| Tuesday, 26th January 2021, 4:30 pm

തല്ലിപ്പൊളി കറികള്‍ രുചിച്ച് നോക്കി മോഹന്‍ലാല്‍ പറയും, ആഹാ എന്തൊരു സ്വാദ്; ഇന്നസെന്റ് പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലുമൊത്തുള്ള തന്റെ പഴയകാല അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ഇന്നസെന്റ്. ഒപ്പം ലാല്‍ കാരണം തനിക്ക് കിട്ടിയ ചില മുട്ടന്‍ പണികളും ഇന്നസെന്റ് പങ്കുവെക്കുന്നുണ്ട്. ലാല്‍ അവതാരകനായ ലാല്‍സലാം എന്ന പരിപാടിക്കിടെയാണ് ലാലിനൊപ്പമുള്ള തന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ ഇന്നസെന്റ് പങ്കുവെക്കുന്നത്. സര്‍വകലാശാല എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ സംഭവവും മോഹന്‍ലാലിന്റെ ചില ‘നന്മകള്‍’ തനിക്ക് പാരയായ സന്ദര്‍ഭങ്ങളുമാണ് ഇന്നസെന്റ് തുറന്നുപറയുന്നത്.

സര്‍വകലാശാല എന്ന സിനിമയുടെ ഷൂട്ടിങ് പാലക്കാട് വിക്ടോറിയ കോളേജില്‍ നടക്കുകയാണ്. ഞാന്‍ അവിടെ ചെന്ന് ഒരു മരത്തിനടിയില്‍ ഒരു കസേരയിട്ട് ഇരിക്കുകയാണ്. എനിക്കൊപ്പം മേക്കപ്പ്മാനുമുണ്ട്. ഈ സമയം കോളേജിലുള്ള കുട്ടികള്‍ മുഴുവന്‍ എനിക്ക് ചുറ്റും വട്ടമിട്ട് നിന്നു.

ഞാന്‍ സിനിമയില്‍ വന്ന് തുടങ്ങിയ കാലഘട്ടമാണ്. ഇന്നത്തെപ്പോലെ മൊബൈല്‍ ക്യാമറകളൊന്നും അന്നില്ല. ചിലരുടെ കയ്യില്‍ അല്ലാത്ത ക്യാമറ ഉണ്ട്. അവര്‍ അതുവെച്ച് ഫോട്ടോ എടുക്കുന്നുണ്ട്. എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം. ഞാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് അത് പലതും.
ഒരുപാട് പേര്‍ ചുറ്റും നില്‍ക്കുകയാണ്. ഞങ്ങള്‍ക്ക് സാറിനെ ഭയങ്കര ഇഷ്ടമാണ്, സാറിന്റെ അഭിനയം വളരെ നല്ലതാണ് എന്നൊക്കെ അവര്‍ പറയുന്നുണ്ട്. ഞാനാണെങ്കില്‍ ഇതെല്ലാം കേട്ട് ഇങ്ങനെ പൊങ്ങി നില്‍ക്കുകയാണ്.

അങ്ങനെയിരിക്കുമ്പോള്‍ ഒരു കാര്‍ അവിടെ വന്നു നിന്നു, എന്റെ മനസ് ഏറ്റവും അധികം വിഷമിച്ച സമയമാണ്. എന്റെ മുന്നിലൂടെയാണ് കാര്‍ പോയത്. വേറൊരു മരത്തിന്റെ ചുവട്ടില്‍ പോയി കാര്‍ നിന്നു. അതിന്റെ ഉള്ളില്‍ നിന്നും ഒരാള്‍ പതുക്കെ ഇങ്ങനെ ചെരിഞ്ഞ് ഇറങ്ങി വന്നിട്ട് പുറത്തു നിന്നു. ആളെ നിങ്ങള്‍ക്ക് മനസിലായല്ലോ. ഇതോടെ എനിക്ക് ചുറ്റും നിന്ന ഈ ആളുകള്‍ മുഴുവന്‍ അവിടേക്ക് പോയി.

ഞാനും ഈ മരവും കസേരയും മാത്രം. ഞാന്‍ എന്റെ മേക്കപ്പ്മാനെ നോക്കി. അയാളേയും കാണാനില്ല. അയാളും പോയി. ആ സമയത്ത് ഉണ്ടാകുന്ന ഒരു മനുഷ്യന്റെ മാനസിക വിഷമം നിങ്ങള്‍ മനസിലാക്കണം. കുറേ സമയം കഴിഞ്ഞപ്പോള്‍ ലാല്‍ അവിടെ നിന്നും എന്റെ അടുത്തേക്ക് നടന്നു വന്നു. ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല. കാരണം ഞാന്‍ വലിയൊരു പ്രശ്‌നത്തില്‍പ്പെട്ടു കിടക്കുകയാണ്. എന്റെ എല്ലാം ഒരു നിമിഷംകൊണ്ട് തകര്‍ത്തുകളഞ്ഞ ആളാണ്. മനസിലായില്ലേ.

ലാല്‍ എന്റെ അടുത്തുവന്ന് പറഞ്ഞു, കുട്ടികള്‍ക്ക് കുറച്ച് ഫോട്ടോ എടുക്കണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ നിന്നുകൊടുത്തതാണ്. അവരുടെ ഇഷ്ടമല്ലേ എന്നൊക്കെ. ഇതൊക്കെ ഞാന്‍ കണ്ട കാര്യമല്ലേ എന്നോട് രണ്ടാമത് പറയേണ്ട കാര്യമുണ്ടോ, ഞാന്‍ പറഞ്ഞു ശരി.

ലാലേ നിങ്ങളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ അവര്‍ ഇപ്പോള്‍ ബഹളം കാണിക്കാന്‍ ഒരു കാരണമുണ്ട്. അവര്‍ക്കറിയാം നിങ്ങള്‍ സിനിമയില്‍ അധികം കാലമുണ്ടാവില്ല എന്ന്. അതുകൊണ്ട് ഇപ്പോള്‍ എടുത്തതാണ്. അതേസമയം ഞാന്‍ അങ്ങനെയല്ല. ഞാന്‍ മരണം വരെ സിനിമയ്ക്കകത്തുണ്ടാകും. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും വന്ന് എടുത്താല്‍ മതി എന്ന് അവര്‍ക്കറിയാം.

ഉടന്‍ എന്നെ ലാല്‍ കെട്ടിപ്പിടിച്ചു, എന്നിട്ട് പറഞ്ഞു, ‘ഈ നാവ് ഇല്ലായിരുന്നെങ്കില്‍ നിങ്ങളെ പട്ടികൊണ്ട് പോയെനെ എന്ന്’ ഇന്നസെന്റ് പറഞ്ഞു. ഈ കഥ കേട്ട് ചിരി അടക്കാനാകാതെ ഇരിക്കുകയായിരുന്നു മോഹന്‍ലാല്‍. നമ്മള്‍ പറയുന്ന തമാശകള്‍ ആളുകള്‍ക്ക് മനസിലായില്ലെങ്കില്‍ കുഴപ്പമാണ്. എന്തായാലും അങ്ങനെയൊരു ബന്ധം ലാലുമായുണ്ട്, ഇന്നസെന്റ് പറഞ്ഞു.

ഞാന്‍ സത്യമാണ് പറയുന്നത്. ഇയാള്‍ കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല, എല്ലാവരും ഇവിടെ വന്ന് മോഹന്‍ലാല്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറയും. അതൊക്കെ ശരി. ഇല്ലെന്ന് പറയുന്നില്ല. പക്ഷേ എനിക്കുണ്ടായ ബുദ്ധിമുട്ട് പറയാം. കാലത്ത് എട്ടുമണിക്കാണ് ഷൂട്ടിങ് തുടങ്ങുക. നമ്മള്‍ എട്ട് മണിക്ക് ചെല്ലണം.

പക്ഷേ ഞാന്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് കാര്യങ്ങള്‍ എല്ലാം കഴിയുമ്പോഴേക്ക്, ഇയാള്‍ ഏഴ് മണിക്കേ അവിടെ എത്തിയിട്ട് കാത്തിരിക്കുന്നുണ്ടാകും. വേറെ ഒന്നുമല്ല, ഇത് തന്നെയെ ഉള്ളൂ ജോലി, വേറെ ഒന്നും ഇല്ലേ.

നമ്മള്‍ അവിടെ വരുമ്പോള്‍ ഇദ്ദേഹം പ്രത്യേകിച്ച് ഒന്നും പറയില്ല, ഗുഡ് മോണിങ് എന്ന് പറയും, എന്ത് ഗുഡ് മോണിങ്, ഇയാള്‍ ഗുഡ്‌മോണിങ് പറയുമ്പോള്‍ അവിടെയുള്ള ആ ഡയരക്ടര്‍ പറയും, ലാല്‍ സാര്‍ വരെ വന്നു. നിങ്ങള്‍ എന്താണ് ഇത്രയും നേരം വൈകിയത് എന്ന്. അത് പറയുമ്പോഴുള്ള പ്രശ്‌നം ഒന്നു ആലോചിച്ചുനോക്കൂ.

വേറെ ഒരു കാര്യം. ഷൂട്ടിങ് ലൊക്കേഷനില്‍ മൂന്നാലഞ്ചു തരം കറികളുണ്ടാകും. ഓരോ കറികളും ഇദ്ദേഹം എടുത്ത് കഴിച്ചിട്ട് ഹാ എന്താ ടേസ്റ്റ് എന്ന് പറയും.

പക്ഷേ ഭക്ഷണം യഥാര്‍ത്ഥത്തില്‍ തല്ലിപ്പൊളിയായിരിക്കും. പലഹാരത്തിന്റെ കാര്യം ആണെങ്കില്‍ ഇദ്ദേഹം ആസ്വദിച്ചുകഴിക്കുന്നത് മുഖത്ത് കാണാം. ഉപ്പൊക്കെ കൂടിയിട്ട് ചിലപ്പോള്‍ നമുക്ക് കഴിക്കാന്‍ പറ്റിയെന്ന് വരില്ല.

നമ്മള്‍ കഴിച്ചിട്ട് ഉപ്പുകൂടുതലാണല്ലോ എന്ന് പറയുമ്പോള്‍ അവര്‍ പറയും ലാല്‍ സാര്‍ വരെ കഴിച്ചിട്ടു പോയതാണല്ലോ എന്ന്. ഇതോടെ അവിടെയുള്ള ബാക്കിയെല്ലാവരും പൊട്ടയായി. ഇയാള്‍ മാത്രം നന്നായി. ഞാന്‍ ഇത് ചോദിച്ചപ്പോള്‍ പറഞ്ഞത് കുറച്ചൊക്കെ നമ്മള്‍ സഹിക്കണം എന്ന്, എന്തിന്? എനിക്ക് മനസിലാകാത്ത കാര്യമാണ്. അങ്ങനെ ഞാന്‍ പലപ്പോഴും ചീത്തയായിട്ടുണ്ട്, ഇന്നസെന്റ് പറഞ്ഞു.

എപ്പോഴും എവിടെ ചെന്നാലും അവിടുത്ത കാരണവരായി താങ്കള്‍ മാറാറുണ്ടെന്നും എന്തുകൊണ്ടാണ് കാരണവര്‍ സ്ഥാനം നേടിയെടുക്കുന്നത് എന്നുമുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് തന്റെ കൂടെയുള്ളവര്‍ക്ക് പക്വതയില്ലാതായി മാറുമ്പോഴാണ് താന്‍ കാരണവരായിട്ട് മാറുന്നത് എന്നായിരുന്നു ഇന്നസെന്റിന്റെ മറുപടി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Innocent Share Experience with Mohanlal

We use cookies to give you the best possible experience. Learn more