| Friday, 30th December 2022, 4:59 pm

പതിനേഴാമത്തെ വയസിലാണ് അച്ഛന്‍ മരിക്കുന്നത്, പിന്നീട് ഞാന്‍ ഇങ്ങനെയായി തീര്‍ന്നതിന്റെ കാരണക്കാര്‍ ഇവരാണ്: ഇന്ദ്രജിത്ത് സുകുമാരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തില്‍ ഇന്ന് കാണുന്ന വിജയങ്ങളൊക്കെ നേടാന്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചത് സ്ത്രീകളാണെന്ന് നടന്‍ ഇന്ദ്രജിത്ത് സുകുമാരന്‍. അച്ഛന്റെ മരണശേഷം എല്ലാത്തിനുമൊപ്പം നിന്നത് അമ്മയാണെന്നും, ജീവിതത്തിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അമ്മ പഠിപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

പിന്നീട് തന്റെ ജീവിത്തിലേക്ക് കടന്നുവന്ന പൂര്‍ണിമ നല്ലൊരു പങ്കാളിയാണെന്നും പരസ്പരം മനസിലാക്കി മുമ്പോട്ട് പോകാന്‍ കഴിയുന്നുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ഈ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം ഇവരാണെന്നും തന്റെ മക്കള്‍ക്കും അതില്‍ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിലിമിഹുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഇന്ന് ഞാന്‍ എന്തൊക്കെ ആയിട്ടുണ്ടോ അതിന്റെ എല്ലാം കാരണം എന്റെ ജീവിതത്തിലുള്ള സ്ത്രീകള്‍ തന്നെയാണ്. അങ്ങനെ ഞാന്‍ പറയുന്നതിന്റെ പ്രധാന കാരണം അമ്മയാണ്. ഞാന്‍ പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. ആ സമയം മുതല്‍ അമ്മയാണ് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നത്. എല്ലാകാര്യത്തിലും അമ്മ ഞങ്ങളുടെ കൂടെ തന്നെയുണ്ടായിരുന്നു.

എന്റെ പതിനേഴാമത്തെ വയസ് മുതല്‍ അമ്മയായിരുന്നുവെല്ലാം. ഇപ്പോള്‍ എനിക്ക് നാല്‍പ്പത്തിയൊന്ന് വയസായി. ഈ പ്രായം വരെയും എന്റെ എല്ലാ കാര്യത്തിലും അമ്മ കൂടെയുണ്ടായിരുന്നു. ഞാന്‍ കണ്ടതില്‍ വെച്ച് ശക്തയായ സ്ത്രീയാണ് അമ്മ. അതുപോലെ തന്നെ സ്വന്തം കാലില്‍ നില്‍ക്കാനും അമ്മക്കറിയാം.

ഒരുപാട് കാര്യങ്ങള്‍ അമ്മ ഞങ്ങളെ പഠിപ്പിച്ച് തന്നിട്ടുണ്ട്. പറഞ്ഞും പറയാതെയും പല കാര്യങ്ങളും ഞങ്ങളെ പഠിപ്പിക്കാനും അമ്മക്ക് കഴിഞ്ഞു. അതുകൊണ്ട് എന്നെ ഞാനാക്കി മാറ്റാന്‍ സഹായിച്ച ഒരു സ്ത്രി എന്റെ അമ്മയാണ്. എന്റെ ജീവിതത്തിന്റെ ആദ്യത്തെ ഫേസാണത്. പിന്നീടാണ് ജീവിതത്തിലേക്ക് പൂര്‍ണിമ കടന്നുവരുന്നത്.

പൂര്‍ണിമയുടെ കൂടെ ഒരു വലിയ ജേര്‍ണി തന്നെ കടന്നുപോയി. ഈ കാലങ്ങളില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അതിന്റെ ഒരു കാരണം ഉറപ്പായും പൂര്‍ണിമ തന്നെയാണ്. എന്റെ ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന വ്യക്തി പൂര്‍ണിമയാണ്. ഭാര്യയും ഭര്‍ത്താവുമെന്ന നിലയില്‍ ഒരു പ്രശ്‌നങ്ങളുമില്ലാതെ കടന്നുപോയി എന്നല്ല ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം.

എല്ലാ കുടുംബങ്ങളിലും ഉണ്ടാകുന്നത് പോലെയുള്ള ചെറിയ വഴക്കും കാര്യങ്ങളുമൊക്കെ ഞങ്ങളുടെ ഇടയിലും ഉണ്ടാകാറുണ്ട്. പക്ഷെ അതൊക്കെ തിരിച്ചറിഞ്ഞ് പരസ്പരം മനസിലാക്കിയാണ് ഞങ്ങള്‍ മുമ്പോട്ട് പോകുന്നത്. അത് തന്നെയാണ് ഒരു ബന്ധത്തിന്റെ വിജയം എന്നുപറയുന്നത്. ദൈവം സഹായിച്ച് അങ്ങനെ ജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

പിന്നെ പറയാനുള്ളത് എന്റെ കുട്ടികളെ കുറിച്ചാണ്. എനിക്ക് രണ്ടും പെണ്‍കുട്ടികള്‍ തന്നെയാണ്. പലപ്പോഴും ഞാന്‍ പറഞ്ഞിട്ടുണ്ട്, അവര്‍ രണ്ടുപേരും ആശയവിനിമയം നടത്താന്‍ മിടുക്കരാണെന്ന്. അങ്ങനെ നോക്കുകയാണെങ്കില്‍ എന്റെ ജീവിതം ഇങ്ങനെയൊക്കെ ആകാന്‍ പ്രധാന കാരണം സ്ത്രീകള്‍ തന്നെയാണ്,’ഇന്ദ്രജിത്ത് പറഞ്ഞു.

content highlight: actor injdrajith sukumaran talks about his mother and partner

We use cookies to give you the best possible experience. Learn more