|

സംഗതി പ്രണയമാണെന്ന് മനസിലായ ഞാന്‍ എന്താ കുട്ടിയ്ക്ക് ഇഷ്ടമല്ലേയെന്ന് ശ്രീനിവാസനോട് ചോദിച്ചു; ഈ മനുഷ്യന്‍ ചില്ലറക്കാരനല്ലെന്ന് അന്നെനിക്ക് മനസ്സിലായി: ഇന്നസെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസനൊപ്പമുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് നടന്‍ ഇന്നസെന്റ്. പെട്ടെന്ന് ഒരു ദിവസം കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞുവെന്നും പ്രണയമുണ്ടെന്നും പക്ഷെ കല്യാണം കഴിക്കാന്‍ പറ്റില്ലെന്ന് തന്നോട് പറഞ്ഞതിനെക്കുറിച്ചുമാണ് ഇന്നസെന്റ് പറഞ്ഞത്‌.

വീട്ടുകാര്‍ക്ക് സമ്മതമാണെന്നും തന്റെ കയ്യില്‍ വിവാഹം കഴിക്കാന്‍ പൈസ ഇല്ലെന്നും അതുകൊണ്ട് ഒളിച്ചോടാന്‍ തീരുമാനിച്ചുവെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞതെന്ന് ഇന്നസെന്റ് പറഞ്ഞു. അന്ന് തൊട്ട് ഗുരുവായിട്ടാണ് ശ്രീനിവാസനെ കാണാനുള്ള കാരണത്തെക്കുറിച്ചു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഒരു ദിവസം അപ്രതീക്ഷിതമായി ശ്രീനിവാസന്‍ എന്നോട് ഞാനൊരു കല്യാണം കഴിച്ചാലോ എന്ന ആലോചന എനിക്കുണ്ടെന്ന് പറഞ്ഞു. നല്ല കാര്യം, പെണ്ണ് എവിടുന്നാ? എന്ന് ഇന്നസെന്റ് തിരിച്ചു ചോദിച്ചു. നാട്ടില്‍ തന്നെയാണെന്നും വിമല എന്നാണ് പേരെന്നും ശ്രീനിവാസന്‍ മറുപടി നല്‍കി.

എന്നാല്‍ പിന്നെ എത്രയും പെട്ടെന്ന് നോക്കിക്കോ എന്ന് ഞാന്‍ അവനോട് പറഞ്ഞു. പക്ഷെ അത്ര പെട്ടെന്ന് പറ്റില്ല ചില പ്രശ്നങ്ങളുണ്ടെന്നായിരുന്നു ശ്രീനിവാസന്റെ പറഞ്ഞത്.

സംഗതി പ്രണയമാണെന്ന് മനസിലായ ഞാന്‍ എന്താ കുട്ടിയ്ക്ക് ഇഷ്ടമല്ലേയെന്ന് ചോദിച്ചു. എന്നാല്‍ ഇഷ്ടമാണ് എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. നിന്റെ വീട്ടുകാര്‍ക്ക് സമ്മതമല്ലേയെന്ന് ചോദിച്ചപ്പോള്‍ സമ്മതമാണെന്നായിരുന്നു ശ്രീനി പറഞ്ഞത്.

പിന്നെ അവരുടെ വീട്ടുകാര്‍ക്കോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും സമ്മതമാണെന്നും അവന്‍ പറഞ്ഞു. ഇതോടെ അന്തം വിട്ടുപോയ ഞാന്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് ഒളിച്ചോടി മാത്രമേ കല്യാണം കഴിക്കാന്‍ സാധിക്കൂ… എന്നായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.

അതുകൂടി കേട്ടപ്പോള്‍ എന്റെ അദ്ഭുതം ഇരട്ടിച്ചു. ഒരു പിടിയും കിട്ടുന്നില്ല എന്നാല്‍ എന്റെ അവസ്ഥ കണ്ട് ശ്രീനി തന്നെ കാര്യം വിശദീകരിച്ചു. കല്യാണം നേരായ വഴിക്ക് നടത്തണമെങ്കില്‍ സാമാന്യം നല്ല കാശ് വേണം. എന്റെ കൈയില്‍ ചില്ലിക്കാശില്ല. ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചാല്‍ സൗകര്യമാണ്.

അവന്‍ ഒളിച്ചോടിപ്പോയി പെണ്ണുകെട്ടിയതാണ് എന്ന് വീട്ടുകാര്‍ക്ക് പറഞ്ഞുനില്ക്കുകയും ചെയ്യാം. എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി. ഇത് കേട്ടതോടെ എന്റെ മുന്നില്‍ നില്‍ക്കുന്ന മനുഷ്യന്‍ ചില്ലറക്കാരനല്ല എന്നെനിക്ക് മനസ്സിലായി. ചില കാര്യങ്ങളില്‍ ഇയാള്‍ എന്റെ ഗുരു തന്നെയാണെന്നും,” ഇന്നസെന്റ് പറഞ്ഞു.

content highlight: actor innocent about sreenivasan