| Wednesday, 29th April 2020, 12:11 pm

നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 54 വയസായിരുന്നു.

ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇദ്ദേഹം സിനിമാരംഗത്തും സജീവമല്ല.

ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഇര്‍ഫാന് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

1988 ല്‍ പുറത്തിറങ്ങിയ സലാം ബോംബേ എന്ന ചിത്രത്തിലാണ്് ആദ്യമായി ബിഗ് സ്‌ക്രീനിലെത്തിയത്. 1987 ല്‍ പഠിത്തം പൂര്‍ത്തിയായതിനു ശേഷം ഇര്‍ഫാന്‍ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളില്‍ അഭിനയിച്ചു. ‘ചാണക്യ’, ‘ചന്ദ്രകാന്ത’ എന്നിവ അവയില്‍ പ്രധാനമാണ്. വില്ലന്‍ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.

1990 ല്‍ ഏക് ഡോക്ടര്‍ കി മൗത് എന്ന സിനിമയിലും 1998 ല്‍ സച് എ ലോങ് ജേര്‍ണി എന്ന സിനിമയിലും അഭിനയിച്ചു.

പക്ഷേ ഈ സിനിമകളിലെല്ലം ശ്രദ്ധേയമായ ഒരു വേഷം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ല്‍ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തില്‍ അഭിനയിച്ചത് ശ്രദ്ധേയമായി.

ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ല്‍ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ല്‍ ഹാസില്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.

2007 ല്‍ അഭിനയിച്ച ലൈഫ് ഇന്‍ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാര്‍ഡും ലഭിച്ചു.

നടി കൂടിയായ സുതാപ സിക്ദറാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

We use cookies to give you the best possible experience. Learn more