|

മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരമാണ് ഇലക്ഷനില്‍ മത്സരിച്ചത്, പടമില്ലാതെ തെണ്ടി നടക്കാനാണോയെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി പറയാന്‍ പറ്റാത്തത്: ഇന്നസെന്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി താന്‍ മത്സരിക്കാനുള്ള കാരണം മമ്മൂട്ടിയാണെന്ന് ഇന്നസെന്റ് പറയുന്നൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. മമ്മൂട്ടി നിര്‍ബന്ധിച്ചതിന്റെ ഫലമായാണ് മത്സരിച്ചതെന്നും മുഖ്യമന്ത്രി പിമരായി വിജയന്റെ ആവശ്യപ്രകാരമാണ് മമ്മൂട്ടി തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ഇന്നസെന്റ് പറഞ്ഞു.

എന്തിനാകും തന്നെ മമ്മൂട്ടി നിര്‍ദേശിച്ചതെന്ന ചോദ്യം ഉള്ളിലുണ്ടായിരുന്നെന്നും സിനിമ കിട്ടാതെ താന്‍ ഇരിക്കാനാണോ മമ്മൂട്ടി ഇലക്,നില്‍ മത്സരിക്കാന്‍ പറഞ്ഞതെന്ന് വരെ ചിന്തിച്ച് എന്നും ഇന്നസെന്റ് പറഞ്ഞു. കൗമൂദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ഞാന്‍ ഇലക്ഷനില്‍ നില്‍ക്കാനുള്ള പ്രധാന ആള്‍ മമ്മൂട്ടിയാണ്. ഒരു ദിവസം എന്നെ വിളിച്ചിട്ട് താന്‍ ഇലക്ഷനില്‍ നില്‍ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സാര്‍ പറഞ്ഞിട്ടാണെന്നൊക്കെ പറഞ്ഞു.

പിന്നെ ഇലക്ഷന്റെ വര്‍ക്ക് തുടങ്ങി. അപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടും കാര്യങ്ങളും മനസിലായത്. ആ സമയത്തൊക്കെ എന്റെ മനസിലൂടെ പോയത്, സ്നേഹം കൊണ്ടാണോ മമ്മൂട്ടി എനിക്ക് സീറ്റ് വാങ്ങി തന്നത്. അതോ എന്നോടുള്ള ദേഷ്യം കൊണ്ടാണോയെന്നൊക്കെയാണ്.

കാരണം രാവിലെ മുതല്‍ ഒരു ജീപ്പില്‍ കയറി ഇരുന്നിട്ട്, മുഖത്ത് ഒരു ചിരി തേച്ചുപിടിപ്പിച്ചിട്ട് ആളുകളെ നോക്കി കയ്യും കാലും വീശുന്നത് മുഴുവനും ആത്മാര്‍ത്ഥതയോടെയല്ല. കാരണം നമ്മള്‍ സിനിമയില്‍ അഭിനയിക്കാനെ പഠിച്ചിട്ടുള്ളൂ. രാഷ്ട്രീയത്തില്‍ അഭിനയിക്കാന്‍ നമ്മള്‍ പഠിച്ചിട്ടില്ല.

ഇലക്ഷനില്‍ ഞാന്‍ ജയിച്ചപ്പോള്‍ ആദ്യം പോയത് എന്റെ പിതാവിന്റെ കല്ലറയുടെ അടുത്തേക്കാണ്. അവിടെ നിന്നും പ്രാര്‍ത്ഥിച്ച് കൊടിയുമായാണ് ഞങ്ങള്‍ പുറത്തേക്ക് വന്നത്. കാരണം എന്റെ പിതാവ് ഒരു കമ്യൂണിസ്റ്റുകാരനാണ്. ഇതെല്ലാം കഴിഞ്ഞപ്പോഴും മമ്മൂട്ടി എന്തിനാണ് എന്നെ നിര്‍ദേശിച്ചതെന്ന് ഞാന്‍ ആലോചിച്ചു.

പിന്നെ ഞാന്‍ വിചാരിച്ചു എനിക്ക് സിനിമ ഇല്ലാതിരിക്കാനായിരിക്കുമെന്ന്. അതിന് ശേഷമുള്ള അഞ്ചുവര്‍ഷം എനിക്ക് പടവും ഇല്ല, പപ്പടവും ഇല്ല. പടമില്ലാതെ ഞാനിവിടെ തെണ്ടി നടക്കാനാണോ താന്‍ എന്നെ നിര്‍ദേശിച്ചതെന്ന് മമ്മൂട്ടിയെ വിളിച്ചു ചോദിച്ചു.

പക്ഷെ മമ്മൂട്ടി തിരിച്ച് പറഞ്ഞ മറുപടി ഇവിടെ പറയാന്‍ കഴിയില്ല. മമ്മൂട്ടി ഇത്രയും മോശമായ വാക്കുകള്‍ പറയുമോയെന്ന് ചിലര്‍ക്ക് തോന്നും. പക്ഷെ അയാള്‍ പറയും,” ഇന്നസെന്റ് പറഞ്ഞു.

cpntent highlight: actor innocent about mammootty