ഉമ്മന്‍ ചാണ്ടിയുടെ ബുക്ക് പ്രകാശനം ചെയ്ത അനുഭവത്തെക്കുറിച്ച് പറയുകയാണ് നടന്‍ ഇന്നസെന്റ്. ഉമ്മന്‍ ചാണ്ടിയുടെ ബുക്കില്‍ അദ്ദേഹം ആന്റണിക്കൊപ്പം ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ച് എഴുതിയിരുന്നു. ഈ കാര്യം പ്രകാശന പ്രസംഗത്തില്‍ താന്‍ പറഞ്ഞിരുന്നുവെന്നും ആരും എഴുതാന്‍ തയ്യാറാകാത്ത കാര്യമാണ് ഉമ്മന്‍ ചാണ്ടി പുസ്തകത്തില്‍ എഴുതിയതെന്നും ഇന്നസെന്റ് പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”ഉമ്മന്‍ ചാണ്ടിയുടെ ബുക്കിന്റെ പ്രകാശനത്തിന് അദ്ദേഹം എന്നെ നേരിട്ട് വിളിച്ചു. തിരുവനന്തപുരത്തായിരുന്നു അതിന്റെ പ്രകാശനം. ഉമ്മന്‍ ചാണ്ടിയോട് എനിക്ക് അടുപ്പം ഉണ്ട്. എന്നാലും എന്നെ പോലെ ഒരാളെ വിളിക്കണോയെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
ഏതെങ്കിലും നല്ല സാഹിത്യകാരന്മാരെ വിളിച്ചാല്‍ പോരെയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മതി എന്ന് അദ്ദേഹം പറഞ്ഞു. കാരണം അതില്‍ കുറച്ച് ഹാസ്യം ഒക്കെ ഉണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അതിന് പറ്റിയ ആള്‍ ഞാന്‍ ആണെന്ന് എന്നോട് പറഞ്ഞു. ആ പുസ്തകം എനിക്ക് അയച്ച് തരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു.
കാരണം അതില്‍ ഉള്ള എന്തെങ്കിലും ഒന്ന് അവിടെ വെച്ച് പറയണം. അങ്ങനെ അല്ലാത്ത പക്ഷം നമ്മളെ കൊണ്ട് വന്നതില്‍ വലിയ കാര്യം തോന്നില്ല. പുറം ചട്ടയില്ലാത്ത പുസ്തകം ആണ് എനിക്ക് അയച്ചത്. കാരണം ഒരാഴ്ചയാവും ചട്ടയൊക്കെ ആക്കി വരാന്‍. ആ ബുക്ക് വായിച്ചപ്പോള്‍ കാര്യങ്ങളൊക്കെ എനിക്ക് മനസിലായി.
അതിലുള്ള ഒരു സംഭവം എന്റെ ഓര്‍മയില്‍ ഉണ്ട്. ഉമ്മന്‍ ചാണ്ടി രാഷ്ട്രീയത്തിലേക്ക് വരുന്നതിന്റെ തുടക്കകാലത്ത് എ.കെ. ആന്റണി എവിടെയൊ നിന്ന് വരുകയാണ്. ഉമ്മന്‍ ചാണ്ടി നേരിട്ട് ചെന്ന് ആന്റണിയെ വിളിച്ച് കൊണ്ടുവന്നു. രണ്ട് പേരും റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള ചായക്കടയില്‍ കയറി ചായകുടിച്ചു.
നല്ല വിശപ്പ് ഉള്ളത് കൊണ്ട് കാര്യമായി എന്തെങ്കിലും വേണമെന്ന് ആന്റണി പറഞ്ഞു. ഇത് കേട്ട് ഉമ്മന്‍ ചാണ്ടി ഒന്ന് ഞെട്ടി. അദ്ദേഹത്തിന്റെ കയ്യില്‍ ആകെ കാപ്പിക്ക് ഉള്ള കാശ് മാത്രമായിരുന്നു ഉണ്ടായത്. വേണ്ടതെല്ലാം കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. അവിടെ ഇരുന്ന പത്രം ആന്റണിക്ക് കൊടുത്തിട്ട് പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി അവിടെ നിന്നും പാര്‍ട്ടി ഓഫീസിലേക്ക് ഓടിപ്പോയി.
പൈസ എടുക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഓടിപ്പോയത്. അങ്ങനെ എ.കെ ആന്റണിയെ അവിടെ പണയം വെച്ചിട്ട് ഉമ്മന്‍ചാണ്ടി അവിടെ നിന്നും പോയി. അദ്ദേഹം റോഡിലൂടെ ഓടിപ്പോയാണ് പൈസ എടുത്തത്. എ.കെ. ആന്റണിയുടെ കയ്യിലും കാശില്ലായിരുന്നു. പാര്‍ട്ടിക്കാരുടെ കയ്യില്‍ നിന്നും കാശ് എടുത്ത് വന്ന് ആന്റണിയെ പണയത്തില്‍ നിന്നും എടുത്തു.
ഇത് ആ ബുക്കില്‍ ഉണ്ട്. വളരെ മാന്യമായിട്ടാണ് ഉമ്മന്‍ചാണ്ടി അത് എഴുതിയിരിക്കുന്നത്. ചിലര്‍ ഒന്നും അത്തരം കാര്യങ്ങള്‍ എഴുതില്ല. ആ സംഭവമൊക്കെ അന്നത്തെ പ്രകാശന പ്രസംഗത്തില്‍ ഞാന്‍ പറഞ്ഞു. പുസ്തകം പ്രകാശനം ചെയ്യാന്‍ വന്ന ചടങ്ങില്‍ തോള്‍ സഞ്ചിയൊക്കെ ഇട്ടിട്ടുള്ള കുറേ ബുദ്ധി ജീവികളായിരുന്നു ഉണ്ടായിരുന്നത്,” ഇന്നസെന്റ് പറഞ്ഞു.
content highlight: actor innocent about ummen chandi’s book