കമ്യൂണിസ്റ്റുകാരനായ ഞാന്‍ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയോട് നമസ്‌കാരം സാര്‍ എന്ന് പറയണോയെന്ന് ഒരു നിമിഷം ചിന്തിച്ചു, പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം കേട്ട് ഞെട്ടിപ്പോയി: ഇന്നസെന്റ്
Entertainment news
കമ്യൂണിസ്റ്റുകാരനായ ഞാന്‍ കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയോട് നമസ്‌കാരം സാര്‍ എന്ന് പറയണോയെന്ന് ഒരു നിമിഷം ചിന്തിച്ചു, പക്ഷേ അദ്ദേഹത്തിന്റെ പ്രതികരണം കേട്ട് ഞെട്ടിപ്പോയി: ഇന്നസെന്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th October 2022, 7:52 pm

നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ ഇന്നസെന്റ് മുന്‍ കേരള മുഖ്യമന്ത്രി കെ. കരുണാകരനുമായുള്ളൊരു അനുഭവം പങ്കുവെക്കുകയാണ്. കൗമുദി മൂവിസിനോടാണ് അന്നത്തെ അനുഭവത്തെക്കുറിച്ച് നടന്‍ പറഞ്ഞത്.

ഫ്‌ളൈറ്റില്‍ വെച്ച് മുഖ്യമന്ത്രി കരുണാകരന്‍ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ എഴുന്നേറ്റ് അഭിസംബോധന ചെയ്യാണമോയെന്ന് ചിന്തിച്ചിരുന്നെന്നും ഒരു നിമിഷം മനസിലൂടെ കുറെ ചിന്തകള്‍ കടന്നുപോയെന്നും ഇന്നസെന്റ് പറഞ്ഞു. കോണ്‍ഗ്രസ്‌കാരനായ കരുണാകരന് മുന്നില്‍ കമ്യൂണിസ്റ്റുകാരനായ താന്‍ എഴുന്നേറ്റ് നില്‍ക്കുന്നതെന്തിനാണെന്ന് ചിന്തിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

”മിസ്റ്റര്‍ കരുണാകരന്‍ കേരള മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം മദ്രാസില്‍ നിന്നും ഞാന്‍ നാട്ടിലേക്ക് വരുകയായിരുന്നു. പെട്ടെന്ന് എയര്‍ഹോസ്റ്റസ് എന്റെ അടുത്ത് വന്ന് പറഞ്ഞു കേരള ചീഫ് മിനിസ്റ്റര്‍ വരുന്നുണ്ടെന്ന്. അതിന് ഞാനിവിടന്ന് മാറി വേറെ സീറ്റിലേക്ക് പോകണോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. വേണ്ട പറഞ്ഞുവെന്നെ ഉള്ളുവെന്ന് അവര്‍ എന്നോട് പറഞ്ഞു.

കരുണാകരന്‍ വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്റെ വിദ്യാഭ്യാസക്കുറവ് കൊണ്ട് മനസില്‍ ആദ്യം വന്ന ചിന്ത ഇയാള്‍ വന്ന് കഴിഞ്ഞാല്‍ എഴുന്നേറ്റ് നിന്ന് നമസ്‌കാരം സാര്‍ എന്ന് പറയണോ എന്നാണ്. കാരണം ഒന്നാമത് ഞാനൊരു കമ്യൂണിസ്റ്റുകാരന്‍ രണ്ടാമത് അദ്ദേഹം കോണ്‍ഗ്രസുകാരന്‍.

പിന്നെ തോന്നിയത് ഞാന്‍ എഴുന്നേറ്റ് നിന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ എന്നെ മനസിലാകുമോയെന്നാണ്. ഇനി ഞാന്‍ പറഞ്ഞിട്ട് തിരിച്ച് എന്നോട് അദ്ദേഹം നമസ്‌കാരം പറയുമോ? അങ്ങനെ ഞാന്‍ കൊച്ചാകണോ തുടങ്ങിയ പല കാര്യങ്ങളും എന്റെ മനസിലൂടെ കടന്ന് പോയി. എന്നെ അറിയാത്ത ആളിനോട് ഞാന്‍ എന്തിന് നമസ്‌കാരം പറയണം എന്ന് തന്നെയാണ് എന്റെ മനസില്‍ പിന്നെയും വന്നു.

ആ സമയത്താണ് കരുണാകന്‍ ഡോറിന്റെ അവിടെ നിന്ന് വന്നത്. പക്ഷേ ആ ഒരോറ്റ സെക്കന്റില്‍ ഞാന്‍ ഒരു തീരുമാനമെടുത്തു എന്റെ രാഷ്ട്രീയം കമ്യൂണിസമാണെങ്കിലും വരുന്ന ആള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എന്റെയും മുഖ്യമന്ത്രിയാണെന്ന് മനസില്‍ വിചാരിച്ച് എഴുന്നേറ്റ് ഞാന്‍ നമസ്‌കാരം പറഞ്ഞു.

ഇന്നസെന്റ് എവിടേക്കാണ് നാട്ടിലേക്കാണോയെന്ന് ചോദിച്ചത് കേട്ട് ഞാന്‍ ആകെ ഞെട്ടിപ്പോയി. എന്റെ വിചാരം അദ്ദേഹത്തിന് എന്നെ അറിയില്ലെന്നാണ്. എന്റെ അറിവില്ലായ്മ കൊണ്ട് ഞാന്‍ പലതും ചിന്തിച്ചു.

അദ്ദേഹത്തിന്റെ പുറകില്‍ മകളും വന്നു. ഇന്നസെന്റിന്റെ സിനിമകളെല്ലാം അച്ഛന് ഭയങ്കര ഇഷ്ടമാണെന്നും എപ്പോഴും അച്ഛന്‍ പറയാറുണ്ടെന്നും പറഞ്ഞു. ഇതൊക്കെ കേട്ട് ഞാന്‍ ഞെട്ടുകയാണ്.

ഇനി മനസിലാക്കേണ്ടത് നമ്മുടെ മനസില്‍ പല ചിന്തകളുണ്ടാകും അതായത് കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ്, ബി.ജെ.പി തുടങ്ങിയ പാര്‍ട്ടി ചിന്തകള്‍ എല്ലാം നമ്മുടെ മനസിലുണ്ടാകും. എന്നാല്‍ ചില സമയത്ത് അതെല്ലാം മാറ്റി വെക്കണം,” ഇന്നസെന്റ് പറഞ്ഞു.

content highlight: actor innocent shares a memory with k. karunakaran