ത ദിവസം തിരിച്ച് തൃശൂരിലേക്ക് ഷൂട്ടിന് വരുന്നതിന് പകരം എന്റെ മുറിയില്‍ വന്ന് നിന്നോട്ടെയെന്ന് ചോദിച്ചു. ഞാന്‍ വരാന്‍ പറഞ്ഞു.

കോഴിക്കോട് നിന്നും എത്താന്‍ പുലര്‍ച്ചെ രണ്ട് മണിയാകുമെന്ന് ജയസൂര്യ പറഞ്ഞതുകൊണ്ട് ഞാന്‍ വാതിലടച്ചില്ല. ഞാന്‍ ഉറങ്ങിയും പോയി. പുലര്‍ച്ചെ എണീറ്റ് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ഉറങ്ങാതെ ഡാന്‍സ് പരിശീലനം നടത്തുന്ന ജയസൂര്യയെയാണ്,’ ഇര്‍ഷാദ് പറഞ്ഞു.

എന്താണ് നീ ചെയ്യുന്നത് എന്ന് ചോദിച്ച് ചെന്നപ്പോള്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ചതിന് ക്ഷമ ചോദിക്കുകയായിരുന്നു ജയസൂര്യ ചെയ്തത് എന്നാണ് ഇര്‍ഷാദ് ഓര്‍ത്തെടുക്കുന്നത്.

ഒരു സിനിമയിലോ സീരീയലിലോ അവസരം വാങ്ങിത്തരാന്‍ ആര്‍ക്കും കഴിയും പക്ഷേ അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഇര്‍ഷാദ് പറയുന്നത്. നിരന്തരമായ ശ്രമത്തിലൂടെ മാത്രമേ വിജയിക്കാന്‍ സാധിക്കുവെന്നും അതിന് തന്റെ മുന്നിലുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ജയസൂര്യയെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ എത്തണമെങ്കില്‍ സ്വയം കഷ്ടപ്പെട്ടു തന്നെ മുന്നേറണമെന്നും മറ്റൊരുടെയും സഹായം കൊണ്ട് ഒരു ഗുണവുമില്ലെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Irshad about Jayasurya

We use cookies to give you the best possible experience. Learn more