'എടോ, ഞാന്‍ വാട്‌സാപ്പില്‍ ഒരു കാര്യം അയച്ചിരുന്നു, താനിതൊന്നും നോക്കാറില്ലേ?; മരിക്കുന്നതിന്റെ അഞ്ചുദിവസം മുമ്പ് വേണു വിളിച്ചു; അനുഭവം പങ്കുവെച്ച് ഇന്നസെന്റ്
അന്തരിച്ച നടന്‍ നെടുമുടി വേണുവുമായുള്ള തന്റെ ആത്മബന്ധം പറയുകയാണ് നടന്‍ ഇന്നസെന്റ്. ചാമരം എന്ന സിനിമയിലെ കഥാപാത്രത്തോടെയാണ് നെടുമുടി വേണു എന്ന നടനേയും മനുഷ്യനേയും താന്‍ ശ്രദ്ധിക്കുന്നതെന്നും അന്ന് സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുകയായിരുന്നു താനെന്നും ഇന്നസെന്റ് ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
വേണുവിന്റെ ആരവം, തകര, എന്നീ സിനിമകളൊക്കെ കണ്ടതോടെ ഇയാള്‍ നല്ലൊരു അഭിനേതാവാണെന്ന് മനസിലായെന്നും താന്‍ നിര്‍മിച്ച ‘വിടപറയും മുന്‍പേ’ എന്ന ചിത്രത്തില്‍ സേവ്യര്‍ എന്ന കഥാപാത്രം വേണുവിനെ കൊണ്ട് ചെയ്യിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചെന്നും അങ്ങനെയാണ് ആദ്യമായി നെടുമുടി വേണുവിനെ പരിചയപ്പെടുന്നതെന്നും ഇന്നസെന്റ് പറയുന്നു.
ഞങ്ങള്‍ പെട്ടെന്ന് സുഹൃത്തുക്കളായി. സംസാരിച്ചും ആഘോഷിച്ചും ഓരോ രാവും പകലും കടന്നുപോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വേണു ആരോടോ പറഞ്ഞതായി ഞാനറിഞ്ഞു. വളരെ കുട്ടിക്കാലം തൊട്ടേ എന്റെ കൂടെയുള്ള ഒരാളാണ് ഇന്നസെന്റെന്ന് അയാളെ കണ്ട നിമിഷം തൊട്ട് എനിക്ക് തോന്നുന്നുണ്ട് എന്ന്. എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു അയാള്‍ക്ക്.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന തങ്ങളുടെ സൗഹൃദത്തെ പറ്റിയും മരണത്തെ മുഖാമുഖം കണ്ട് താന്‍ ചികിത്സയില്‍ കഴിഞ്ഞ സമയം തന്നെ കാണാനായി നെടുമുടി വേണു എത്തിയതിനെ കുറിച്ചും നെടുമുടി വേണു മരിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് തന്നെ വിളിച്ചിരുന്നതിനെ കുറിച്ചുമെല്ലാം
ഇന്നസെന്റ് കുറിപ്പില്‍ പറയുണ്ട്.
‘ഞാന്‍ ചികിത്സയില്‍ ഇരിക്കുന്ന സമയം വേണു എന്നെ കാണാന്‍ വന്നിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയി വരുന്ന വഴിക്ക് കയറിയതാണെ ന്നാണ് പറഞ്ഞത്. ഞാന്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ മനസ്സിലായി, അയാള്‍ അമ്പലത്തിലേക്ക് വന്നതല്ലെന്നും എന്നെ കാണാന്‍ വന്നതാണെന്നും. അത്രമേല്‍ അയാള്‍ എന്നെ ഇഷ്ടപ്പെട്ടിരുന്നു.
വേണുവിനെപ്പോലെ തന്നെ മരണം മുന്നില്‍ കണ്ട് ഒരുപാട് ദിനങ്ങള്‍ എനിക്കുമുണ്ടായിട്ടുണ്ട്. ചില രാത്രികളിലെ സ്വപ്നങ്ങളില്‍ ഞാന്‍ മരിച്ചു കിടക്കുന്നതും അത് കാണാന്‍ നെടുമുടി വേണു അടക്കമുള്ള എന്റെ സുഹൃത്തുക്കള്‍ വരുന്നതുമൊക്കെ കാണാറുണ്ട്. വേണുവിന്റെ മൃതദേഹം കണ്ട് ആ വീട്ടുപടിയിലെ തൂണില്‍ ചാരിനിന്ന് ചാനലുകാരോട് സംസാരിച്ചപ്പോള്‍ മനസ്സിന്റെ ഉള്ളില്‍ വീട്ടുവരാന്തയില്‍ എന്റെ മൃതദേഹം കണ്ടതിന് ശേഷം തൂണില്‍ ചാരിനിന്ന് വേണു ചാനലുകരോട് പറയുന്ന ദൃശ്യമായിരുന്നു മനസ്സില്‍. പക്ഷേ, വിധി നേരെ മറിച്ചായിരുന്നു എന്ന് മാത്രം.
മരിക്കുന്നതിന്റെ അഞ്ചുദിവസം മുമ്പ് വേണു എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു’എടോ,ഞാന്‍ തനിക്ക് വാട്‌സാപ്പില്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കാര്യം അയച്ചിരുന്നു. താനിതൊന്നും നോക്കാറില്ലേ?’
സോഷ്യല്‍ മീഡിയയില്‍ വളരെ പിന്നാക്കമാണ് ഞാന്‍ എന്ന് പറഞ്ഞ് മകന്‍ സോണറ്റിനെക്കൊണ്ട് വേണു അയച്ചത് എടുപ്പിച്ചു. ‘വിടപറയും മുമ്പേയിലെ അനന്ത സ്‌നേഹത്തിന്‍..’ എന്നുതുടങ്ങുന്ന പാട്ടും അതിന്റെ ദൃശ്യവുമായിരുന്നു അത്.
വേണുവിന്റെ കഥാപാത്രം മരണക്കിടക്കയില്‍ കിടക്കുന്ന സീന്‍. എന്തിനായിരുന്നു വേണു അത്തരമൊരു വീഡിയോ അയച്ചത്? മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് അതെന്നെ വിളിച്ചറിയിച്ച് കാണിച്ചത്? എനിക്കറിയില്ല. വേണു തന്റെ മരണം മുന്‍കൂട്ടി കണ്ടിരുന്നോ? ആ വീഡിയോ കണ്ട് ഞാന്‍ വേണുവിനെ തിരിച്ചുവിളിച്ചില്ല. ഇപ്പോള്‍ വിളികളൊന്നും കേള്‍ക്കാത്ത ലോകത്തേക്ക് എന്റെ വേണു പോകുകയും ചെയ്തല്ലോ.