ഹോം എന്ന ഒറ്റ സിനിമയിലൂടെ കരിയറിലെ റേഞ്ച് തന്നെ മാറിയ നടനാണ് ഇന്ദ്രന്‍സ്. അതിഭംഗീരമായ പ്രകടനത്തിലൂടെ, അസാധ്യമായ ഭാവാഭിനയങ്ങളിലൂടെ അത്ര കണ്ട് ഇന്ദ്രന്‍സ് പ്രേക്ഷകരുടെ മനസില്‍ ഇടംനേടി.
ഒരു കാലത്ത് താനായിരുന്നു നായകനെന്ന് അറിയുമ്പോള്‍ മാറി നിന്ന നിരവധി നായികമാരുണ്ടായിരുന്നെന്നും അവരെയൊന്നും ഒരിക്കലും താന്‍ കുറ്റം പറയില്ലെന്നും പറയുകയാണ് ഇന്ദ്രന്‍സ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന മാറ്റിനിര്‍ത്തലുകളെ കുറിച്ച് ഇന്ദ്രന്‍സ് മനസുതുറന്നത്.
”ഞാനാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ മാറി നിന്ന നായികമാരുണ്ട്. ഞാനൊരിക്കലും ആ നടിമാരെ കുറ്റംപറയില്ല. ആത്മഹത്യ ചെയ്യാനല്ലാതെ അറിഞ്ഞുകൊണ്ട് ആരും തീവണ്ടിക്ക് തലവെക്കില്ലല്ലോ? ഓരോരുത്തര്‍ക്കും അവരുടെ കരിയറും ഇമേജുമൊക്കെ പ്രധാനപ്പെട്ടതാണ്. സ്റ്റേജില്‍ വെച്ച് ഷാരൂഖ് ഖാന്‍ എടുത്തുയര്‍ത്തി എന്നു പറയാനാണോ ഇന്ദ്രന്‍സ് എടുത്തുയര്‍ത്തി എന്ന് പറയാനാണോ ഒരു നടിക്ക് ഇഷ്ടമുണ്ടാകുക. ആ വ്യത്യാസമുണ്ടല്ലോ, അതാണ് വ്യത്യാസം,” ഇന്ദ്രന്‍സ് പറയുന്നു.
ഈ മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും തനിക്ക് പുത്തരിയല്ലെന്നും നാലാം ക്ലാസ് വരെയുള്ള തന്റെ വിദ്യാഭ്യാസ ജീവിതത്തില്‍ പല സഹപാഠികളും ‘ഈ സുരേന്ദ്രനെ എന്റെടുത്ത് ഇരുത്താന്‍ പറ്റില്ല, മാറ്റിയിരുത്തണമെന്ന് പറഞ്ഞിട്ടുണ്ട് ‘എന്നും ഇന്ദ്രന്‍സ് പറയുന്നു.
അതുപോലെ ചില സിനിമകളുടെ ക്ലൈമാക്‌സ് സീനില്‍ നിന്ന് മാറ്റിയ നിര്‍ത്തിയ അനുഭവമുണ്ടായിട്ടുണ്ടന്നും ആദ്യമൊക്കെ അത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടായിരുന്നെന്നും പിന്നീടാണ് അതിന്റെ യാഥാര്‍ത്ഥ്യം തനിക്ക് മനസിലായതെന്നും ഇന്ദ്രന്‍സ് പറയുന്നു.
” അതുവരെ കോമാളി കളിച്ച് തലകുത്തി നില്‍ക്കുന്ന കഥാപാത്രങ്ങളായിരിക്കും എന്റേത്. അങ്ങനെ ഒരു വളര്‍ച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്‌സ് സീനില്‍ കയറി നിന്നാല്‍ അതിന്റെ ഗൗരവം നഷ്ടമാകും. അത് സിനിമയെ ബാധിക്കും.
ഇതുമനസിലാക്കിയതോടെ ഞാന്‍ തന്നെ സംവിധായകനോട് പറഞ്ഞു തുടങ്ങി ‘ സര്‍ ഈ സീനില്‍ ഞാന്‍ നില്‍ക്കാതിരിക്കുന്നതല്ലേ നല്ലത് ‘ അങ്ങനെ സ്വയമങ്ങ് ഒഴിവാകും. പിന്നെപ്പിന്നെ ഞാനിതൊരു സൗകര്യമാക്കി.
‘ സര്‍ ക്ലൈമാക്‌സില്‍ ഞാന്‍ ഇല്ലല്ലോ എന്നാല്‍പ്പിന്നെ പോയ്‌ക്കോട്ടെ’ സെറ്റില്‍ നിന്ന് രണ്ട് ദിവസം മുന്നേ സ്ഥലം വിടാം. ഒന്നുകില്‍ വീട്ടിലേക്ക് അല്ലെങ്കില്‍ അടുത്ത ലൊക്കേഷനിലേക്ക്. രണ്ടായാലും സന്തോഷം”, ഇന്ദ്രന്‍സ് പറയുന്നു.