| Tuesday, 3rd November 2020, 4:52 pm

ഈ അനീതിയെ കുറിച്ച് പിണറായിയോട് പറഞ്ഞെങ്കിലും ഇങ്ങനെയൊരു പരാതി ഇന്നേവരെ കേട്ടിട്ടില്ലെന്ന് പറഞ്ഞ് അങ്ങേരും ചിരിക്കുകയായിരുന്നു: ഇന്നസെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ഗൗരവമായ പല കാര്യങ്ങളും തമാശ കലര്‍ത്തി അവതരിപ്പിക്കുന്ന രീതിയാണ് നടനും എം.പിയുമായിരുന്ന ഇന്നസെന്റിന്റേത്. അസുഖത്തെ കുറിച്ചും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചുമെല്ലാം തമാശ രൂപേണയാണ് അദ്ദേഹം സംസാരിക്കാറ്.

അത്തരത്തിലൊരു അനുഭവം പറയുകയാണ് ഇന്നസെന്റ്. എം.പിയായിരിക്കുന്ന ഘട്ടത്തില്‍ താന്‍ പറഞ്ഞ ഒരു പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്ന് പറഞ്ഞ് തന്റെ വീട്ടുപടിക്കലേക്ക് പ്രതിപക്ഷത്തുള്ള ചിലര്‍ നടത്തിയ ഒരു ജാഥയെ കുറിച്ചായിരുന്നു ഇന്നസെന്റ് മനസുതുറന്നത്.

കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് അന്ന് എറണാകുളത്ത് ഡോ. ഗംഗാധരന്റെ ആശുപത്രിയിലായിരുന്നു ഇന്നസെന്റ്. ചെറുപ്പം മുതലേ സത്യാഗ്രഹം എന്ന വാക്കിനോട് മതിപ്പുള്ള ഇന്നസെന്റിന് സ്വന്തം വീട്ടിലേക്ക് ഒരു ജാഥ വരുമ്പോള്‍ അത് നേരില്‍ കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമമായിരുന്നു. 10 മണിക്ക് ഒരു ടെസ്റ്റ് ഉണ്ടായിരുന്നിട്ടും ഡോക്ടറുടെ സമ്മതം വാങ്ങി വീട്ടിലേക്ക് വരുന്ന ജാഥ മകന്റെ ഫോണിലൂടെ താന്‍ കണ്ട കഥയാണ് ഇന്നസെന്റ് ഗൃഹലക്ഷ്മി നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുന്നത്.

‘ആശുപത്രിയിലിരുന്ന് സമരം കാണുമ്പോള്‍ അക്കൂട്ടത്തില്‍ വലിയ നേതാക്കളുണ്ടോയെന്ന് ഞാന്‍ നോക്കി. പിന്നീട് എം.എല്‍.എ ഒക്കെ ആയ ചില ആളുകളെ അവിടെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമായി. അതിനിടയില്‍ എന്റെ ഒരു കോലം കൊണ്ടുവന്നു. നോക്കുമ്പോള്‍ ഒന്നല്ല, രണ്ടെണ്ണം. മറ്റേത് സൂക്ഷിച്ചു നോക്കിയപ്പോള്‍ മുകേഷിന്റേതാണ്. രണ്ടും അവര്‍ വളരെ സമാധാനപരമായി കത്തിച്ചു.

സമരമൊക്കെ അവസാനിച്ചപ്പോള്‍ ആലീസ് എന്നോട് ചോദിച്ചു, കുടിക്കാനെന്തെങ്കിലും എടുക്കട്ടേ? എനിക്കെന്തെങ്കിലും വിഷമമുണ്ടോ എന്നറിയാനുള്ള ചോദ്യമാണ്. ഞാന്‍ തിരിച്ചു ചോദിച്ചു, കാശു കൊടുത്ത് ഇങ്ങനെയൊരു പരിപാടി വീട്ടുപടിക്കലില്‍ നടത്തണേല്‍ ചെലവെത്രയാണെന്ന് നിനക്കറിയാമോ? ഇത്രയുമാളുകള്‍, പൊലീസ് വണ്ടി, പരിച, വടി എന്തെല്ലാം സെറ്റപ്പായിരുന്നു. ‘ങാ പേടി തോന്നണേല്‍ കുറച്ചെങ്കിലും ബുദ്ധിവേണം’ എന്നായിരുന്നു ആലിസിന്റെ മറുപടി.

പക്ഷേ ഈ സംഭവത്തില്‍ ചെറിയൊരു വിഷമം തോന്നാതിരുന്നില്ല. മകന്റെ ഭാര്യ രശ്മിയാണ് ഒരു പ്രധാനകാര്യം എന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ആറേഴ് എം.എല്‍.എമാര്‍ മത്സരിക്കുന്നത്ര വലിയ പ്രദേശത്താണ് ഒരു എം.പി മത്സരിക്കുന്നത്. അപ്പോഴാണ് ഞാനും അക്കാര്യം ആലോചിച്ചത്. എം.പിയായ എന്റേയും എം.എല്‍.എ ആയ മുകേഷിന്റേയും കോലം ഒരുമിച്ച് കത്തിച്ചത് ശരിയല്ലല്ലോ, അതായിരുന്നു എന്റെ വിഷമം.

പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടപ്പോള്‍ ഞാന്‍ ഈ അനീതിയെ കുറിച്ച് അദ്ദേഹത്തോട് പറയുകയും ചെയ്തു. പക്ഷേ എന്തുകാര്യം അങ്ങേരും ചിരിക്കുകയാണ് ചെയ്തത്. എന്നിട്ടൊരു കമന്റും, ഞാനിന്നുവരെ ഇങ്ങനെയൊരു പരാതി കേട്ടിട്ടില്ല എന്ന്’, ഇന്നസെന്റ് ചിരിയോടെ പറഞ്ഞുനിര്‍ത്തി.

സത്യത്തില്‍ രാഷ്ട്രീയം ശരിക്കും ടെന്‍ഷന്‍ പിടിച്ച ഏര്‍പ്പാടാണെന്നും ഇന്നസെന്റ് പറയുന്നു. പാര്‍ട്ടിയില്‍ മുകളില്‍ നിന്നുവരുന്ന ചില നിര്‍ദേശങ്ങള്‍ അനുസരിച്ചേ പറ്റൂ. അതില്‍ ശരിതെറ്റിന്റെ പ്രശ്‌നമില്ല. അതല്ല, ഇതാണ് ശരി എന്ന് ഉള്ളില്‍ തോന്നിയാലും പറയാന്‍ പറ്റാത്ത ചില സന്ദര്‍ഭങ്ങളുമുണ്ട്.

എല്ലാ രാഷ്ട്രീയക്കാരുടേയും സ്ഥിതി അതൊക്കെതന്നെയാണെന്ന് തോന്നുന്നു. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സന്തോഷത്തിനൊപ്പം മനസുചേര്‍ത്തുവെക്കാന്‍ താന്‍ ശ്രമിക്കാറുണ്ടെന്നും ഇന്നസെന്റ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actor Innocent Share an Experience and About Pinarayi Vijayan

Latest Stories

We use cookies to give you the best possible experience. Learn more