ക്രോണിക് ബാച്ച്‌ലറിലെ ആ സീന്‍ എടുക്കുന്നതിന് മുമ്പ് ഇന്നസെന്റ് ചേട്ടന് ഭയങ്കര ടെന്‍ഷനായിരുന്നു; വര്‍ക്കൗട്ട് ആകുമോ എന്നായിരുന്നു സംശയം: സിദ്ദീഖ്
Entertainment news
ക്രോണിക് ബാച്ച്‌ലറിലെ ആ സീന്‍ എടുക്കുന്നതിന് മുമ്പ് ഇന്നസെന്റ് ചേട്ടന് ഭയങ്കര ടെന്‍ഷനായിരുന്നു; വര്‍ക്കൗട്ട് ആകുമോ എന്നായിരുന്നു സംശയം: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 28th September 2022, 4:01 pm

ഹ്യൂമറിന് പ്രാധാന്യം നല്‍കി ഒരുപാട് സിനിമകള്‍ മലയാളികള്‍ക്ക് സംഭാവന ചെയ്ത സംവിധായകനാണ് സിദ്ദീഖ്.  2003ല്‍ പുറത്തിറങ്ങിയ ക്രോണിക് ബാച്ച്‌ലര്‍ അത്തരത്തിലൊരു സിനിമയാണ്.

മമ്മൂട്ടി, ഇന്നസെന്റ്, ഹരിശ്രീ അശോകന്‍, മുകേഷ്, ഭാവന, രംഭ, കെ.പി.സി ലളിത തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രം മലയാളികളില്‍ ഇന്നും ചിരിപടര്‍ത്തുന്നതാണ്.

സിനിമയുടെ ഷൂട്ടില്‍ വെച്ച് ഒരു സീനില്‍ ഇന്നസെന്റ് ഏറെ ടെന്‍ഷനടിച്ചിരുന്നു. ആ ഭാഗം എങ്ങനെ ചെയ്യുമെന്ന് ആലോചിച്ച് അദ്ദേഹം വിഷമിച്ച സംഭവങ്ങള്‍ സഫാരി ടി.വിയോട് ഓര്‍ത്ത് പറയുകയാണ് സംവിധായകന്‍ സിദ്ദീഖ്.

”ഇന്നസെന്റ് ചേട്ടന് സിനിമയില്‍ വളരെ പ്രാധാന്യമുള്ള വേഷമായിരുന്നു. ഷൂട്ടിങിന്റെ സമയത്ത് വളരെ രസമായിട്ടാണ് അദ്ദേഹം സ്‌ക്രിപ്റ്റ് വായിച്ചതും അഭിനയിച്ചതും.

പക്ഷേ ഒരു സ്ഥലത്ത് മാത്രം സ്‌ക്രിപ്റ്റ് വായിച്ച് അദ്ദേഹം അന്തം വിട്ടിരിക്കുകയായിരുന്നു. ആ സീന്‍ സ്ട്രീറ്റില്‍ വെച്ചാണ് ഷൂട്ട് ചെയ്യേണ്ടത്. അസിസ്റ്റന്റ് ഡയറക്ടര്‍ കൊടുത്ത സ്‌ക്രിപ്റ്റ് ഇന്നസെന്റ് ചേട്ടന്‍ വായിച്ചു.

അദ്ദേഹം വായിച്ചിട്ട് ബ്ലാങ്കായി ഇരിക്കുകയായിരുന്നു. എന്തുപറ്റിയെന്ന് ഞാന്‍ അടുത്ത് ചെന്ന് ചോദിച്ചു. ഇതൊക്കെയെടുത്താല്‍ ശരിയാകുമോ എന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്.

വായിച്ചിട്ട് തന്നെ എനിക്ക് തലപെരുക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബസ് സ്റ്റോപ്പില്‍ ഇന്നസെന്റ് ചേട്ടനെ പുറത്ത് ഇറക്കിവിട്ട് മമ്മൂട്ടി പോകുകയും പിന്നീട് ഹരിശ്രീ അശോകന്‍ വണ്ടിയുമായി വന്നപ്പോള്‍ തെറ്റിദ്ധരിക്കുന്നതും, തുടര്‍ന്ന് അവര്‍ തമ്മിലുള്ള വഴക്കില്‍ കള്ളുകുടിയന്‍ വന്ന് ഇടയില്‍ കേറുന്നതും ശേഷം പടക്ക കടയ്ക്ക് തീ പിടിക്കുന്നതൊക്കെയാണ് സീന്‍. രണ്ട് പേജിലാണ് സ്‌ക്രിപ്റ്റ് എഴുതി വെച്ചിരിക്കുന്നത്.

ഇത് കണ്ടിട്ടാണ് ഇന്നസെന്റേ ചേട്ടന്റെ തലപെരുത്തത്. ഇത് കുഴപ്പമൊന്നുമില്ല നമ്മള്‍ക്ക് എടുക്കാന്‍ പറ്റുമെന്ന് ഞാന്‍ പറഞ്ഞു. ഒരു ദിവസം കൊണ്ട് പറ്റില്ല ചിലപ്പോള്‍ രണ്ട് ദിവസം കൂടി വേണ്ടി വരുമെന്ന് പറഞ്ഞു ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു.

പാര്‍ട്ട് പാര്‍ട്ടായാണ് എടുക്കുക ടെന്‍ഷന്‍ അടിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് കുറേ പറഞ്ഞു. എന്നിട്ടും ചേട്ടന് ഭയങ്കര ടെന്‍ഷനായിരുന്നു.

ഷൂട്ട് കഴിഞ്ഞപ്പോള്‍ ‘നിന്നെ സമ്മതിച്ചു അതെല്ലാം ഷൂട്ട് ചെയ്ത് കഴിഞ്ഞുവെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. കാരണം അതില്‍ അത്രയും ബഹളമുണ്ടെന്ന്’ അദ്ദേഹം പറഞ്ഞു. ചേട്ടന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷനടിച്ച ആ എപ്പിസോഡ് സിനിമയിലെ ഹൈലൈറ്റ് തന്നെയായിരുന്നു,” സിദ്ദീഖ് പറഞ്ഞു.

Content Highlight: Actor Innocent was terribly tense before shooting that scene on Chronic Bachelor said director siddique