മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ ഭാവുകത്വം നല്‍കിയ കലാകാരനാണ് ഇന്നസെന്റ്. ഏകദേശം 700ല്‍പരം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. സ്വതസിദ്ധമായ അഭിനയശൈലികൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ് ഇന്നസെന്റ്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തായ മമ്മൂട്ടിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടരുതെന്ന് ഒരു നിമിഷം ഓര്‍ത്ത് പോയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്നസെന്റ്.
നാഷണല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ ഒരു ഘട്ടത്തില്‍ അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഇന്നസെന്റ് എന്ന് പേര് വന്നപ്പോഴാണ് അമിതാഭ് ബച്ചന് കിട്ടിയാലും മമ്മൂട്ടിക്ക് കിട്ടരുതെന്ന് താന്‍ ആഗ്രഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തിലെ ചില മറക്കാനാവാത്ത അനുഭവങ്ങള്‍ കൗമുദി മൂവീസുമായി പങ്കുവയ്ക്കുന്നതിനിടയിലാണ് ഈ കാര്യം ഇന്നസെന്റ് ഓര്‍ത്ത് പറഞ്ഞത്.
”പത്താം നിലയിലെ തീവണ്ടി എന്ന ജോഷി മാത്യു സംവിധാനം ചെയ്ത ചിത്രത്തില്‍ ഞാനൊരു മാനസികരോഗിയായിട്ട് അഭിനയിച്ചിരുന്നു. ആ സിനിമയെ നാഷണല്‍ അവാര്‍ഡിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പിനായി സിനിമയുടെ ആളുകള്‍ അയച്ചു.
ഞാന്‍ അതിനെക്കുറിച്ച് ബോധവാനല്ലായിരുന്നു. സിനിമയില്‍ നമുക്ക് എന്തെങ്കിലും കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. അങ്ങനെ നാഷണല്‍ അവാര്‍ഡിന്റെ ദിവസം വന്നു. ഞാന്‍ ടി.വിയില്‍ നോക്കിയപ്പോള്‍ മൂന്നുപേരാണ് നാഷണല്‍ അവാര്‍ഡിന്റെ അവസാന ഘട്ടത്തിലേക്ക് വന്നിരിക്കുന്നത്.
അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഇന്നസെന്റ് എന്നിങ്ങനെ മൂന്ന് പേരുകള്‍ ടി.വിയുടെ അടിയിലൂടെ എഴുതി കണ്ടു. ഞാനാകെ ഷോക്കായി പോയി. വേഗം തന്നെ എന്റെ ഭാര്യ ആലിസിനെ വിളിച്ചു കാണിച്ചു കൊടുത്തു.
ഞാന്‍ പറയുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല, ആ സമയം എന്റെ മനസിലൂടെ കടന്ന് പോയത് അമിതാഭ് ബച്ചന് കിട്ടിപ്പോയാലും മമ്മൂട്ടിക്ക് കിട്ടരുതെന്നായിരുന്നു. അതിനുള്ള കാരണം പിന്നെ നോക്കുമ്പോള്‍ എന്റെ പേരില്ലായിരുന്നു സ്‌ക്രീനില്‍. അമിതാഭ് ബച്ചനും മമ്മൂട്ടിയും മാത്രമായിരുന്നു പിന്നെ ഉണ്ടായിരുന്നത്.
ഞാന്‍ കുറേ നേരം ടി.വി നോക്കിയിരുന്നു. അറ്റത്ത് നിന്നെങ്ങാനും ഒന്നുകൂടെ എന്റെ പേര് വന്നാലോയെന്ന് വിചാരിച്ചിട്ട്. ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും എന്നോട് വിഷമം തോന്നരുത്. അറിയാതെ മനസില്‍ തോന്നിപ്പോയതാണ് മമ്മൂട്ടിക്ക് കിട്ടല്ലെയെന്ന്.
ഞാന്‍ ആലിസിനോടും പറഞ്ഞു അമിതാഭ് ബച്ചന് കിട്ടിക്കോട്ടെ മമ്മൂട്ടിക്ക് കിട്ടണ്ട, അതാണ് നല്ലതെന്ന്. അടുത്ത റൗണ്ട് വന്നപ്പോള്‍ മമ്മൂട്ടിയെ കാണാനില്ല. ഞാന്‍ വിചാരിച്ചു അറ്റത്ത് നിന്ന് ഇനി മമ്മൂട്ടി വരുമോയെന്ന് പക്ഷേ മമ്മൂട്ടി വന്നില്ല. നാഷണല്‍ അവാര്‍ഡ് അമിതാഭ് ബച്ചന് കിട്ടി.
ഇത് കണ്ട എന്റെ ഭാര്യ എന്നോട് ചോദിച്ചു, നിങ്ങള്‍ എന്തിനാണ് അങ്ങനെ ആലോചിച്ചത്. അങ്ങനെ നിങ്ങള്‍ ആലോചിക്കാന്‍ പാടുണ്ടോയെന്നൊക്കെ. പെട്ടെന്ന് അങ്ങനെ ആലോചിച്ച് പോയതാണെന്ന് ഞാന്‍ അവളോട് പറഞ്ഞു.
എനിക്ക് എത്രയോ അടുപ്പമുള്ള ആളാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ അച്ഛനായും ചേട്ടനായും ഞാന്‍ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങള്‍ എന്നോട് പറയാറുണ്ട്. ഞാന്‍ തിരിച്ചും എന്റെ പ്രശ്‌നങ്ങള്‍ പറയാറുണ്ട്.
അങ്ങനെ ഒരാള്‍ക്ക് കിട്ടരുതെന്ന് ഒരു നിമിഷം ഞാന്‍ ആലോചിച്ചുപോയി. പിന്നീട് അതില്‍ ഞാന്‍ ഒരുപാട് വിഷമിച്ചു. ഞാന്‍ ഒരിക്കലും അങ്ങനെ ചിന്തിക്കാന്‍ പോലും പാടില്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. അത്രയും പ്രിയപ്പെട്ടവരെക്കുറിച്ച് പോലും ചില സമയത്ത് നമുക്ക് അങ്ങനെയൊക്കെ തോന്നിപോകുമെന്ന് ഞാന്‍ മനസിലാക്കുകയും ചെയ്തു,” ഇന്നസെന്റ് പറഞ്ഞു.
Content Highlight: Actor Innocent is talking about how Mammootty did not get the National Award for a moment