| Monday, 10th October 2022, 5:08 pm

ഡയറക്ടര്‍ മേക്കപ്പിട്ട് ഫോട്ടോ എടുക്കാന്‍ ചെന്നു, ആരാധകന്‍ കൈ ക്യാമറ പോലെ പിടിച്ച് ചിരിക്കാന്‍ പറഞ്ഞു, ഇവനെ ഓടിക്കെടാ...സാര്‍ അലറി; സെറ്റില്‍ വെച്ചുണ്ടായ തമാശക്കഥയുമായി ഇന്നസെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടനും നിര്‍മാതാവും എഴുത്തുകാരനും പാര്‍ലമെന്റ് മെമ്പറുമൊക്കെയായി മലയാളികളുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന താരമാണ് ഇന്നസെന്റ്. മലയാളിയെ ഇന്നസെന്റ് ചിരിപ്പിക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട്‌ലേറെ കാലമായി.

ഇപ്പോള്‍ കൗമുദി മൂവീസിലൂടെ തന്റെ സിനിമാ ജീവിതത്തിലുണ്ടായ രസകരമായ സംഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകള്‍ എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് ഇന്നസെന്റ് ഗജകേസരിയോഗം എന്ന സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ തമാശക്കഥ പറയുന്നത്.

‘വിശ്വംഭരന്‍ സാറിന്റെ സെറ്റിലാണ് സംഭവം. അദ്ദേഹം എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ്. അദ്ദേഹത്തിന് എന്നെയും ഇഷ്ടമാണ്. ഒരു കൊച്ചു സംഭവമാണ്. ഷൂട്ടിങ് കാണാന്‍ കുറേ ആളുകള്‍ ഉണ്ടായിരുന്നു. അതിനിടയില്‍ ഒരാള്‍ ഷൂട്ടിനിടയില്‍ കയറി നിന്നപ്പോള്‍ അയാളെ പിടിച്ചു മാറ്റാന്‍ ഡയറക്ടര്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അയാളോട് മാറി നില്‍ക്കാന്‍ പറഞ്ഞു. അയാള്‍ മാറി നിന്നു.

അയാളുടെ കയ്യില്‍ ഒരു കാശിന്റെ ബാഗ് ഒക്കെ ഉണ്ട്. കുറച്ച് സമയം കഴിഞ്ഞ് വീണ്ടും ഷോട്ട് എടുത്തു. അയാള്‍ വീണ്ടും വന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീണ്ടും മാറ്റി നിര്‍ത്തി. ഇവിടെ നിന്നാല്‍ എന്താണ് കുഴപ്പമെന്നൊക്കെ അയാള്‍ ചോദിക്കുന്നുണ്ട്. സാധാരണ നടന്മാരുടെ ഫോട്ടോ എടുക്കാനാണ് ആളുകള്‍ വരിക. ഡയറക്ടറുടെ ഫോട്ടോ എടുക്കാനല്ല.

അതിനിടെ ഈ മാറ്റി നിര്‍ത്തിയ ആള്‍ക്ക് വിശ്വംഭരന്‍ സാറിനൊപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞു. സാര്‍ അയാളെ നോക്കി. നേരത്തെ അയാളെ വഴക്കു പറഞ്ഞ സാര്‍ അയാള്‍ അല്‍പം കയറി നിന്ന് ഷൂട്ടിങ് കണ്ടോട്ടേയെന്ന് പറഞ്ഞു. അതൊക്കെ കഴിഞ്ഞ് ലഞ്ച് ബ്രേക്ക് ആയപ്പോള്‍ ഇയാള്‍ വീണ്ടും ഫോട്ടോയുടെ കാര്യം സാറിനോട് ചോദിക്കാന്‍ തുടങ്ങി.

സാര്‍ അപ്പോള്‍ തന്നെ മേക്കപ്പ് മാനേ വിളിച്ച് ടച്ച് അപ് ഒക്കെ ചെയ്ത് മുടിയൊക്കെ ചീകി അയാളുടെ അടുത്ത് ഫോട്ടോ എടുക്കാന്‍ ചെന്നു. അയാളപ്പോള്‍ ബാഗ് തുറന്നു, എന്നിട്ട് കൈ ക്യാമറ പോലെ പിടിച്ച് ഡയറക്ടറുടെ മുഖത്തേക്ക് കാണിച്ചിട്ട് ഒന്ന് ചിരിച്ചേ… ഒന്ന് ചിരിച്ചേന്ന് പറഞ്ഞു.

അയാളുടെ കയ്യില്‍ ക്യാമറ ഒന്നുമില്ല. രണ്ട് കയ്യും പിടിച്ച് ഒന്ന് ചിരിച്ചേ എന്നൊക്കെ പറയുകയാണ്. ഇത് കണ്ട് ഡയറക്ടര്‍ക്ക് ദേഷ്യം വന്നു, എന്നിട്ട് അവനെ ഓടിക്കെടാ. ഇയാളെ ഈ പരിസരത്ത് കാണരുത് എന്ന് അലറി.

സംഭവം എന്താണെന്ന് വെച്ചാല്‍, ഇയാള്‍ മാനസിക വിഭ്രാന്തിയുള്ള ആളായിരുന്നു. ആശുപത്രിയില്‍ നിന്നെന്തോ ഇറങ്ങി വന്നതാണ്. പിന്നെ രണ്ട് പേര്‍ വന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. പിന്നീടങ്ങോട്ട് ഇവന്‍ ഇടക്ക് വിശ്വംഭരന്‍ സാറിനെ ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിച്ചു കളിയാക്കുമായിരുന്നു. ഞാനും ഇടക്ക് കൂടും.’ ഇന്നസെന്റ് പറയുന്നു.

Content Highlight: Actor Innocent Talking about funny incident while shooting Gajakesariyogam movie Shooting

We use cookies to give you the best possible experience. Learn more