| Sunday, 26th March 2023, 10:54 pm

ഇന്നസെന്റ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടന്‍ ഇന്നസെന്റ് അന്തരിച്ചു. 75 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാത്രി പത്തരയോടെയായിരുന്നു അന്ത്യമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, ആര്‍. ബിന്ദു എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനെ ആശ്രയിച്ച് മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് ഇന്ന് രാത്രി എട്ട് മണിക്ക് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കുകയായിരുന്നു. അതിന് ശേഷമാണ് ഈ ഉപകരണങ്ങള്‍ പിന്‍വലിച്ച് സ്വഭാവികമായി മരണത്തിന് അനുവദിച്ചത്.

അഞ്ച് പതിറ്റാണ്ടുകാലം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ഇന്നസെന്റ് 2014ല്‍ ചാലക്കുടിയില്‍ നിന്നും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്‌സഭാ എം.പിയായിരുന്നു.

കഴിഞ്ഞ മാര്‍ച്ച് മൂന്നിനാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ഇതിനിടക്ക് മൂന്നോ നാലോ തവണ വന്ന കൊവിഡ് ബാധ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബാധിച്ച ശ്വാസകോശ ന്യൂമോണിയ ആണ് ആരോഗ്യസ്ഥിതിയെ വളരെയധികം വഷളാക്കിയത്. നിരവധി സിനിമാ താരങ്ങളും നിര്‍മാതാക്കളുമുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി ചേര്‍ന്നിട്ടുണ്ട്.

നാളെ 11 മണിക്ക് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ഇന്നസെന്റിന്റെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. ഒരു മണി മുതല്‍ മൂന്ന് മണി വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. മൂന്ന് മണിക്ക് ശേഷം മറ്റ് ചടങ്ങുകള്‍ക്കായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. അഞ്ചരയോടുകൂടി അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.

Content Highlight: actor innocent passed away

We use cookies to give you the best possible experience. Learn more