| Monday, 11th October 2021, 5:52 pm

ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിയ്ക്ക് ഞാന്‍ മൃദംഗം വായിക്കും; എന്റെ കാര്യത്തില്‍ ഒരു ദിവസം അദ്ദേഹം ഇങ്ങനെ പറയുമെന്നാണ് കരുതിയത്; നെടുമുടി വേണുവുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ച് ഇന്നസെന്റും എം.ജി. ശ്രീകുമാറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അതുല്യകലാകാരന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വികാരഭരിതമായ കുറിപ്പുകളുമായാണ് മലയാള സിനിമാതാരങ്ങള്‍ പ്രതികരിക്കുന്നത്. സുഹൃത്തുക്കളും അല്ലാത്തവരുമായ ഒരുപാട് പേര്‍ അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.

ഗായകന്‍ എം.ജി.ശ്രീകുമാറും നടന്‍ ഇന്നസെന്റും നെടുമുടി വേണുവുമൊത്തുള്ള ഓര്‍മകള്‍ പങ്കുവെച്ചു.

നെടുമുടി വേണുവുമായി അടുത്ത ബന്ധവും സൗഹൃദവുമുണ്ടായിരുന്ന ആളാണ് താനെന്നും അദ്ദേഹമില്ലാത്ത സിനിമയെക്കുറിച്ച് ചിന്തിക്കാനാവാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. തന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്നാണ് കരുതിയതെന്നും ഇന്നസെന്റ് പറഞ്ഞു.

മദ്രാസില്‍ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതിന് മുമ്പ് സിനിമയില്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ ആദ്യമായി കാണുന്നതൊക്കെ ഇപ്പോഴും ഓര്‍മയുണ്ട്.

ഒരു രാത്രി കൊണ്ട് ഞങ്ങള്‍ സുഹൃത്തുക്കളായി എന്നുള്ളതാണ്. ഞാന്‍ നിര്‍മിച്ച നാല് ചിത്രങ്ങളിലും അദ്ദേഹം ഉണ്ടായിരുന്നു. നെടുമുടി ഇല്ലാത്ത ഒരു സിനിമയെ പറ്റി ആലോചിക്കാന്‍ പോലും എനിക്ക് വയ്യ. നമ്മള്‍ തമ്മിലുള്ള ബന്ധവും അദ്ദേഹത്തിന്റെ അഭിനയവുമായിരുന്നു അതിന് കാരണം.

എന്റെ കാര്യത്തില്‍ അദ്ദേഹം ഒരു ദിവസം ഇങ്ങനെ പറയും എന്നാണ് കരുതിയത്. ഞാന്‍ അങ്ങനെ വിചാരിക്കുന്ന ആളാണ്. പക്ഷേ. പ്രാര്‍ത്ഥിക്കുന്നു,” എന്നാണ് ഇന്നസെന്റ് പറഞ്ഞത്.

ഗായകന്‍ എം.ജി. ശ്രീകുമാറും നെടുമുടി വേണുവിനെ അനുസ്മരിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

”55 വര്‍ഷത്തെ അടുത്ത ആത്മബന്ധം. തുടക്കം മുതല്‍ ഒടുക്കം വരെ ഒരുപാട് സ്‌നേഹം നല്‍കിയ ഒരത്ഭുത പ്രതിഭാശാലി. അദ്ദേഹത്തിന്റെ ആദ്യ സിനിമ ‘പൂരം’ (സംവിധാനം) എന്ന ചിത്രം മുതല്‍ കഴിഞ്ഞ ആഴ്ച അമൃത ടിവിയില്‍ പറയാം നേടാം എന്ന ഷോയില്‍ വരെ ഞങ്ങള്‍ പങ്കെടുത്തു.

ഒരുപാട് ഓര്‍മകള്‍ പങ്കുവെച്ചു. ഇറങ്ങാന്‍ നേരത്ത് വേണുച്ചേട്ടന്‍ പറഞ്ഞു, ‘ശ്രീക്കുട്ടാ, അടുത്ത നിന്റെ കച്ചേരിയ്ക്ക് ഞാന്‍ മൃദംഗം വായിക്കും കേട്ടോ,’ മഹാപ്രതിഭയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു,” എം.ജി. ശ്രീകുമാര്‍ കുറിച്ചു.

വിനീത് ശ്രീനിവാസന്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ് സുകുമാരന്‍, കെ.പി.എ.സി ലളിത തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങള്‍ നെടുമുടി വേണുവിനെ ഓര്‍മിച്ചുകൊണ്ട് കുറിപ്പുകള്‍ പങ്കുവെച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നെടുമുടി വേണുവിന്റെ വിയോഗം. ഉദരസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയവെയായിരുന്നു അന്ത്യം.

നാല് പതിറ്റാണ്ടായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായ അദ്ദേഹം മലയാളത്തിലും തമിഴിലുമായി അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രമാണ് അദ്ദേഹത്തിന്റേതായി അവസാനം റിലീസ് ചെയ്തത്.

ഡോ. ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം അഭിനയിക്കും എന്ന് വാര്‍ത്ത വന്നിരുന്നു.

തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actor Innocent and singer MG Sreekumar talks about Nedumudi Venu

We use cookies to give you the best possible experience. Learn more